അബഹ- അസീർ പ്രവിശ്യയിൽ വ്യത്യസ്ത സ്ഥലങ്ങളിലുണ്ടായ മൂന്നു വാഹനാപകടങ്ങളിൽ 19 പേർക്ക് പരിക്കേറ്റു. അൽഫർഅയിൽ ആലുസർഹാൻ റോഡിൽ കാറുകൾ കൂട്ടിയിടിച്ച് ഒമ്പതു പേർക്ക് പരിക്കേറ്റു. റെഡ് ക്രസന്റ് പ്രവർത്തകർ രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ അസീർ സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ടാമത്തെ അപകടം അൽജബാറയിലാണുണ്ടായത്. ഇവിടെ ഏഴു പേർക്ക് പരിക്കേറ്റു. ഇവരെ അഹദ് റുഫൈദ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അൽഫർഅയിലെ പ്രിൻസ് സുൽത്താൻ പാർക്കിൽ ജദ്‌ല ചുരം റോഡിലുണ്ടായ മറ്റൊരു അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. ഇവരെ അഹദ് റുഫൈദ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അസീർ പ്രവിശ്യ റെഡ് ക്രസന്റ് വക്താവ് മുഹമ്മദ് അൽശഹ്‌രി പറഞ്ഞു.