ജിദ്ദ - കഴിഞ്ഞ വർഷം ആദ്യ പകുതിയെ അപേക്ഷിച്ച് ഈ കൊല്ലം ആദ്യ പകുതിയിൽ സൗദിയിൽ 22 വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ എണ്ണം 15 ശതമാനം തോതിൽ വർധിച്ചു. ഇക്കാലയളവിൽ വിമാന സർവീസുകളുടെ എണ്ണം ഒമ്പതു ശതമാനം തോതിലും വർധിച്ചു. ആറു മാസക്കാലത്ത് യാത്രക്കാരുടെ എണ്ണം 74 ലക്ഷമായി ഉയർന്നതായി പ്രധാന വിമാനത്താവളങ്ങൾ ഒഴികെ, 22 വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല വഹിക്കുന്ന ക്ലസ്റ്റർ-2 കമ്പനി അറിയിച്ചു. ഇക്കാലയളവിൽ 22 വിമാനത്താവളങ്ങളിൽ 67,800 വിമാന സർവീസുകൾ നടന്നു. സൗദിയിലെ 25 വിമാനത്താവളങ്ങളുടെ സ്ഥാപനപരമായ പരിവർത്തനം പൂർത്തിയായതായും ജിദ്ദ എയർപോർട്ട്‌സ് കമ്പനിയും ക്ലസ്റ്റർ-2 കമ്പനിയും സ്ഥാപിച്ചതായും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനും മതാറാത്ത് ഹോൾഡിംഗ് കമ്പനിയും ഫെബ്രുവരിയിൽ അറിയിച്ചിരുന്നു.
ജിസാൻ കിംഗ് അബ്ദുല്ല ഇന്റർനാഷണൽ, നിയോം ബേ ഇന്റർനാഷണൽ, നജ്‌റാൻ, തായിഫ്, അൽജൗഫ്, അൽഖസീം പ്രിൻസ് നായിഫ് ഇന്റർനാഷണൽ എയർപോർട്ടുകളിൽ നിന്ന് ദുബായ്, ഇസ്താംബൂൾ, ദോഹ, കയ്‌റോ, തുർക്കിയിലെ ട്രാബ്‌സൂൺ, ജോർജിയൻ തലസ്ഥാനമായ തിബിലിസി എന്നിവിടങ്ങളിലേക്ക് ഈ വർഷം ആദ്യ പകുതിയിൽ പുതുതായി ഡയറക്ട് ഇന്റർനാഷണൽ സർവീസുകൾ ആരംഭിച്ചിരുന്നു.