Sorry, you need to enable JavaScript to visit this website.

ഏക സിവിൽകോഡും രാഷ്ട്രീയ ചലനങ്ങളും

സർക്കാരുകൾ കൊണ്ടു വരുന്ന കരിനിയമങ്ങളെ എതിർക്കാൻ മതസംഘടനകൾക്ക് രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ ആവശ്യമാണ് എന്നത് ജനാധിപത്യ സംവിധാനത്തിലെ യാഥാർഥ്യമാണ്. അതേസമയം ആർക്കൊപ്പം നിന്നാൽ കാര്യങ്ങളെ അനുകൂലമാക്കാനാകുമെന്നതും ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്. സിവിൽകോഡ് വിഷയത്തിൽ മുസ്‌ലിം വിഭാഗങ്ങൾക്ക്, ദേശീയ പാർട്ടിയായ കോൺഗ്രസിനൊപ്പം നിൽക്കുന്നതാണ് ഗുണം ചെയ്യുകയെന്നൊരു ധാരണ വലിയ തോതിലുണ്ട്. എന്നാൽ, കോൺഗ്രസിനെ വിശ്വസിക്കാനാകില്ലെന്ന പ്രചാരണം വിജയകരമായി നടത്തി കേരളത്തിൽ ന്യൂനപക്ഷങ്ങളെ ദേശീയ വിഷയങ്ങളിൽ പോലും കോൺഗ്രസിൽനിന്ന് അകറ്റിനിർത്താൻ സി.പി.എമ്മിന് കഴിഞ്ഞിട്ടുണ്ട്. കോൺഗ്രസിനൊപ്പമുള്ള മുസ്‌ലിം ലീഗിനെ ആശയക്കുഴപ്പത്തിലാക്കാനും ഈ പ്രചാരണത്തിനായി. 

 

കേരളത്തിൽ ഇടതുപക്ഷ മുന്നണി തുടർഭരണം നേടിയതിന് ശേഷം കേരളത്തിലെ,വിശേഷിച്ച് മലബാറിലെ രാഷ്ട്രീയ അടിയൊഴുക്കുകളിൽ കാര്യമായ മാറ്റങ്ങളാണുണ്ടാകുന്നത്. യു.ഡി.എഫിന്റെ വോട്ട്ബാങ്കുകൾ കൂട്ടമായോ ഭിന്നിച്ചോ ഇടതുമുന്നണിക്കൊപ്പം നിൽക്കുന്നുവെന്ന അവസ്ഥ താൽക്കാലികമായെങ്കിലും രൂപപ്പെട്ടിട്ടുണ്ട്. സംസ്ഥാന ഭരണത്തെ പാർട്ടി സംവിധാനത്തോട് ഘടിപ്പിച്ചാണ് ഇടതുപക്ഷം,പ്രത്യേകിച്ച് സി.പി.എം മുന്നോട്ടു പോകുന്നത്.ജനങ്ങളുടെ അവകാശങ്ങളായാലും അവർക്കുള്ള ആനുകൂല്യങ്ങളായാലും സർക്കാർ ഓഫീസുകളിൽനിന്ന് കാര്യങ്ങൾ യഥാസമയം നടക്കണമെങ്കിൽ പാർട്ടി സംവിധാനത്തിന്റെ ഇടപെടൽ വേണമെന്ന നില വന്നുകൊണ്ടിരിക്കുകയാണ്. അത്തരത്തിലൊരു സംവിധാനത്തിലേക്ക് കാര്യങ്ങളെ മാറ്റിക്കൊണ്ടു വരാൻ ഇടതുമുന്നണി ബോധപൂർവ്വമായ ശ്രമങ്ങൾ നടത്തുന്നുമുണ്ട്.


