Sorry, you need to enable JavaScript to visit this website.

ജനങ്ങളാണ് കരുത്ത്, അവർ ഞങ്ങളെ വിശ്വസിക്കുന്നു; ഉമ്മൻ ചാണ്ടി മലയാളം ന്യൂസ് എഡിറ്റർ ഇൻ ചീഫിനോട് പറഞ്ഞത് 


മലയാളം ന്യൂസ് എഡിറ്റർ ഇൻ ചീഫ് താരീഖ് മിശ്ഖസിന് 2016-ലാണ് മുഖ്യമന്ത്രിയാരിക്കെ ഉമ്മൻ ചാണ്ടി അഭിമുഖം നൽകിയത്. അഭിമുഖം മലയാളം ന്യൂസ് പുനപ്രസിദ്ധീകരിക്കുന്നു


'ജനങ്ങളാണ് കരുത്ത്, അവർ ഞങ്ങളെ വിശ്വസിക്കുന്നു'
രാവിലെ ഒമ്പതോടെ ക്ലിഫ് ഹൗസിൽ നേരത്തെ പറഞ്ഞുറപ്പിച്ച അഭിമുഖത്തിന് എത്തിച്ചേരുമ്പോൾ പൂമുഖത്തും ഓഫീസിലും വൻതിരക്ക്. പതിവുപോലെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ജനങ്ങൾക്കിടയിലുണ്ട്. ഏതാനും നിമിഷങ്ങൾക്കകം അദ്ദേഹം തന്റെ ഔദ്യോഗിക കാറിൽ പുറത്തേക്ക് പോയി. അഭിമുഖത്തെക്കുറിച്ച് മറന്നുകാണുമോ എന്ന് സംശയിച്ചു. മുക്കാൽ മണിക്കൂറിനുശേഷം അദ്ദേഹം മടങ്ങിയെത്തിയപ്പോൾ ആ സംശയം അസ്ഥാനത്താവുകയും ചെയ്തു.
കാസർകോട്ട് കെ.പി.സി.സി അധ്യക്ഷൻ നയിക്കുന്ന ജനരക്ഷായാത്രയുടെ ഉദ്ഘാടനത്തിന് ശേഷം അവിചാരിതമായി പാലക്കാട്ടേക്ക് പോകേണ്ടി വന്നതിനാൽ പുലർച്ചെ മൂന്ന് മണിയോടെയാണ് അദ്ദേഹം തലസ്ഥാനത്തെത്തിയത്. പത്താൻകോട്ടിൽ വീരമൃത്യു വരിച്ച സൈനികൻ നിരഞ്ജൻ കുമാറിന്റെ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിക്കാനാണ് അദ്ദേഹം പാലക്കാട്ടേക്ക് പോയത്. യാത്രാക്ഷീണവും ഉറക്കമില്ലായ്മയുടെ ആലസ്യവും പ്രകടമായിരുന്നിട്ടും ചുറ്റുംകൂടിയ ആരേയും നിരാശപ്പെടുത്തിയില്ല. അടിയന്തരമായി ഒരു യോഗത്തിൽ പങ്കെടുക്കാനാണ് അൽപസമയത്തേക്ക് ക്ലിഫ് ഹൗസ് വിട്ടത്.
മുഖ്യമന്ത്രി തിരിച്ചുവരുന്ന ഇടവേളയിൽ മകൻ ചാണ്ടി ഉമ്മൻ ഞങ്ങൾക്കരികിലെത്തി. വിദേശത്തുനിന്ന് മുഖ്യമന്ത്രിയുടെ അഭിമുഖത്തിനായെത്തിയ മാധ്യമപ്രവർത്തകൻ കാത്തിരിക്കുന്നുവെന്ന് അറിഞ്ഞാണ് അദ്ദേഹം എത്തിയത്. മുഖ്യമന്ത്രി എത്തുന്നതുവരെ ഞങ്ങളോട് സംസാരിച്ചും മലയാളം ന്യൂസിനെക്കുറിച്ചും പ്രവാസികളെക്കുറിച്ചുമൊക്കെ ജിജ്ഞാസയോടെ അന്വേഷിച്ചും അദ്ദേഹം ചെലവഴിച്ചു. നിയമത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയായ ചാണ്ടി ഉമ്മൻ, ചുരുങ്ങിയ സമയത്തെ സംഭാഷണത്തിൽ തന്നെ, കേരളത്തിന്റെ ഭാവി രാഷ്ട്രീയത്തിലെ സാന്നിധ്യമായിരിക്കും താനെന്ന് തെളിയിച്ചു. അത്ര വിദഗ്ധമായാണ് കേരളത്തിലെ യു.ഡി.എഫ് സർക്കാരിന്റെ നേട്ടങ്ങളെക്കുറിച്ചും രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചത്.
