തിരുവനന്തപുരം : ജനങ്ങൾക്കിടയിൽ പൊതുജീവിതം നയിച്ച രാഷ്ട്രീയ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ രാഷ്ട്രീയ കേരളത്തിനുണ്ടായ നഷ്ടം വലുതാണ്. അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
കേരളത്തിലെ ജനകീയനായ മുഖ്യന്ത്രിമാരിൽ ഒരാളായിരുന്നു ശ്രീ ഉമ്മൻ ചാണ്ടി. വിശ്രമമില്ലാതെ ജനങ്ങൾക്കിടയിൽ പൊതുജീവിതം നയിച്ച രാഷ്ട്രീയ നേതാവ്. ഏറ്റവും സാധാരണക്കാർക്ക് പോലും നേരിൽ കണ്ട് ആവശ്യങ്ങൾ ബോധിപ്പിക്കാൻ മാത്രം അടുപ്പമുള്ള ജനകീയ മുഖം അദ്ദേഹം എന്നും കാത്തു സൂക്ഷിച്ചു.
കിനാലൂർ സമരകാലത്ത് തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയിൽ നേരിൽ കാണാൻ ചെന്നപ്പോൾ വീടില്ലാത്ത ഒരു സ്ത്രീ അദ്ദേഹത്തെ കാണാൻ അവിടെയുണ്ടായിരുന്നു. അവർക്ക് വേണ്ട കാര്യങ്ങൾ ചെയ്തു കൊടുക്കാൻ രണ്ട് മൂന്ന് പേരെ ഫോണിൽ തുടർച്ചയായി ബന്ധപ്പെട്ട് നിർദേശങ്ങൾ കൊടുക്കുന്ന രംഗം ഇന്നും ഓർമയിലുണ്ട് -അദ്ദേഹം അനുസ്മരിച്ചു.
മുഖ്യമന്ത്രി ആയിരിക്കെ കേരളത്തിലെ ഭൂരാഹിത്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് വെൽഫെയർ പാർട്ടി തുടർച്ചയായ സമരങ്ങൾ നയിച്ച കാലത്താണ് ഭൂമി വിഷയവുമായി ബന്ധപ്പെട്ട് പഠനം നടത്താൻ രാജമാണിക്യം ഐ.എ.എസ്സിനെ ചുമതലപ്പെടുത്തുന്നത്. ഭൂരാഹിത്യ പ്രശ്‌നം പരിഹരിക്കാൻ സീറോ ലാൻഡ്‌ലെസ് പദ്ധതിയുമായി മുന്നോട്ട് പോയതും ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായ കാലത്താണ്.
കേരളത്തിൽ പത്ത് വർഷം കൊണ്ട് മദ്യനിരോധനം നടപ്പിലാക്കണമെന്നവശ്യപ്പെട്ട് വെൽഫെയർ പാർട്ടി മുന്നോട്ട് വെച്ച നിർദേശത്തെ പ്രായോഗികമായി പിന്തുണച്ച തീരുമാനങ്ങൾ അദ്ദേഹത്തിന്റെ കാലത്തെ സർക്കാർ കൈക്കൊണ്ടിട്ടുണ്ട്. ഘട്ടം ഘട്ടമായി ബെവ്‌കോ ഔട്‌ലെറ്റുകൾ നിറുത്തലാക്കിയതൊക്കെ അത്തരം തീരുമാനങ്ങളുടെ ഭാഗമായിരുന്നു -റസാഖ് പാലേരി ചൂണ്ടിക്കാട്ടി.
ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലികൾ നേരുകയും വിയോഗം മൂലം പ്രയാസപ്പെടുന്ന കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും വേദനയിൽ പങ്ക് ചേരുകയും ചെയ്യുന്നതായി അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.