Sorry, you need to enable JavaScript to visit this website.

4000 വർഷത്തെ ചരിത്രപാരമ്പര്യം തേടി ഉഖ്ദൂദ് മ്യൂസിയത്തിലേക്ക് 

പാറയിലെ ലിഖിതം. 
ആട്ടുകല്ല്. 
ഉഖ്ദൂദിലെ പുരാതന മസ്ജിദ് സ്ഥിതി ചെയ്തിരുന്ന പ്രദേശം. 
സിദ്ര മരം. 
ഉഖ്ദൂദ് പ്രദേശം. 
ലേഖകൻ ഗൈഡ് അഹമ്മദ് അൽ ഹിന്ദിക്കൊപ്പം. 

4000 വർഷത്തെ ചരിത്രപാരമ്പര്യം അവകാശപ്പെടുന്ന സൗദി അറേബ്യയുടെ തെക്ക്-കിഴക്കൻ അതിർത്തിയിലുള്ള നജ്‌റാൻ എന്ന പ്രദേശത്തിന്റെ പൗരാണിക നാമമാണ് 'അൽ ഉഖ്ദൂദ് (കിടങ്ങുകൾ). ഈ പ്രദേശത്ത് ആദ്യമായി താമസമാക്കിയ നജ്‌റാൻ ബിൻ സൈദാൻ ബിൻസാബ എന്ന വ്യക്തിയുടെ നാമത്തിൽ നിന്നാണ് നജ്‌റാൻ എന്ന സ്ഥലനാമം ലഭിച്ചതെന്ന് അനുമാനിക്കപ്പെടുന്നു.
നജ്റാൻ ടൗണിൽനിന്ന് ഏതാനും കിലോമീറ്റർ തെക്കുമാറി ഈ പുരാതന നഗരത്തിന്റെ ശേഷിപ്പുകൾ സൗദി പുരാവസ്തു മന്ത്രാലയത്തിനു കീഴിൽ പ്രത്യേകമായ പ്രാധാന്യത്തോടെ സംരക്ഷിച്ചുകൊണ്ടിരിക്കുന്നു. 235 മീറ്റർ നീളവും 220 മീറ്റർ വീതിയുമുള്ള ചുറ്റുമതിലിനാൽ വലയം ചെയ്യപ്പെട്ട നഗരകേന്ദ്രമാണ് അൽഉഖ്ദൂദിലെ പ്രധാന സ്ഥലം.
കച്ചവടാവശ്യാർത്ഥവും മറ്റും  ഉഖ്ദൂദ് വഴി കടന്നുപോയിരുന്നവർ തങ്ങളുടെ ഓർമകൾ പ്രദേശത്തെ പാറകളിൽ രേഖപ്പെടുത്തുകയും ചിത്രങ്ങൾ കോറിയിട്ടതിന്റെ അടയാളങ്ങളാണ് ഒരു പോറലും ഏൽക്കാതെ ഇന്നും ഇവിടെ നിലനിൽക്കുന്നത്. അൽമുസ്നദ് അൽജനൂബി എന്ന പേരിൽ അറിയപ്പെടുന്ന ലിപിയിൽ പാമ്പ്, കുതിര, കൈപ്പത്തി തുടങ്ങിയവയുടെ ചിത്രങ്ങളും പുരാതന ലിഖിതങ്ങളും വ്യാപകമായി കാണാം.  
അക്ഷരമാലകൾ എഴുതുന്നതിനുള്ള മനുഷ്യന്റെ ആദ്യ ശ്രമങ്ങളാണ് ഇവയെന്ന് പറയപ്പെടുന്നു. 


