Sorry, you need to enable JavaScript to visit this website.

കെ.എം.സി.സിയും ഐ.എം.സി.സിയും അനുശോചിച്ചു

ജനസേവനം തപസ്യയാക്കിയ ഭരണാധികാരി -ജിദ്ദ കെ.എം.സി.സി

ജിദ്ദ- ജനസേവനം തപസ്യയാക്കിയ ഉമ്മൻ ചാണ്ടി പ്രവാസി സമൂഹത്തിന്റെ പ്രയാസങ്ങൾ നേരിട്ട് മനസ്സിലാക്കിയ ഭരണാധികാരിയായിരുന്നു എന്ന് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ പേർ തൊഴിൽ തേടി വിദേശത്ത് പോയത് കേരളീയരാണ്. സംസ്ഥാനത്തിന്റെ ഭരണ നിർവഹണത്തിന്റെ ചുക്കാൻ പിടിക്കുന്നവർക്കാണ് ഈ ബോധ്യം  ഉണ്ടാവേണ്ടത്. 
ഈ വിഷയത്തിൽ ജാഗ്രത കാണിച്ച ഭരണാധികാരിയായിരുന്നു അന്തരിച്ച ഉമ്മൻ ചാണ്ടി സാറെന്ന് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് പാളയാട്ടും ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്രയും അനുശോചന സന്ദേശത്തിൽ പറഞ്ഞു. തന്റെ കൈവശം അധികാരമില്ലാത്ത കാലത്ത് പോലും പ്രവാസികൾ ബന്ധപ്പെടുമ്പോൾ അവരുടെ നീറുന്ന പ്രശ്‌നങ്ങൾക്ക് വ്യക്തി ബന്ധങ്ങൾ ഉപയോഗപ്പെടുത്തി ഉമ്മൻ ചാണ്ടി പരിഹാരം തേടിയതിന് നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാനുണ്ട്. 
കെ.എം.സി.സിയുമായി ഇത്രയേറെ ആത്മബന്ധം സ്ഥാപിച്ച മറ്റൊരു മുഖ്യമന്ത്രിയില്ല. പ്രവാസി പ്രശ്‌നങ്ങളിൽ കെ.എം.സി.സിയുടെ വാക്കുകൾക്കാണ് എന്നും അദ്ദേഹം പ്രഥമ പരിഗണന നൽകി പോന്നത്. ആധുനിക കേരളത്തിന്റെ നിർമിതിയിൽ കരുണാകരന് ശേഷം ഏറ്റവും വലിയ സംഭാവന ചെയ്ത ഭരണാധികാരിയായി ചരിത്രം രേഖപ്പെടുത്തുക ഉമ്മൻ ചാണ്ടിയുടെ പേരായിരിക്കുമെന്ന് കെ.എം.സി.സി അനുശോചന കുറിപ്പിൽ ചൂണ്ടിക്കാണിച്ചു.

 

ജനഹൃദയം കീഴടക്കിയ നേതാവ് -സൗദി ഐ.എം.സി.സി

ജിദ്ദ- ജനഹൃദയം കീഴടക്കിയ നേതാവായിരുന്നു അന്തരിച്ച ഉമ്മൻചാണ്ടി എന്ന് സൗദി ഐ.എം.സി.സി അനുശോചിച്ചു. ആരുടേയും ആശീർവാദമോ സഹായമോ കൂടാതെ ബൂത്ത് തലത്തിൽ നിന്ന് പൊതുപ്രവർത്തനം തുടങ്ങി കേരളത്തിന്റെ മുഖ്യമന്ത്രി വരെയായ വിടപറഞ്ഞ ഉമ്മൻ ചാണ്ടി കേരളത്തിലെ ജനങ്ങളുടെ ഹൃദയത്തിൽ സ്ഥാനം ലഭിച്ച അപൂർവം നേതാക്കളിൽ ഒരാളായിരുന്നു. 
ഭരണ ചുമതല അർപ്പിതമായപ്പോഴെല്ലാം സാധാരണക്കാരെ കേൾക്കാനും അവരുടെ പ്രശ്‌ന പരിഹാരത്തിൽ പ്രത്യക ശ്രദ്ധ പതിപ്പിക്കുകയും ചെയ്ത വേറിട്ട ഒരു ഭരണാധികാരി ആയിരുന്നു. 
തനിക്കെതിരെ ഉയർന്ന ആരോപണങ്ങളോടും അതുയർത്തിയവരോടും അദ്ദേഹത്തിന്റെ സൗമ്യമായ നിലപാട് വളരെ ശ്രദ്ധേയമായിരുന്നു.
വർഗീയ ശക്തികൾക്കെതിരെ മതേതര കക്ഷികൾ ഒരുമിക്കാനുള്ള ഈ ഘട്ടത്തിൽ ഉമ്മൻ ചാണ്ടിയെ പോലുള്ള കറകളഞ്ഞ മതേതര മൂല്യം ഉയർത്തിപ്പിടിക്കുന്ന നേതാവിന്റെ വേർപാട് തീരാ നഷ്ടമാണ്. ഈ വേർപാടിലൂടെ കോൺഗ്രസ് പ്രസ്ഥാനത്തിനും കുടുംബങ്ങൾക്കുമുണ്ടായ ദുഃഖത്തിൽ സൗദി ഐ.എം.സി.സി അനുശോചനം രേഖപ്പെടുത്തുന്നു.


ഐ.എം.സി.സി ജിദ്ദ കമ്മിറ്റി 

ജിദ്ദ- മുൻ ചീഫ് മിനിസ്റ്റർ ഉമ്മൻചാണ്ടിയുടെ വേർപാടിൽ  ഐ.എം.സി.സി ജിദ്ദ കമ്മിറ്റി അനുശോചിച്ചു. നാടിന്റെ വികസനത്തിന് വേണ്ടി ആത്മാർഥമായി പ്രവർത്തിച്ചും  ജനങ്ങളിൽ ഒരുവനായി, അവരിലേക്ക് ഇറങ്ങിച്ചെന്ന് പ്രശ്‌നങ്ങൾ പരിഹരിച്ചും, പ്രവാസികൾക്കു വേണ്ടിയും ശബ്ദിച്ച ജനകീയ നേതാവായിരുന്നു ഉമ്മൻ ചാണ്ടി. 
ആദരാഞ്ജലികൾ അർപ്പിക്കുന്നതോടൊപ്പം കുടുംബത്തോടപ്പം ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും ഐ.എം.സി.സി ജിദ്ദ നേതാക്കളായ ഷാജി ചേളാരി, ജലീൽ സി.എച്ച്, മജീദ് തിരൂരങ്ങാടി, മൻസൂർ വണ്ടൂർ എന്നിവർ അറിയിച്ചു.

Latest News