കോവിഡ് മഹാമാരിയുടെ കാലത്ത് ഇടതുപക്ഷ സർക്കാർ ജനങ്ങൾക്ക് നൽകിയ പിന്തുണയും കരുതലും അവരോടുള്ള അടുപ്പം ജനങ്ങൾക്കിടയിൽ വളർത്തിയിട്ടുണ്ട് എന്നത് യാഥാർഥ്യമാണ്. ആ അടുപ്പം ഇപ്പോഴും നിലനിൽക്കുന്നു. പ്രതിസന്ധിയുടെ കാലത്ത് കൂടെ നിൽക്കാൻ നിലപാടുള്ള സർക്കാരാണ് ഇതെന്ന പൊതുധാരണ സമൂഹത്തിൽ നിലനിൽക്കുന്നു. കിറ്റ് വിതരണത്തെ രാഷ്ട്രീയ തന്ത്രമായി ചിത്രീകരിക്കാൻ മറുഭാഗത്ത് ശ്രമം നടക്കുമ്പോഴും ആനുകൂല്യങ്ങൾ ലഭിച്ച വലിയൊരു ജനവിഭാഗം ആ വിമർശനത്തെ അംഗീകരിക്കുന്നില്ല. സൗജന്യങ്ങളും സമ്മാനങ്ങളും ലഭിക്കുന്നത് ജനങ്ങൾക്ക് സന്തോഷം പകരുന്ന കാര്യമാണ്. 
ഇത്തരത്തിൽ ഇടതുപക്ഷത്തെ അനുകൂലിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന കാലത്താണ് മതന്യൂനപക്ഷങ്ങളെ സാരമായി ബാധിക്കുന്നതെന്ന് കരുതുന്ന പുതിയ നിയമങ്ങൾ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാർ മുന്നോട്ടു കൊണ്ടുവരുന്നത്. രണ്ട് വർഷം മുമ്പ് നടപ്പാക്കാൻ ശ്രമിച്ച ദേശീയ പൗരത്വപട്ടികക്ക് പിന്നാലെ ഇപ്പോൾ ഏക സിവിൽ കോഡിന്റെ ചർച്ചകളുമായി ബി.ജെ.പി രംഗത്തെത്തിയിരിക്കുന്നു. സ്വാതന്ത്ര്യലബ്ധിയുടെ കാലം മുതൽ രാജ്യത്ത് ഏറെ വിവാദമായ രീതിയിൽ ചർച്ചകൾ നടന്ന വിഷയമാണ് ഏക സിവിൽകോഡ്. ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്നതും എന്നാൽ എല്ലാവിധ മത നേതാക്കളിൽനിന്നും എതിർപ്പ് ശക്തമായതോടെ പിന്തിരിഞ്ഞതുമായ വിഷയമാണിത്. ഇത്തരമൊരു വിഷയം വീണ്ടും ചർച്ചയായത് ബി.ജെ.പിയുടെ പ്രത്യേക താൽപര്യപ്രകാരമാണെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. നിയമത്തിന്റെ കരട് തയ്യാറാക്കുന്നതിന് മുമ്പുതന്നെ സമൂഹത്തിൽ ചർച്ച വരുന്നത് ഭിന്നാഭിപ്രായങ്ങളും ആശങ്കകളും വർധിപ്പിക്കുമെന്നതാണ് കണക്കുകൂട്ടൽ. മുസ്‌ലിംകൾ ഉൾപ്പടെയുള്ള പ്രധാന ന്യൂനപക്ഷങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥ വളർത്തുക,മുസ്‌ലിംകൾക്കെതിരായ നിയമമെന്ന് പ്രചരിപ്പിച്ച് ഹിന്ദു വോട്ട് ബാങ്കിനെ കൂടെ നിർത്തുകയെന്നൊക്കെയുള്ള രാഷ്ട്രീയ ലക്ഷ്യങ്ങൾ ബി.ജെ.പിക്കുണ്ടെന്ന് ഇതിനകം അഭിപ്രായങ്ങൾ ഉയർന്നു കഴിഞ്ഞിട്ടുമുണ്ട്.


