Sorry, you need to enable JavaScript to visit this website.

വിട ചൊല്ലി തലസ്ഥാനം, ഉമ്മന്‍ചാണ്ടിയുടെ  വിലാപയാത്ര പുതുപ്പള്ളിയിലേക്ക് പുറപ്പെട്ടു

തിരുവനന്തപുരം-ഉമ്മന്‍ചാണ്ടിക്ക് വിട ചൊല്ലി തലസ്ഥാനം. മൃതദേഹം വിലാപയാത്രയായി പുതുപ്പള്ളിയിലേക്ക് പുറപ്പെട്ടു. വികാര നിര്‍ഭരമായ രംഗങ്ങളാണ് പുതുപ്പള്ളി ഹൗസില്‍ കണ്ടത്. ഏഴുമണിയോടെയാണ് മൃതദേഹം പുതുപ്പള്ളിയിലേക്ക് കൊണ്ടുപോയത്. മക്കളുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളും പുതുപ്പള്ളിയിലേക്ക് തിരിച്ചു. വാഹനം എംസി റോഡ് വഴിയാണ് കടന്നുപോവുന്നത്. ഈ റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജഗതിയിലെ വീട്ടില്‍ നിന്നും വാഹനം കോട്ടയത്തേക്ക് തിരിച്ചു. മുതിര്‍ന്ന നേതാക്കളുള്‍പ്പെടെ മുദ്രാവാക്യം വിളികളോടെയാണ് ഉമ്മന്‍ചാണ്ടിക്കൊപ്പം പുതുപ്പള്ളിയിലേക്ക് തിരിച്ചത്. പ്രത്യേകം സജ്ജീകരിച്ച ബസ്സില്‍ രമേശ് ചെന്നിത്തല ,ഷാഫി പറമ്പില്‍ എംഎല്‍എ, അന്‍വര്‍ സാദത്ത് തുടങ്ങിയ നേതാക്കളും അനുഗമിക്കുന്നുണ്ട്. പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികളും വൈകാരിക നിമിഷങ്ങളും ജഗതിയിലെ വീട്ടില്‍ തളംകെട്ടി നിന്നു. നിരവധി പേരാണ് ഇവിടെയും കാണാനെത്തിയത്. വൈകിട്ട് കോട്ടയം തിരുനക്കരയിലാണ് പൊതുദര്‍ശനം. സംസ്‌കാരം നാളെ പുതുപ്പള്ളി സെന്റ് ജോര്‍ജ് വലിയ പള്ളിയില്‍ നടക്കും.
ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്രയുമായി ബന്ധപ്പെട്ട് കോട്ടയത്ത് ഇന്ന് സ്‌കൂളുകള്‍ക്ക് ജില്ലാ കളക്ടര്‍ നിയന്ത്രിത അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയില്‍ ബുധനാഴ്ച പോാലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി ജില്ലയിലെ സ്‌കൂളുകള്‍ക്ക് ബുധനാഴ്ച ഉച്ചകഴിഞ്ഞ് അവധിയായിരിക്കുമെന്നാണ് കളക്ടര്‍ അറിയിച്ചത്. മുന്‍ മുഖ്യമന്ത്രിയും നിയമസഭാംഗവുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുള്ള വിലാപയാത്ര, പൊതുദര്‍ശനം എന്നിവയുമായി ബന്ധപ്പെട്ടാണ് പോലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും കലക്ടര്‍ വിവരിച്ചു.

Latest News