റിയാദ് - സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുന്നതിന് നവീന പോംവഴികൾ ആവശ്യമാണെന്ന് ശൂറാ കൗൺസിലിലെ ഭരണ, മാനവശേഷി കമ്മിറ്റി പറഞ്ഞു. ജോബ് ക്രിയേഷൻ അതോറിറ്റി റദ്ദാക്കൽ പോലുള്ള പരിഷ്‌കരണങ്ങൾ നടപ്പാക്കിയിട്ടും തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞിട്ടില്ല. ഈ പശ്ചാത്തലത്തിൽ തൊഴിലില്ലായ്മ നിരക്ക് കുറക്കുന്നതിനും സ്വദേശിവൽക്കരണം ശക്തമാക്കുന്നതിനും പാരമ്പര്യേതരവും നവീനവുമായ പദ്ധതികളും പ്രോഗ്രാമുകളും മാനവ ശേഷി വികസന നിധി നടപ്പാക്കണം. ജോബ് ക്രിയേഷൻ അതോറിറ്റി റദ്ദാക്കിയത് തൊഴിലില്ലായ്മ നിരക്ക് കുറക്കുന്നതിൽ ഒരു സ്വാധീനവും ചെലുത്തിയിട്ടില്ല.
വ്യവസായ മേഖലയുമായി ബന്ധപ്പെട്ട വകുപ്പുകളുമായി മാനവ ശേഷി വികസന നിധി പങ്കാളിത്തങ്ങൾ സ്ഥാപിക്കണമെന്ന് ഭരണ, മാനവശേഷി കമ്മിറ്റി ശൂറാ കൗൺസിലിന് സമർപ്പിച്ച റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. വ്യവസായ മേഖലയിലും ഇക്കണോമിക് സിറ്റികളിലും വ്യവസായ നഗരങ്ങളിലും സൗദിവൽക്കരണം നടപ്പാക്കുന്നതിന് സഹായകമായ പരിശീലന പദ്ധതികൾക്ക് രൂപം നൽകുന്നതിന് ജുബൈൽ ഇൻഡസ്ട്രിയൽ കോളേജ്, ജുബൈൽ ടെക്‌നിക്കൽ ഇൻസ്റ്റിറ്റിയൂട്ട്, യാമ്പു ഇൻഡസ്ട്രിയൽ കോളേജ്, സാബിക് അക്കാഡമി അടക്കമുള്ള വ്യവസായ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി മാനവ ശേഷി വികസന നിധി പുതിയ പങ്കാളിത്തങ്ങൾ സ്ഥാപിക്കണം. ഇതോടൊപ്പം ഓരോ പ്രവിശ്യക്കും അനുയോജ്യമായ വ്യവസായ മേഖലകൾ കണ്ടെത്തി സാമ്പത്തിക വളർച്ചയും വ്യവസായ നിക്ഷേപങ്ങളും ഉറപ്പു വരുത്തുന്ന നിലക്ക് സൗദിവൽക്കരണം നടപ്പാക്കുന്നതിന് പ്രത്യേക പ്രോത്സാഹനങ്ങൾ നൽകണം.
മുൻ വർഷങ്ങളിൽ ടെക്‌നിക്കൽ കോളേജുകളിൽ നിന്നും വൊക്കേഷനൽ ഇൻസ്റ്റിറ്റിയൂട്ടുകളിൽ നിന്നും നിരവധി സൗദി യുവാക്കൾ പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയെങ്കിലും ഓപ്പറേഷൻസ്, മെയിന്റനൻസ് മേഖലയിലെ ജോലികൾ സ്വീകരിക്കുന്നതിന് സൗദികൾ ഇപ്പോഴും മടിക്കുകയാണ്. ഈ മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിന് നേരിടുന്ന പ്രതിബന്ധങ്ങളെ കുറിച്ച് മാനവ ശേഷി വികസന നിധി വിശദമായി പഠിച്ച്, വിജയകരമായി സൗദിവൽക്കരണം നടപ്പാക്കുന്നതിന് സഹായകമായ പോംവഴികൾ കണ്ടെത്തണം. വിദേശികളെ പടിപടിയായി ഒഴിവാക്കി ആയിരക്കണക്കിന് സൗദികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന് ഓപ്പറേഷൻസ്, മെയിന്റനൻസ് മേഖലയിൽ പടിപടിയായി സൗദിവൽക്കരണം നടപ്പാക്കണമെന്നും ശൂറാ കൗൺസിലിലെ ഭരണ, മാനവശേഷി കമ്മിറ്റി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മാനവ ശേഷി വികസന നിധിയോട് ആവശ്യപ്പെട്ടു.
ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.9 ശതമാനമായി ഉയർന്നിട്ടുണ്ട്. വനിതകൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 30.9 ശതമാനമായി കുറയുകയും പുരുഷന്മാർക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 7.6 ശതമാനമായി ഉയരുകയും ചെയ്തു. കഴിഞ്ഞ വർഷം അവസാന പാദത്തിൽ വനിതകൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 31 ശതമാനവും പുരുഷന്മാർക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 7.5 ശതമാനവുമായിരുന്നു. കഴിഞ്ഞ വർഷം അവസാന പാദത്തിലും മൂന്നാം പാദത്തിലും രണ്ടാം പാദത്തിലും തൊഴിലില്ലായ്മ നിരക്ക് 12.8 ശതമാനമായിരുന്നു. പെട്രോളിതര മേഖലയുടെ വളർച്ചയും സ്വദേശികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സാമ്പത്തിക പരിഷ്‌കരണ പദ്ധതികളുമായി സർക്കാർ മുന്നോട്ടു പോവുകയാണ്. എന്നാൽ ബജറ്റിലെ കമ്മി കുറക്കുന്നതിന് ലക്ഷ്യമിട്ട് നികുതികൾ ഉയർത്തിയതും ചെലവു ചുരുക്കൽ നടപടികൾ സ്വീകരിച്ചതും സ്വകാര്യ മേഖലയിലെ നിരവധി തൊഴിലുടമകളെ പ്രതികൂലമായി ബാധിക്കുകയാണ്.
ഈ വർഷം ആദ്യ പാദത്തിലെ കണക്കുകൾ പ്രകാരം സൗദിയിൽ ആകെ 1,33,33,513 പേർ തൊഴിലെടുക്കുന്നുണ്ട്. കഴിഞ്ഞ വർഷം അവസാന പാദത്തിൽ ആകെ തൊഴിലാളികൾ 1,35,81,141 ആയിരുന്നു. ഈ കൊല്ലം ആദ്യ പാദത്തിൽ തൊഴിൽ രഹിതരുടെ എണ്ണത്തിൽ 5715 പേരുടെ വർധനവുണ്ടായി. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 7,78,900 ഓളം സ്വദേശികൾ തൊഴിൽ രഹിതരാണ്. കഴിഞ്ഞ വർഷം അവസാന പാദത്തിൽ തൊഴിൽ രഹിതർ 7,73,200 ഓളം ആയിരുന്നു. എന്നാൽ ഉദ്യോഗാർഥികളുടെ എണ്ണത്തിൽ 14,399 പേരുടെ കുറവുണ്ടായി. ഈ വർഷം അവസാന പാദത്തിലെ കണക്കുകൾ പ്രകാരം 10,70,000 ഓളം ഉദ്യോഗാർഥികളാണുള്ളത്. കഴിഞ്ഞ വർഷം അവസാന പാദത്തിൽ ഉദ്യോഗാർഥികൾ 10,90,000 ഓളം ആയിരുന്നു. പതിനഞ്ചു മാസത്തിനിടെ ഏഴു ലക്ഷത്തിലേറെ വിദേശികൾക്ക് സൗദിയിൽ തൊഴിൽ നഷ്ടപ്പെട്ടതായും ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷാദ്യം മുതൽ ഈ കൊല്ലം ആദ്യ പാദത്തിന്റെ അവസാനം വരെയുള്ള കാലത്ത് തൊഴിൽ വിപണിയിലെ വിദേശികളുടെ എണ്ണത്തിൽ 7,00,200 ഓളം പേരുടെ കുറവുണ്ടായി. ഇക്കാലയളവിൽ സൗദി ജീവനക്കാരുടെ എണ്ണത്തിൽ 89,000 പേരുടെ വർധനവുണ്ടായി.
ഈ വർഷം ആദ്യ പാദാവസാനത്തെ കണക്കുകൾ പ്രകാരം സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന സൗദികൾ 31,50,409 ആണ്. 2016 അവസാന പാദത്തിൽ സൗദി ജീവനക്കാർ 3.06 ദശലക്ഷം ആയിരുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം വിദേശ തൊഴിലാളികളുടെ എണ്ണം 1,01,83,104 ആണ്. 2017 അവസാനത്തിൽ വിദേശ തൊഴിലാളികൾ 1,04,17,295 ആയിരുന്നു. 2016 അവസാനം വിദേശികൾ 10.88 ദശലക്ഷം ആയിരുന്നു.
ഈ വർഷം ആദ്യ പാദത്തിൽ സൗദി ജീവനക്കാരുടെ എണ്ണത്തിൽ 13,400 പേരുടെ കുറവുണ്ടായി. മാർച്ച് 31 ലെ കണക്കുകൾ പ്രകാരം സൗദി തൊഴിലാളികൾ 3.15 ദശലക്ഷം ആണ്. കഴിഞ്ഞ വർഷം അവസാന പാദത്തിൽ സൗദി ജീവനക്കാർ 3.16 ദശലക്ഷം ആയിരുന്നു. ഈ വർഷം ആദ്യ പാദത്തിൽ വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ 2,34,191 പേരുടെ കുറവുണ്ടായി. ഈ വർഷം ആദ്യ പാദാവസാനത്തെ കണക്കുകൾ പ്രകാരം സൗദിയിൽ 10.18 ദശലക്ഷം വിദേശ തൊഴിലാളികളാണുള്ളത്. കഴിഞ്ഞ വർഷം അവസാന പാദത്തിൽ വിദേശ തൊഴിലാളികൾ 10.42 ദശലക്ഷം ആയിരുന്നു.