മുസ്‌ലിം ഭൂരിപക്ഷമുള്ള മലബാർ മേഖലയിൽ ഏക സിവിൽകോഡ് ഉയർത്തിക്കൊണ്ടിരിക്കുന്ന ആശങ്കകൾ ചെറുതല്ല. മുസ്‌ലിം വ്യക്തിനിയമത്തിലെ പല വ്യവസ്ഥകളും ഇല്ലാതാകുമെന്നുള്ള അഭിപ്രായങ്ങൾ ഇതിനകം ഉയർന്നിട്ടുണ്ട്. മുസ്‌ലിംകൾക്കിടയിൽ തന്നെയുള്ള ചില സംഘടനകൾ ഇത്തരത്തിലുള്ള പ്രചാരണം നടത്തി ആശങ്കകൾ വർധിപ്പിക്കുന്നുണ്ട്. ഇത് ബി.ജെ.പിക്ക് പരോക്ഷമായി ഗുണം ചെയ്യുന്നു.സർക്കാരുകൾ കൊണ്ടു വരുന്ന കരിനിയമങ്ങളെ എതിർക്കാൻ മതസംഘടനകൾക്ക് രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ ആവശ്യമാണ് എന്നത് ജനാധിപത്യ സംവിധാനത്തിലെ യാഥാർഥ്യമാണ്.അതേസമയം ആർക്കൊപ്പം നിന്നാൽ കാര്യങ്ങളെ അനുകൂലമാക്കാനാകുമെന്നതും ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്, സങ്കീർണവുമാണ്.സിവിൽകോഡ് വിഷയത്തിൽ മുസ്‌ലിം വിഭാഗങ്ങൾക്ക്, ദേശീയ പാർട്ടിയായ കോൺഗ്രസിനൊപ്പം നിൽക്കുന്നതാണ് ഗുണം ചെയ്യുകയെന്നൊരു ധാരണ വലിയ തോതിലുണ്ട്.എന്നാൽ,കോൺഗ്രസിനെ വിശ്വസിക്കാനാകില്ലെന്ന പ്രചാരണം വിജയകരമായി നടത്തി കേരളത്തിൽ ന്യൂനപക്ഷങ്ങളെ ദേശീയ വിഷയങ്ങളിൽ പോലും കോൺഗ്രസിൽ നിന്ന് അകറ്റി നിർത്താൻ സി.പി.എമ്മിന് കഴിഞ്ഞിട്ടുണ്ട്. കോൺഗ്രസിനൊപ്പമുള്ള മുസ്‌ലിം ലീഗിനെ ആശയക്കുഴപ്പത്തിലാക്കാനും ഈ പ്രചാരണത്തിനായി. ന്യൂനപക്ഷ വിഷയങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ ആദ്യം തന്നെ ഇടപെട്ട് സാഹചര്യങ്ങളെ അനുകൂലമാക്കാൻ സി.പി.എമ്മിന് കഴിഞ്ഞിട്ടുമുണ്ട്.ഇത് എൻ.ആർ.സിയുടെ കാര്യത്തിലും ഇപ്പോൾ സിവിൽകോഡിന്റെ കാര്യത്തിലും കേരളം കണ്ടതാണ്. 