മുക്കാൽ മണിക്കൂറിനകം തിരിച്ചെത്തിയ മുഖ്യമന്ത്രി ഞങ്ങളുടെ അടുക്കലേക്ക് ഓടിയെത്തി, കാത്തിരിക്കേണ്ടി വന്നതിൽ ക്ഷമ ചോദിക്കുകയും ഓഫീസിൽ വെച്ച് ഒരു മണിക്കൂറിനകം കാണാമെന്ന് വ്യക്തമാക്കുകയും ചെയ്തു. തുടർന്ന് സെക്രട്ടറിയേറ്റിലെ അദ്ദേഹത്തിന്റെ ഓഫീസിൽ, മന്ത്രിമാരടക്കം, കാണാൻ കാത്തുനിന്ന പലരേയും ഒഴിവാക്കി മലയാളം ന്യൂസിനോട് അദ്ദേഹം മനസ്സ് തുറന്നു. വലിയ പ്രതിസന്ധികൾക്കിടയിലും ആരോപണങ്ങൾക്കിടയിലും ആവേശം ചോരാതെയും തികഞ്ഞ ആത്മവിശ്വാസത്തോടെയുമാണ് ഉമ്മൻ ചാണ്ടി സംസാരിച്ചത്.
-തെരഞ്ഞെടുപ്പ് വർഷമാണല്ലോ. എന്താണ് യു.ഡി.എഫിന്റെ ഭാവി. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ എങ്ങനെ വിലയിരുത്തുന്നു?
ഒറ്റക്കെട്ടായി ഈ തെരഞ്ഞെടുപ്പ് ഞങ്ങൾ നേരിടും. അധികാരത്തിൽ തിരിച്ചെത്താൻ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷ. പ്രതിപക്ഷം ആത്മവിശ്വാസം പൂർണമായും നഷ്ടപ്പെട്ട നിലയിലാണ്. ഞങ്ങളോടൊപ്പമുള്ളവരെ അടർത്തിയെടുത്ത് ഒപ്പം ചേർക്കാൻ അവർ ശ്രമിക്കുന്നത് തന്നെ ഈ പരാജയബോധത്തിന്റെ തെളിവാണ്. 
-നേരിയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്ന സർക്കാരാണിത്. അഞ്ചു വർഷം പൂർത്തിയാക്കുമ്പോൾ എന്തു തോന്നുന്നു. എല്ലാ പ്രവചനങ്ങളേയും കാറ്റിൽ പറത്താനായത് എങ്ങനെയാണ്?
ശരിയാണ്. 2011 ൽ ഞാൻ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷം മാത്രമാണ് ഉണ്ടായിരുന്നത്. പലരും പ്രത്യാശിച്ചു, ഈ സർക്കാർ അഞ്ച് വർഷം പൂർത്തിയാക്കില്ലെന്ന്. നിയമസഭയിലെ ഭൂരിപക്ഷം നേരിയതായിരിക്കാം. എന്നാൽ സർക്കാരിന്റെ ജനകീയാടിത്തറ ഭദ്രമാണ്. ജനങ്ങൾ ഞങ്ങളെ പൂർണമായും പിന്തുണക്കുന്നു. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷമുള്ള മൂന്ന് ഉപതെരഞ്ഞെടുപ്പുകളിലും പാർലമെന്റ് തെരഞ്ഞെടുപ്പിലും യുഡി.എഫ് നല്ല നിലയിൽ വിജയിച്ചു. ഈയിടെ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മാത്രമാണ് അൽപം പ്രയാസമുണ്ടായത്. അതിന് മറ്റു കാരണങ്ങളുണ്ട്. അതെല്ലാം ഞങ്ങൾ നേരിടും.  