മുന്നൂറിലധികം വർഷം പഴക്കമുള്ള സിദറ മരങ്ങൾ പ്രസ്തുത പ്രദേശത്ത് പ്രത്യേകമായി സംരക്ഷിച്ചത് കാണാം. വിശുദ്ധ ഖുർആനിൽ നാല് തവണ പരാമർശിച്ച സിദറ മരങ്ങളുടെ വിവിധ ഭാഗങ്ങൾ മരുന്നിനും സൗന്ദര്യ വർധക വസ്തുക്കൾ ഉണ്ടാക്കാനും കത്തിക്കുന്നതിനും   ഉപയോഗിക്കാറുണ്ട്.
ഉഖ്ദൂദ് പ്രദേശത്തിലൂടെ നടക്കുന്നതിനിടയിൽ പ്രദേശത്തെ പുരാവസ്തു സംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥനായ അഹമ്മദ് അൽ ഹാദിയെ യാദൃഛികമായി വഴിയിൽ വെച്ച് കണ്ടുമുട്ടി. അദ്ദേഹത്തിന് അവിടത്തെ കല്ലുകളിൽ എഴുതിവച്ച ലിപികളെ കുറിച്ച് സാമാന്യ പരിജ്ഞാനം ഉണ്ടായിരുന്നു. ഈജിപ്തിലെ പിരമിഡുകൾ നിർമിക്കാനുപയോഗിച്ചതു പോലുള്ള വലിയ കല്ലുകൾ കൊണ്ടാണ് ഉഖ്ദൂദ് നഗരത്തിലെ കോട്ടകൾ നിർമിച്ചിട്ടുള്ളത്. 


ഉഖ്ദൂതിന്റെയും മറ്റും ചരിത്രം വിശദമായി പഠിക്കാൻ സഹായകമായ പുരാതന വസ്തുക്കളും അന്നത്തെ നിത്യോപയോഗ ഉപകരണങ്ങളും പ്രദർശിപ്പിക്കുന്ന ബൃഹത്തായ ഒരു മ്യൂസിയവും പ്രദേശത്ത് സജ്ജമാക്കിയിട്ടുണ്ട്. പക്ഷേ അത് അറ്റകുറ്റപ്പണികൾക്ക് വേണ്ടി താൽക്കാലികമായി അടച്ചിട്ടിരിക്കുകയായിരുന്നു. 
രണ്ടാം ഖലീഫ ഉമർ (റ) നിർമ്മിക്കപ്പെട്ടതാണെന്ന് സ്ഥിരീകരിച്ച പുരാതനമായ ഒരു പള്ളിയുടെ ചില ഭാഗങ്ങൾ ഹി. 1417 (1996)ൽ കണ്ടെത്തിയിട്ടുണ്ട്   പ്രസ്തുത പള്ളിക്ക് മിഹ്‌റാബ് ഉണ്ടായിരുന്നില്ലത്രെ. 
അക്കാലത്തെ ജനങ്ങൾ ധാന്യങ്ങൾ പൊടിക്കാൻ ഉപയോഗിച്ചിരുന്ന കല്ലുകളും പാറകൾ കൊണ്ട് ഉണ്ടാക്കിയ അമ്മി, ആട്ടുകല്ല് തുടങ്ങിയ ഉപകരണങ്ങളും പ്രദേശത്ത് പലയിടങ്ങളിലായി കാണാം. ഉഖ്ദൂദ് താഴ്‌വരയിലെ മൺചുമരുകൾ ഇടിഞ്ഞ ഭാഗത്ത് എല്ലുകളുടെ ചെറിയ, ചെറിയ കഷ്ണങ്ങൾ കാണാൻ സാധിച്ചു. ഇത് മൃഗങ്ങളുടെതാകാനും സാധ്യതയുണ്ടെന്ന്  ഗൈഡ് അഹമ്മദ് ഹാദി  അഭിപ്രായപ്പെട്ടു.