ഇത്തരത്തിൽ അതിസങ്കീർണമായൊരു രാഷ്ട്രീയ ഏടാകുടത്തിലൂടെയാണ്, സിവിൽകോഡിന്റെ കാര്യത്തിൽ കേരളത്തിലെ മുസ്‌ലിംകൾ കടന്നുപോയികൊണ്ടിരിക്കുന്നത്.ഈ യാഥാർഥ്യം തിരിച്ചറിഞ്ഞാണ് സമസ്ത ഇ.കെ.സുന്നി വിഭാഗം ഏറെ കുറെ സ്വതന്ത്രമായൊരു നിലപാടിലേക്ക് മാറി കൊണ്ടിരിക്കുന്നത്. സി.പി.എം നൽകുന്ന പിന്തുണയെ അംഗീകരിക്കുമ്പോഴും തത്വത്തിൽ ഏക സിവിൽകോഡ് കൊണ്ടുവരുന്നതിനെ കമ്യൂണിസ്റ്റ് ആശയക്കാർ പിന്തുണക്കുന്നുണ്ട് എന്ന തിരിച്ചറിവ് സമസ്തക്കും മറ്റ് മുസ്‌ലിംവിഭാഗങ്ങൾക്കുമുണ്ട്. കോഴിക്കോട് നടന്ന സി.പി.എം സെമിനാറുമായി ബന്ധപ്പെട്ട് സി.പി.ഐ നടത്തിയ പരാമർശം ഇക്കാര്യത്തിൽ പ്രസക്തമാണ്.രാജ്യത്ത് ഏകസിവിൽകോഡ് ആവശ്യമാണെന്നും എന്നാൽ കേന്ദ്രസർക്കാർ അത് നടപ്പാക്കുന്ന രീതിയാണ് ഏതിർക്കപ്പെടേണ്ടതെന്നുമാണ് സി.പി.എയുടെ നിലപാട്.അതായത്, മതങ്ങൾക്ക് വേറിട്ട നിയമം ആവശ്യമില്ലെന്നും രാജ്യത്ത് എല്ലാവർക്കും ബാധകമായ വ്യക്തിനിയമം വേണമെന്നുമുള്ള പഴയ കമ്യൂണിസ്റ്റ് നിലപാട് തന്നെ അവർ ആവർത്തിക്കുന്നു.സി.പി.എം ആകട്ടെ, പാർട്ടിയുടെ ഈ ആശയത്തിന് ഊന്നൽ നൽകാതെ,ന്യൂനപക്ഷങ്ങളെ കൂടെ നിർത്താനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നു.
രാഷ്ട്രീയപാർട്ടികളെ മാത്രം ആശ്രയിക്കാതെ സ്വന്തം നിലയിൽ കേന്ദ്രനിയമത്തിനെതിരെ മുന്നോട്ടു പോകുകയെന്നതാണ് സമസ്ത സ്വീകരിക്കുന്ന നിലപാട്.പ്രധാനമന്ത്രിയെ നേരിട്ട് കാണുന്നതിനും നിവേദനം നൽകുന്നതിനും അവർ തീരുമാനിച്ചിട്ടുണ്ട്.സ്വന്തം സംഘടനാ സംവിധാനം ഉപയോഗിച്ച് മുസ്‌ലിംകൾക്കിടയിലും പൊതുജനമധ്യത്തിലും ചർച്ചകളും അഭിപ്രായരൂപീകരണവും നടത്താനും അവർ ശ്രമിക്കുന്നു.സിവിൽ കോഡിനെ എതിർക്കുന്ന എല്ലാ രാഷ്ട്രീയപാർട്ടികളുമായി സഹകരിക്കുകയെന്ന നിലപാടും അവർ എടുത്തിട്ടുണ്ട്.ഏതെങ്കിലും രാഷ്ട്രീയപാർട്ടിയുടെ ഒപ്പം നിന്ന് ഈ വിഷയത്തിൽ നിലപാടെടുത്താൽ അത് സമസ്തയുടെ രാഷ്ട്രീയസമവാക്യങ്ങളെ മാറ്റി മറിച്ചേക്കാം.രാഷ്ട്രീയമായി മുസ്‌ലിം ലീഗിനൊപ്പം നിൽക്കുന്ന സംഘടനയാണത്.അതേസമയം അസ്തിത്വം ചോദ്യം ചെയ്യപ്പെടുന്ന സന്ദർഭങ്ങളിൽ ഇടതുപക്ഷത്തിന്റെ പിന്തുണ സ്വീകരിക്കാനും അവർ മടിച്ചിട്ടില്ല.എന്നാൽ, അതൊരു സ്ഥിരം രാഷ്ട്രീയസഖ്യമാക്കി മാറ്റുന്നത് സമസ്തയുടെ അടിത്തറയിളക്കുമെന്ന തിരിച്ചറിവും സംഘടനയുടെ നേതാക്കൾക്കുണ്ട്.