-എന്തൊക്കെയായിരുന്നു ആ കാരണങ്ങൾ?
കോൺഗ്രസും യു.ഡി.എഫും നേരിട്ട വിമത പ്രശ്നങ്ങളായിരുന്നു ഒരു കാരണം. പാർട്ടിയിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടായി. ഗ്രൂപ്പിസവും വലിയ വിഷയമായി മാധ്യമങ്ങൾ ഉയർത്തിക്കാട്ടി. ഇതെല്ലാം പ്രതികൂലമായി ബാധിച്ചു. 
-ജനപിന്തുണയെക്കുറിച്ച് പറഞ്ഞല്ലോ, എന്താണ് അതിന് അടിസ്ഥാനം?
ഈ സർക്കാർ ഉയർത്തിയ മുദ്രാവാക്യം തന്നെ. വികസനം, കരുതൽ എന്ന മുദ്രാവാക്യം പൂർണമായും സ്വീകരിക്കപ്പെട്ടു. അടിസ്ഥാന സൗകര്യ വികസനത്തിന് മുൻതൂക്കം നൽകുന്നതായിരുന്നു സർക്കാരിന്റെ വികസന നയം. ഇത് ജനങ്ങളിൽ മതിപ്പുണ്ടാക്കി. കഴിഞ്ഞ കാൽനൂറ്റാണ്ടിനിടെ കേരളത്തിന് എടുത്തുപറയാവുന്ന ഒരേയൊരു വികസന നേട്ടം മാത്രമാണുള്ളത്. എന്നാൽ അഞ്ചു വർഷം കൊണ്ട് ഈ സർക്കാർ ചരിത്രം തിരുത്തിക്കുറിച്ചു.
സ്വാതന്ത്ര്യം നേടി 28 വർഷത്തിന് ശേഷം ഇടുക്കി അണക്കെട്ട് നിർമിച്ചതാണ് കേരളത്തിലെ ആദ്യ വികസന നേട്ടം. പിന്നീട് 25 വർഷത്തിന് ശേഷമുണ്ടായ കൊച്ചി വിമാനത്താവളമാണ് മറ്റൊരു വലിയ നേട്ടം. പിന്നീടിപ്പോഴാണ് കാര്യമായ വികസന പദ്ധതികൾ ഉണ്ടാകുന്നത്, കണ്ണൂർ വിമാനത്താവളം, സ്മാർട്ട് സിറ്റി, വിഴിഞ്ഞം തുറമുഖ പദ്ധതി, കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ, ഉൾനാടൻ ജലഗതാഗതം, കൊച്ചി മെട്രൊ എന്നിങ്ങനെ എടുത്തുകാണിക്കാവുന്ന നിരവധി പദ്ധതികൾക്കാണ് ഞങ്ങൾ തുടക്കം കുറിച്ചിരിക്കുന്നത്. 
-പല പദ്ധതികളിലും വിദേശ മലയാളികളുടെ പങ്കാളിത്തവും ശ്രദ്ധേയമാണ്?
തീർച്ചയായും. എന്നാൽ അവരുടെ നിക്ഷേപത്തെ മാത്രമല്ല ഞങ്ങൾ വിലമതിക്കുന്നത്. കേരളത്തിലെ ജനങ്ങൾക്ക് വികസനത്തോടുള്ള മനോഭാവം മാറ്റാൻ വിദേശ മലയാളികൾ സഹായിച്ചു. മറ്റു നാടുകളുടെ വികസനം കാണുമ്പോൾ, എന്തുകൊണ്ട് ഇത് നമ്മുടെ നാട്ടിൽ ഉണ്ടാകുന്നില്ല എന്ന വിദേശ മലയാളികളുടെ സങ്കടം കൂടിയാണ് ഇതിലൂടെ മാറുന്നത്. വിദേശത്തെ സൗകര്യങ്ങൾക്ക് തുല്യമായ സൗകര്യങ്ങൾ സ്വന്തം നാട്ടിലും വേണമെന്ന അവരുടെ ആഗ്രഹം ഇവിടത്തെ സാധാരണ ജനങ്ങളേയും സ്വാധീനിച്ചു.