ഉഖ്ദൂദ് പ്രദേശത്തേക്കുള്ള പ്രവേശന കവാടത്തിൽ തന്നെ പ്രസ്തുത പ്രദേശത്തെക്കുറിച്ച് ഫോട്ടോ സഹിതമുള്ള പോസ്റ്ററുകളും ഏതാനും മിനിറ്റുകൾ ദൈർഘ്യമുള്ള നല്ലൊരു വീഡിയോ പ്രദർശനവും ഒരുക്കിയിട്ടുണ്ട്. 
യമനിൽ ജൂതമതം പ്രചരിപ്പിച്ച തുബാന്റെ പിൻഗാമിയായി അധികാരമേറ്റ പുത്രൻ ദൂനവാസ് ക്രി. 523-ൽ ദക്ഷിണ അറേബ്യയിലെ ക്രൈസ്തവ മേഖലയായിരുന്ന നജ്റാന്റെ നിയന്ത്രണം പിടിച്ചതാണ് കിടങ്ങുസംഭവത്തിന് ആധാരം. ക്രിസ്തുമതം ഉപേക്ഷിച്ച് ജനങ്ങൾ ജൂതമതം സ്വീകരിക്കണമെന്നും രാജാവ് ഉത്തരവിട്ടു. ഈ ക്രൈസ്തവരാകട്ടെ, ഒട്ടും മാർഗഭ്രംശമില്ലാതെ ഈസാ(അ) പ്രബോധനം ചെയ്ത യഥാർഥ ദീനിൽ നിലകൊണ്ടവരായിരുന്നു. കോട്ടയുടെയും അധികാരത്തിന്റെയും ഹുങ്കിൽ ദൂനവാസ് ജനങ്ങളെ ജൂതമതത്തിലേക്ക് ക്ഷണിച്ചെങ്കിലും അവർ വിസമ്മതിച്ചു. തുടർന്നാണ് കോട്ടക്കു സമീപം കിടങ്ങുകളിൽ വലിയ അഗ്‌നികുണ്ഡങ്ങൾ തീർത്ത് ആയിരങ്ങളെ ചുട്ടുകൊന്നത്. നൂറുകണക്കിനാളുകളെ വധിക്കുകയും ചെയ്തു. ഇരുപതിനായിരത്തിലേറെ പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ചരിതം.
മുഹമ്മദ് നബിയുടെ ആഗമനത്തിനു 200 വർഷം മുമ്പ് നടന്ന പ്രസ്തുത  സംഭവം വിശുദ്ധ ഖുർആനിലെ സൂറഅൽ ബുറൂജിൽ (85:48) വിവരിക്കുന്നുണ്ട്. 


ദൂനവാസിന്റെ ക്രൂരതയിൽനിന്ന് ഓടിരക്ഷപ്പെട്ട ഒരു നജ്റാൻകാരൻ നൽകിയ വിവരങ്ങളാണ് പിന്നീട് ദൂനവാസ് നിഷ്‌കാസിതനാകാൻ നിമിത്തമായത്. ക്രി.525ൽ 70,000 ഭടന്മാരുള്ള അബിസീനിയൻ (എത്യോപ്യ) സൈന്യം യമനെ ആക്രമിച്ചതോടെയാണ് ദൂനവാസിന്റെ നേതൃത്വത്തിലുള്ള ജൂതഭരണത്തിന് അന്ത്യം കുറിച്ചത്. എത്യോപ്യയിലെ അന്നത്തെ രാജാവായ നജ്ജാസി, വിശുദ്ധ ഖുർആനിലെ സൂറഅൽഫീലിലൂടെ പ്രശസ്തനായ അബ്രഹത്തിനെയാണ് നജ്‌റാനിലെ ഭരണച്ചുമതല ഏൽപ്പിച്ചത്. ഹിജ്‌റ പത്താം വർഷം അബ്‌സീനിയയിലേക്ക് ഖാലിദ് ബിൻവലീദിന്റെ നേതൃത്വത്തിൽ ഇസ്‌ലാമിനെ പരിചയപ്പെടുത്താൻ ഒരു പ്രബോധക സംഘത്തെ അയച്ചതിന്റെ ഫലമായി നിരവധി ക്രിസ്ത്യൻ പണ്ഡിതന്മാർ ഇസ്‌ലാം  സ്വീകരിക്കുകയുണ്ടായി. അതോടെ അബ്‌സീനിയയിൽ ഇസ്‌ലാമിന്റെ വളർച്ച ശക്തമായി.
കാലാവസ്ഥ, പ്രകൃതി ഭംഗി, കൃഷി തുടങ്ങിയ കാര്യങ്ങളിൽ കേരളത്തോട് കിടപിടിക്കാവുന്ന മേഖലയാണ് അസീർ പ്രദേശം. നജ്റാനുമായി അതിർത്തി പങ്കിടുന്ന യെമന്റെ അതിർത്തി ചെക്ക് പോസ്റ്റിലെത്താൻ 25 കിലോമീറ്റർ സഞ്ചരിച്ചാൽ മതി. ഉഖ്ദൂദ് മേഖലയുടെയും മ്യൂസിയത്തിന്റേയും പ്രവൃത്തി സമയം എല്ലാ ദിനങ്ങളിലും  രാവിലെ 10 മുതൽ വൈകീട്ട് 6 വരെ.  ചൊവ്വ അവധി.
വെള്ളി ഉച്ചക്ക് 1 മുതൽ വൈകീട്ട് 6 വരെ.

Latest News