കേരളത്തിലെ മുസ്‌ലിം വിഭാഗങ്ങൾക്കിടയിൽ രാഷ്ട്രീയ ധ്രുവീകരണം വേഗത്തിലാക്കാൻ സി.പി.എമ്മിന് സമീപകാലങ്ങളിൽ കഴിഞ്ഞിട്ടുണ്ട്. മുസ്‌ലിംകൾക്കിടയിൽ സ്വാധീനമുള്ള രാഷ്ട്രീയ നേതാക്കളെ കൂടെ നിർത്തുക,ആൾബലം കുറഞ്ഞ മുസ്‌ലിം സംഘടനകളെ ദുർബലമാക്കുക,തെരഞ്ഞെടുപ്പിൽ മുസ്‌ലിം ഭൂരിപക്ഷമേഖലകളിൽ അവർക്ക് കൂടി അംഗീകരിക്കാൻ കഴിയുന്ന സ്ഥാനാർഥികളെ നിർത്തുക എന്നിവക്കൊപ്പം പ്രബലമായ മുസ്‌ലിം സംഘടനകളെ പാർട്ടിയോട് അടുപ്പിക്കുക തുടങ്ങിയ ബഹുമുഖ രാഷ്ട്രീയ തന്ത്രമാണ് മുസ്‌ലിംകളുടെ കാര്യത്തിൽ സി.പി.എമ്മിനുള്ളത്.ചരിത്രപരമായ കാരണങ്ങളാൽ മുസ്‌ലിം ലീഗിനോട് വിരോധമുള്ള എ.പി.വിഭാഗം സമസ്തയുടെ പിന്തുണ രഹസ്യമായെങ്കിലും ഉറപ്പിക്കാൻ ഏറെ കാലമായി ഇടതുമുന്നണിക്ക് കഴിയുന്നുണ്ട്. തെരഞ്ഞെടുപ്പുകളിൽ നിർണായക സ്വാധീനമുള്ള ഇ.കെ വിഭാഗത്തെ ഒപ്പം നിർത്തുകയെന്നതാണ് ഇപ്പോൾ സി.പി.എമ്മിന്റെ മുന്നിലുള്ള വെല്ലുവിളി.ബി.ജെ.പി ഭരിക്കുന്ന കേന്ദ്രസർക്കാർ കൊണ്ടുവരുന്ന ന്യൂനപക്ഷ വിരുദ്ധ നിയമങ്ങളെ,കേരളത്തിൽ തങ്ങൾക്ക് അനുകൂലമായ രീതിയിൽ രൂപപ്പെടുത്തി അവതരിപ്പിക്കുകയും മുസ്‌ലിം പിന്തുണ ഉറപ്പാക്കുകയും ചെയ്യുകയാണ് അവർ ഇപ്പോൾ ചെയ്യുന്നത്. സിവിൽകോഡ് ഏത് രൂപത്തിലാണ് വരാനിരിക്കുന്നതെന്ന് സി.പി.എം നേതാക്കൾക്ക് പോലും ഇപ്പോൾ അറിയില്ല.എന്നാൽ,അത് വരും മുമ്പ് അതിന്റെ പേരിൽ പരമാവധി വേഗത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ശ്രമം.അടുത്ത വർഷം നടക്കാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ,ഏക സിവിൽ കോഡിനെ ദേശീയ തലത്തിൽ ബി.ജെ.പി ഹിന്ദു വോട്ടുകൾ നേടാനുള്ള രാഷ്ട്രീയ ആയുധമാക്കുമെങ്കിൽ കേരളത്തിൽ സി.പി.എമ്മായിരിക്കും അതിന്റെ ഗുണഭോക്താക്കൾ. കോൺഗ്രസിന് കാര്യങ്ങൾ പിടികിട്ടാൻ ഇനിയും സമയമെടുക്കും.നീന്താനിറങ്ങുമ്പോൾ കുളത്തിൽ വെള്ളമുണ്ടാകില്ല. 

Latest News