Sorry, you need to enable JavaScript to visit this website.

സംസ്ഥാനത്ത് 382 വിദ്യാലയങ്ങള്‍ക്ക് സമീപം മയക്കുമരുന്ന് ഇടപാടുകള്‍ നടക്കുന്നതായി കണ്ടെത്തിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം - സംസ്ഥാനത്ത് വിവിധ ജില്ലകളിലെ 382 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം മയക്കുമരുന്ന് ഇടപാടുകള്‍ നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ അക്കാദമിക വര്‍ഷത്തില്‍  325 കേസുകള്‍ വിവിധ സ്‌കൂളുകളില്‍ അധ്യാപകരുടെ ശ്രദ്ധയില്‍പ്പെട്ടെങ്കിലും 183 കേസുകള്‍ മാത്രമാണ് സ്‌കൂള്‍ അധികൃതര്‍ എന്‍ഫോഴ്സ്മെന്റ് അധികൃതരെ അറിയിച്ചത്. ഈ പ്രവണത പ്രോത്സാഹിപ്പിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കിടയിലെ മയക്കു മരുന്ന് ഉപയോഗം തടയുന്നതിന് സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളിലെ മയക്കുമരുന്ന് ഉപഭോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധമായും പോലീസിനെയോ എക്‌സൈസിനെയോ വിവരം അറിയിക്കണമെന്ന് മുഖ്യമന്ത്രി  നിര്‍ദേശിച്ചു. ക്ലാസിലും വീട്ടിലും സ്വഭാവത്തിലോ പെരുമാറ്റത്തിലോ വ്യതിയാനം പ്രകടിപ്പിക്കുന്ന വിദ്യാര്‍ഥികളെ കണ്ടെത്തിയാല്‍ രക്ഷിച്ചെടുക്കാനുള്ള ശ്രമം നടത്തേണ്ടതുണ്ട്. ഇതിനായി എക്‌സൈസ്, പൊലീസ് അധികൃതരെ രഹസ്യമായി വിവരം അറിയിച്ച് മെഡിക്കല്‍ കൗണ്‍സിലര്‍മാരുടെ സേവനം ഉറപ്പാക്കാന്‍ അധ്യാപകര്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്‌കൂള്‍ പരിസരങ്ങളില്‍ പോലീസ്, എക്‌സൈസ് വകുപ്പുകളുടെ നിരന്തര നിരീക്ഷണം ഏര്‍പ്പെടുത്തും. സ്‌കൂളുകളില്‍ പ്രദേശിക തലങ്ങളിലുള്ള ജാഗ്രത സമിതികളുടെ നിരീക്ഷണവും ശക്തിപ്പെടുത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

 

Latest News