Sorry, you need to enable JavaScript to visit this website.

ജനനായകന്റെ ഭൗതികശരീരം ആൾക്കൂട്ടത്തിലേക്ക്; കണ്ണീരണിഞ്ഞ് നാട്

തിരുവനന്തപുരം - അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയുടെ മൃതശരീരം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചു. ശേഷം വൻ ജനാവലിയുടെ അകമ്പടിയോടെ ആംബുലൻസിൽ മൃതദേഹം തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയായ പുതുപ്പള്ളി ഹൗസിലേയ്ക്ക് കൊണ്ടുപോയി.
 ബെംഗളൂരുവിൽ നിന്നും പ്രത്യേക വിമാനത്തിൽ രണ്ടരയോടെയാണ് മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്. 'ഇല്ലാ ഇല്ല മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ എന്നിങ്ങനെയുള്ള വൈകാരിക മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് അണികൾ ഭൗതിക ശരീരത്തെ സ്വീകരിച്ചത്. മൃതദേഹം വഹിച്ചുള്ള ആംബുലൻസ് വൻ ജനബാഹുല്യത്താൽ പതുക്കെ ഇഴഞ്ഞാണ് നീങ്ങുന്നത്. മുതിർന്ന കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ നിരവധി പേരാണ് പ്രിയ നേതാവിനെ അവസാനമായി സ്വീകരിക്കാനായി വിമാനത്താവളത്തിൽ എത്തിയത്. സർക്കാരിനെ പ്രതിനീധികരിച്ച് വിദ്യാഭ്യാസ-തൊഴിൽ മന്ത്രി വി ശിവൻകുട്ടിയാണ് എത്തിയത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ, കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, എം.എം ഹസൻ, കൊടിക്കുന്നിൽ സുരേഷ്, ടി സിദ്ദീഖ്, വി.എസ് ശിവകുമാർ തുടങ്ങി നിരവധി നേതാക്കളും ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരും വിമാനത്താവളത്തിൽ എത്തിയിരുന്നു. മൃതദേഹം വിലാപയാത്രയായി തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വീടായ 'പുതുപ്പള്ളി ഹൗസി'ലേക്കുള്ള യാത്രയിലാണ്. വഴിയുലടനീളം സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വൻ ജനക്കൂട്ടമാണ് കണ്ണീരണിഞ്ഞ് മൃതദേഹത്തിന് അന്ത്യാഭിവാദ്യം അർപ്പിക്കുന്നത്. പിന്നാലെ വൻ വാഹനവ്യൂഹവും അനുഗമിക്കുന്നുണ്ട്. ഗതാഗത തടസ്സം ഒഴിവാക്കാൻ പോലീസും പാർട്ടി പ്രവർത്തകരും കഠിനമായ പരിശ്രമത്തിലാണ്.
 പുതുപ്പള്ളി ഹൗസിലെ പൊതുദർശനത്തിന് ശേഷം ഇന്ന് വൈകിട്ട് നാല് മണിയോടെ സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലെത്തിച്ച് പൊതുദർശനത്തിന് വയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. തുടർന്ന്, അദ്ദേഹം തിരുവനന്തപുരത്തുള്ളപ്പോൾ പോയിരുന്ന സെക്രട്ടേറിയറ്റിന് സമീപത്തുള്ള സെന്റ് ജോർജ് ഓർത്തഡോക്‌സ് കത്തീഡ്രലിലും പൊതുദർശനം ഉണ്ടാകും. ആറ് മണിയോടെ കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ പൊതുദർശനത്തിന് വയ്ക്കും. രാത്രി തിരുവനന്തപുരത്തെ വസതിയിലേയ്ക്കു തന്നെ മൃതദേഹം കൊണ്ടുപോകുമെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ അറിയിച്ചു.
നാളെ (ബുധൻ) രാവിലെ ഏഴോടെ വിലാപയാത്ര കോട്ടയത്തേയ്ക്ക് പുറപ്പെടും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് പുതുപ്പള്ളി പള്ളിയിൽ സംസ്‌കാരച്ചടങ്ങുകൾ നടക്കും.

 

Latest News