പ്രിയപ്പെട്ട ഉമ്മൻചാണ്ടിയുടെ വേർപാട് അതീവ ദുഃഖകരമാണ്. താങ്ങാനാവാത്ത വേദനയാണ്. കഴിഞ്ഞ ദിവസം ബംഗളൂരുവിൽ വച്ച് അദ്ദേഹത്തെ കണ്ടപ്പോഴും അസുഖത്തെ അതിജീവിച്ച് അദ്ദേഹം തിരിച്ചു വരും എന്ന പ്രതീക്ഷയാണ് ഉണ്ടായിരുന്നത്. ജനങ്ങളെ സ്‌നേഹിക്കുകയും ജനങ്ങൾ സ്‌നേഹിക്കുകയും ചെയ്ത അതുല്യനായ ജനനായകനാണ് ഉമ്മൻചാണ്ടി.
അദ്ദേഹവുമായി സംവത്സരങ്ങളുടെ ഹൃദയബന്ധമാണ് എനിക്കുള്ളത്. 1964 ഓഗസ്റ്റ് രണ്ടിന് എറണാകുളത്ത് ചേർന്ന കെ.എസ്.യു സംസ്ഥാന കമ്മിറ്റിയിലാണ് ആദ്യമായി അദ്ദേഹത്തെ കാണുന്നത്. അന്നാണ് വയലാർ രവി കെ.എസ്.യു പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ് എ.കെ.ആന്റണി പ്രസിഡന്റാകുന്നത്. ഉമ്മൻചാണ്ടിയായിരുന്നു ജനറൽ സെക്രട്ടറി. ഉമ്മൻചാണ്ടിയുമായി അന്നു മുതലുള്ള ആ സ്‌നേഹബന്ധം എന്നെന്നും തുടർന്നു. തൃശ്ശൂർ ജില്ലയിലും കേരളത്തിൽ ഉടനീളവും കെ.എസ്.യു പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹത്തോടൊപ്പം നടത്തിയ പ്രവർത്തനങ്ങൾ ഹൃദ്യമായ അനുഭവമായി ഇന്നും മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. അന്നും കഠിനാധ്വാനിയായിരുന്നു ഉമ്മൻചാണ്ടി. ഏറ്റെടുക്കുന്ന പരിപാടികൾ വൻ വിജയമാക്കുന്നതിന് അർപ്പണബോധത്തോടെ അദ്ദേഹം പ്രവർത്തിച്ചു.
വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്ക് പുതിയ മുഖം നൽകുന്നതിന് അദ്ദേഹം നൽകിയ സംഭാവന വളരെ വിലപ്പെട്ടതാണ്. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനു വേണ്ടിയുള്ള സമരങ്ങൾക്ക് നേതൃത്വം കൊടുത്തപ്പോഴും ക്രിയാത്മകമായ പാതയിലൂടെ വിദ്യാർഥികളെ നയിച്ചു. അന്നത്തെ കൃഷിവകുപ്പ് മന്ത്രി എം.എൻ ഗോവിന്ദൻ നായരുടെ പിന്തുണയോടെ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ കെ.എസ്.യു ആവിഷ്‌കരിച്ച 'ഓണത്തിന് ഒരു പറ നെല്ല്' എന്ന കർമ്മപദ്ധതി ഇന്നും എല്ലാവരാലും പ്രകീർത്തിക്കപ്പെടുന്നു.
സംസ്ഥാന യൂത്ത് കോൺഗ്രസ് പ്രസിഡന്റായപ്പോഴും തന്റെ സംഘടനാപരമായ മികവ് അദ്ദേഹം പ്രകടിപ്പിച്ചു. 1970 എ.കെ.ആന്റണി, എ.സി.ഷണ്മുഖദാസ്, കൊട്ടറ ഗോപാലകൃഷ്ണൻ, എൻ.രാമകൃഷ്ണൻ, കെ.രാജൻ മാസ്റ്റർ, കെ.രാഘവൻ മാസ്റ്റർ എന്നിവരോടൊപ്പം ഉമ്മൻചാണ്ടി നിയമസഭയിലെത്തി. അന്നേ വരെ നിയമസഭ സാമാജികരെക്കുറിച്ചുള്ള ഒരു ധാരണ തിരുത്തിക്കുറിച്ചത് ഉമ്മൻചാണ്ടിയാണ്. നിയമസഭയ്ക്കകത്ത് മാത്രമല്ല നിയമസഭയ്ക്ക് പുറത്ത് ജനങ്ങളുമായി നിരന്തരം ബന്ധപ്പെടാനും അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാനും നിതാന്ത ജാഗ്രതയോടെയുള്ള അദ്ദേഹത്തിൻറെ പ്രവർത്തനം മാതൃകയായി.
എം.എൽ.എ ഹോസ്റ്റലിലെ ഉമ്മൻചാണ്ടിയുടെ 38 ആം നമ്പർ മുറിയിൽ എന്നും ജനക്കൂട്ടമായിരുന്നു. രാവും പകലും വ്യത്യാസമില്ല. അർദ്ധരാത്രിയിൽ മുറിയിലേക്ക് കടന്നുവരുന്ന ഉമ്മൻചാണ്ടി ഒരു ഷീറ്റും എടുത്ത് മുറിയുടെ മൂലയിൽ ചുരുണ്ട് കൂടുന്നത് പതിവായിരുന്നു.