-ക്ഷേമപ്രവർത്തനങ്ങളും സർക്കാർ പ്രധാനമായും ചൂണ്ടിക്കാട്ടുന്നുണ്ട്?
അതേ. ഞങ്ങളുടെ മുദ്രാവാക്യത്തിലെ പ്രധാന ഭാഗമാണത്, കരുതൽ. സർക്കാരിന്റെ പിന്തുണ ആവശ്യമുള്ള ആയിരക്കണക്കിന് ആളുകളുണ്ട്. ദയനീയ ജീവിത സാഹചര്യങ്ങളിൽ കഴിയുന്നവർ. ഇവർക്ക് വേണ്ടി നിരവധി പദ്ധതികൾ തയാറാക്കി. ആരും ആശ്രയമില്ലാത്തവരെ സഹായിക്കാനുള്ള ആശ്രയ പദ്ധതി. വീടുകൾ നൽകുന്നു, വിദ്യാഭ്യാസ സഹായം നൽകുന്നു, പാകം ചെയ്ത ഭക്ഷണം പോലും വീടുകളിലെത്തിക്കുന്നു. കേരളമെമ്പാടും ഇത് നടപ്പാക്കുകയാണ് സർക്കാർ. മൃഗതുല്യമായ സാഹചര്യങ്ങളിൽ ജീവിതം നയിക്കുന്ന ഇവരെ സഹായിക്കാനായില്ലെങ്കിൽ നമ്മുടെ ജനാധിപത്യം പൂർണമായും അർഥരഹിതമാകും. താങ്ങാനാകാത്ത ചികിത്സാ ചെലവുകൾ നേരിടാൻ ജനങ്ങളെ സഹായിക്കുന്നതാണ് മറ്റൊരു പദ്ധതി. കഴിഞ്ഞ സർക്കാർ കേരളത്തിലെ ലോട്ടറിയുടെ ലാഭം മുഴുവൻ നൽകിയത് സാന്റിയാഗോ മാർട്ടിനാണ്. അയാൾക്ക് വിലക്കേർപ്പെടുത്തി ഈ പണം മുഴുവൻ പാവപ്പെട്ട രോഗികളുടെ ചികിത്സക്ക് ചെലവഴിക്കുകയാണ് ഈ സർക്കാർ, കാരുണ്യ പദ്ധതിയിലൂടെ. 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കെല്ലാം സൗജന്യ ചികിത്സ. ബധിരത ബാധിച്ച ഒരു കുട്ടിപോലും ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെ കോക്ലിയാർ ഇംപ്ലാന്റേഷൻ. നാലു വർഷത്തിനിടെ കാരുണ്യയിലൂടെ ചെലവഴിച്ചത് ആയിരം കോടിയാണ്. ഹീമോഫീലിയ, വൃക്ക രോഗികൾക്ക് പ്രത്യേക പരിപാടികളുമുണ്ട്. 800 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് ചെലവഴിച്ചത്. 
-ഇത്രയൊക്കെ ചെയ്തിട്ടും ആരോപണങ്ങളുടെ വലിയ ചെളിക്കുഴിയിലാണ് സർക്കാർ? പ്രത്യേകിച്ച് അഴിമതി ആരോപണങ്ങൾ. ഒരു മന്ത്രിക്ക് രാജിവെക്കേണ്ടി വന്നു.
