രാജാവിനും കിരീടാവകാശിക്കും ഇലക്ട്രിക് കാര്‍ സമ്മാനിച്ച് ഉര്‍ദുഗാന്‍; കാറോടിച്ച് കിരീടാവകാശി

ജിദ്ദ- തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ ഇന്നലെ സൗദി സന്ദര്‍ശനത്തിനെത്തിയപ്പോള്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനും സമ്മാനമായി കൊണ്ടുവന്നത് രണ്ട് തുര്‍ക്കി നിര്‍മിത ഇലക്ട്രിക് കാറുകള്‍. തുര്‍ക്കിയിലെ ടഗ് കമ്പനിയുടെ പാമുക്കലെ വെളള കാറുകളാണ് സമ്മാനമായി കൊണ്ടുവന്നത്. 
ജിദ്ദ അല്‍സലാം കൊട്ടാരത്തില്‍ എത്തിച്ച ശേഷം മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഉര്‍ദുഗാനും കാറുകള്‍ പരിശോധിച്ചു. ശേഷം ഒരു ടഗ് കാറില്‍  മുഹമ്മദ് ബിന്‍ സല്‍മാനും ഉര്‍ദുഗാനും അദ്ദേഹത്തിന്റെ താമസത്തിന് തയ്യാറാക്കിയ ഹോട്ടലിലേക്ക് പോയി. മുഹമ്മദ് ബിന്‍ ബിന്‍ സല്‍മാന്‍ ആയിരുന്നു കാറോടിച്ചത്.
പടിഞ്ഞാറന്‍ തുര്‍ക്കിയിലെ ഡെനിസ്‌ലിയിലെ വിനോദസഞ്ചാര മേഖലയായ പാമുക്കലെയില്‍ പരുത്തിയോട് സാമ്യമുള്ള വെളുത്ത ചുണ്ണാമ്പുകല്ലുകളുടെ നിറമാണ് ഈ രണ്ടുകാറുകള്‍ക്കുമുള്ളത്. അത് കൊണ്ടാണ് കാറിന്റെ വെള്ള നിറത്തിന് 'പാമുക്കലെ' എന്ന് പേരിട്ടിരിക്കുന്നത്.

ജിദ്ദ അല്‍സലാം കൊട്ടാരത്തില്‍ ഉര്‍ദുഗാനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഇന്നലെ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ വശങ്ങള്‍, സംയുക്ത സഹകരണത്തിനുള്ള സാധ്യതകള്‍, വിവിധ മേഖലകളില്‍ വികസനത്തിനുള്ള അവസരങ്ങള്‍ എന്നിവ അവലോകനം ചെയ്തു. കൂടാതെ പ്രാദേശികവും അന്തര്‍ദേശീയവുമായ സംഭവവികാസങ്ങളും ചര്‍ച്ചയായി.
നേരിട്ടുള്ള നിക്ഷേപം, പ്രതിരോധ വ്യവസായം, ഊര്‍ജം, പ്രതിരോധം, വാര്‍ത്താവിനിമയം തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നിരവധി ഉഭയകക്ഷി കരാറുകളില്‍ ഒപ്പുവെക്കുന്ന ചടങ്ങിന് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഉര്‍ദുഗാനും സാക്ഷ്യം വഹിച്ചു.
സൗദി അറേബ്യ, ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങളാണ് ഉര്‍ദുഗാന്‍ സന്ദര്‍ശിക്കുന്നത്.

Latest News