മന്ത്രി ആയപ്പോഴും മുഖ്യമന്ത്രിയായപ്പോഴും സാധാരണ ജനങ്ങളുടെ ആശ്രയകേന്ദ്രമായി അദ്ദേഹം തുടർന്നും പ്രവർത്തിച്ചു. മികച്ച ഭരണാധികാരിയായിരുന്നു ഉമ്മൻചാണ്ടി. ഏതു കാര്യവും പെട്ടെന്ന് ഗ്രഹിക്കുകയും പെട്ടെന്ന് തീരുമാനമെടുക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ പ്രകൃതം വേറിട്ടതായിരുന്നു. ഏത് ആൾക്കൂട്ടത്തിനിടയിലും ഫോൺ അറ്റൻഡ് ചെയ്യാനും തന്റെ മുന്നിൽ വരുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാനും അദ്ദേഹം ശ്രമിച്ചിരുന്നു. ജനോപകാരപ്രദങ്ങളായ നിരവധി കർമ്മ പദ്ധതികളാണ് മന്ത്രി, മുഖ്യമന്ത്രി എന്നീ നിലകളിൽ അദ്ദേഹം മുന്നോട്ടു നീക്കിയത്. തികഞ്ഞ മനുഷ്യത്വമാണ് അദ്ദേഹത്തെ എന്നെന്നും മുന്നോട്ടു നയിച്ചത്. ഭരണം സാധാരണക്കാർക്ക് വേണ്ടിയാണ് എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. തികഞ്ഞ ലാളിത്യം പാലിച്ചുകൊണ്ട് വിമർശനങ്ങളെ സഹിഷ്ണുതയോടെ ഉൾക്കൊള്ളാനും വിയോജിപ്പുള്ളവരുമായി ആശയവിനിമ നടത്താനും അദ്ദേഹം തയ്യാറായി. മാധ്യമങ്ങളുമായും ജനകളുമായും സംവദിക്കുമ്പോഴും പ്രകോപനപരമായ സാഹചര്യമുണ്ടായാലും അതെല്ലാം അക്ഷോഭ്യനായി അദ്ദേഹം കൈകാര്യം ചെയ്തു.
വയലാർ രവി, എ.കെ ആന്റണി ഉമ്മൻചാണ്ടി എന്നിവരാണ് എന്റെ നേതാക്കളെന്ന് ഞാനെന്നും പറയാറുണ്ട്. അവരുമായും നയപരമായ പല വിഷയങ്ങളിലും വിയോജിപ്പുകളുമുണ്ടായിട്ടുണ്ട്. പക്ഷേ അതിനൊക്കെ അതീതമായി ഞങ്ങളെയെല്ലാം ബന്ധിപ്പിക്കുന്ന സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ശക്തമായ കണ്ണികൾ എന്നെന്നും ഉണ്ടായിരുന്നു.
53 വർഷം തുടർച്ചയായി പുതുപ്പള്ളിയിലെ നിയമസഭാ സാമാജകനായി പ്രതിനിധീകരിക്കാൻ സാധിച്ചത് പാർലമെന്ററി ചരിത്രത്തിലെ സർവകാല റെക്കോർഡാണ്. തെരഞ്ഞെടുത്ത ജനങ്ങളോടുള്ള കടമയും ഉത്തരവാദിത്വവും നിറവേറ്റുന്നതിൽ അസാധാരണമായ കഴിവാണ് അദ്ദേഹം പ്രകടിപ്പിച്ചത്. ഞായറാഴ്ച എന്നെന്നുണ്ടെങ്കിൽ കൃത്യമായി അദ്ദേഹം പുതുപ്പള്ളിയിലെത്തി ജനങ്ങളുമായി ബന്ധപ്പെടുമായിരുന്നു. പുതുപ്പള്ളിയിലെ ജനങ്ങൾ ആ സ്‌നേഹം നെഞ്ചോട് ചേർത്തു. എല്ലാ തെരഞ്ഞെടുപ്പുകളിലും ഭൂരിപക്ഷത്തോടെ അദ്ദേഹത്തെ വിജയിപ്പിച്ചു. മനുഷ്യത്വത്തിന് പ്രാധാന്യം നൽകി മാനുഷിക വികാരത്തോടെ ജനനന്മയ്ക്ക് വേണ്ടി പ്രവർത്തിക്കുകയും നാടിന്റെ പുരോഗതിക്കു വേണ്ടി അക്ഷീണമായി യത്‌നിക്കുകയും ചെയ്ത അസാധാരണനായ ഭരണാധികാരിയായിരുന്നു ഉമ്മൻചാണ്ടി.
സമാനതകൾ ഇല്ലാത്ത കേരളം കണ്ട മികച്ച ഭരണാധികാരിയും കോൺഗ്രസിനെ ശക്തിപ്പെടുത്താൻ അങ്ങേയറ്റം ആത്മാർത്ഥമായി പ്രവർത്തിക്കുകയും ജനങ്ങൾക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വെക്കുകയും ചെയ്ത കർമ്മനിരതയുടെ ഉജ്ജ്വലപ്രതീകമായിരുന്നു ഉമ്മൻചാണ്ടി.
ക്യാപ്..
ഉമ്മൻ ചാണ്ടിയും വി.എം സുധീരനും.