റിയാദ് - റിയാദിലെ അൽബീഅ കൊട്ടാരത്തിന്റെ വാസ്തുവിദ്യാ മാതൃകകളിലേക്ക് വെളിച്ചം വീശുന്ന വീഡിയോ കിംഗ് അബ്ദുൽ അസീസ് ഫൗണ്ടേഷൻ ഫോർ റിസേർച്ച് ആന്റ് ആർക്കൈവ്‌സ് പുറത്തുവിട്ടു. അൽബദീഅ രാജകൊട്ടാരം റിയാദിലെ അൽബാത്തിൻ എന്ന പ്രദേശത്ത് ഫാമുകൾക്കു നടുവിലാണ് സ്ഥിതി ചെയ്യുന്നത്. പ്രദേശത്ത് ബദീഅ എന്ന് പേരുള്ള ശുദ്ധജല കിണറുണ്ട്. ഈ പേരാണ് കൊട്ടാരത്തിന് നാമകരണം ചെയ്യാനും ഉപയോഗിച്ചിരിക്കുന്നത്.
അൽബദീഅ കൊട്ടാരം മൂന്നു ഭാഗങ്ങൾ അടങ്ങിയതാണെന്ന് ചരിത്ര ഗവേഷകൻ മുഹമ്മദ് അൽഹൂത്തി പറയുന്നു. കൊട്ടാരത്തിന്റെ ഒരു ഭാഗം ആധുനിക സൗദി അറേബ്യയുടെ സ്ഥാപകൻ അബ്ദുൽ അസീസ് രാജാവിന്റെയും അതിഥികളുടെയും ഉപയോഗത്തിനും രണ്ടാമത്തെ ഭാഗം സേവനങ്ങൾക്കും തെക്കുഭാഗം രാജാവിന്റെ കുടുംബത്തിനുമുള്ളതായിരുന്നു. ഹിജ്‌റ 1353 ൽ ആണ് ഈ കൊട്ടാരം നിർമിച്ചത്. നിർമാണം പൂർത്തിയായ ശേഷം അബ്ദുൽ അസീസ് രാജാവ് പുലർകാലത്ത് വന്ന് ദുഹ്ർ, അസർ, മഗ്‌രിബ് നമസ്‌കാരങ്ങൾ നിർവഹിച്ച് രാത്രിയോടെ റിയാദിലെ കൊട്ടാരത്തിലേക്ക് മടങ്ങുകയായിരുന്നു പതിവ്. കൊട്ടാരത്തിൽ രണ്ടു ശുദ്ധജല കിണറുകളുണ്ട്. ഇതിൽ ഒന്ന് കൊട്ടാരത്തിനകത്തും രണ്ടാമത്തെത് കൊട്ടാരത്തിന്റെ തെക്കു ഭാഗത്തുമാണ്.
നിർമാണത്തിലെ ഉറപ്പ് കൊട്ടാരത്തിന്റെ സവിശേഷതയാണ്. ഭിത്തികൾ ഉറപ്പുള്ള കല്ലുകൾ കൊണ്ട് നിർമിച്ചതാണ്. കെട്ടിടത്തോട് ചേർന്ന് തൂണുകളും വിളക്കുകളും ഘടിപ്പിച്ച ബാൽക്കണി കൊട്ടാരത്തിന്റെ സൗന്ദര്യം വർധിപ്പിക്കുകയും അക്കാലത്തെ വാസ്തുവിദ്യയുടെ വൈദഗ്ധ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു. കൊട്ടാരത്തിന്റെ ചുവരുകൾ കൊത്തുപണികളും വെള്ള പ്ലാസ്റ്ററിലുള്ള അലങ്കാരങ്ങളും കൊണ്ട് മനോഹരമാക്കിയിരിക്കുന്നു.
പ്രദേശത്തെ സ്‌കൂൾ നിലംപൊത്തിയതിനെ തുടർന്ന് ഹിജ്‌റ 1375 ൽ കൊട്ടാരം താൽക്കാലിക സ്‌കൂളാക്കി മാറ്റാൻ അൽബാത്തിൻ നിവാസികൾ അബ്ദുൽ അസീസ് രാജാവിനോട് അനുമതി തേടുകയും രാജാവ് സമ്മതം നൽകുകയും ചെയ്തു. പുതിയ സ്‌കൂൾ കെട്ടിടം നിർമിക്കുന്നതു വരെ കൊട്ടാരം താൽക്കാലിക സ്‌കൂളായി ഉപയോഗിച്ചു. കൊട്ടാരത്തിൽ പുരുഷന്മാരുടെ ഭാഗം അൽപകാലം പോലീസ് സ്റ്റേഷനായും ഉപയോഗിച്ചിരുന്നെന്ന് മുഹമ്മദ് അൽഹൂത്തി പറഞ്ഞു.
ക്യാപ്.
റിയാദിലെ അൽബദീഅ രാജകൊട്ടാരം.