കേരളത്തിലെ ജനങ്ങൾ വിദ്യാഭ്യാസമുള്ളവരാണ്. അവരെ തെറ്റിദ്ധരിപ്പിക്കാൻ കഴിയില്ല. സർക്കാർ അധികാരത്തിലേറിയ മുതൽ ആരോപണങ്ങളുയർത്തുകയാണ് പ്രതിപക്ഷം. ഒന്നുപോലും ഇതുവരെ തെളിയിക്കാനായിട്ടില്ല. വിഴിഞ്ഞം പദ്ധതിയിൽ ആറായിരം കോടിയുടെ അഴിമതിയാണ് അവർ ആരോപിച്ചത്. ആയിരം കോടിയിൽ താഴെയാണ് പദ്ധതി ചെലവ്. ഇതാണ് അവരുടെ പ്രവർത്തന രീതി. ഇപ്പോൾ അവർ പറയുന്നു, അവർ അധികാരത്തിൽ വന്നാൽ വിഴിഞ്ഞം പദ്ധതി തുടരുമെന്ന്. അപ്പോൾ ആറായിരം കോടിയുടെ വിഹിതം അവർക്കും കിട്ടിയോ. സി.പി.എം വ്യക്തമാക്കണം.
-തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ബി.ജെ.പിയുടെ സഹായം തേടാൻ താങ്കൾ ശ്രമിക്കുന്നു എന്ന് പ്രതിപക്ഷം ആരോപണമുയർത്തുന്നുണ്ട്. സംഘ്പരിവാറിനോട് മൃദുസമീപനം താങ്കൾ പുലർത്തുന്നതായി സി.പി.എം നേതാവ് പിണറായി വിജയൻ കഴിഞ്ഞ ദിവസം എന്നോട് പറയുകയുണ്ടായി. എങ്ങനെ പ്രതികരിക്കുന്നു?
പിണറായി വിജയന് അതു പറയാൻ യാതൊരു അവകാശവുമില്ല. 77 ലെ തെരഞ്ഞെടുപ്പിൽ ജനസംഘവുമായി കൂട്ടുകൂടിയവരാണ് മാർക്സിസ്റ്റ് പാർട്ടി. 1989 ൽ ബി.ജെ.പിയോടൊപ്പം ചേർന്ന് വി.പി. സിംഗിനേയും അവർ പിന്തുണച്ചു. ഇന്ത്യയിൽ ബി.ജെ.പിയുടെ വളർച്ചക്ക് അടിസ്ഥാനമിട്ട രാഷ്ട്രീയ സമീപനമായിരുന്നു അത്. കോൺഗ്രസിനെ പരാജയപ്പെടുത്തുക എന്ന ഏക ലക്ഷ്യം മാത്രമാണവർക്ക്. 


-അഞ്ചുവർഷം പൂർത്തിയാക്കുകയാണ് താങ്കൾ. ഭരണനേട്ടത്തിൽ തൃപ്തനാണോ?
ഈ സർക്കാർ ഉയർത്തിയ വികസന മുദ്രാവാക്യങ്ങൾ പ്രായോഗിക പഥത്തിലെത്തിക്കാൻ കഴിഞ്ഞതിൽ പൂർണതൃപ്തിയുണ്ട്. എന്നാൽ ജനങ്ങളോടുള്ള കരുതൽ ഇനിയും ഏറെ വർധിപ്പിക്കണം. കേരളത്തിൽ ഏറെ വിദഗ്ധരായ ഡോക്ടർമാരാണുള്ളത്. എന്നാൽ ചികിത്സാ ചെലവുകൾ സാധാരണക്കാരന് താങ്ങാനാവുന്നില്ല. ചികിത്സക്കുള്ള അവകാശം മൗലികാവകാശമാക്കി നിയമനിർമാണം നടത്തണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടാൻ ഒരുങ്ങുകയാണ് കേരളം. ആരോഗ്യവിഷയം വ്യക്തികളുടെ മാത്രം പ്രശ്നമല്ല. അതൊരു സാമൂഹിക വിഷയം കൂടിയാണ്. ചെറുപ്പക്കാരനായ ഒരു വ്യക്തി, തന്റേയോ മക്കളുടേയോ ചികിത്സക്ക് പണം കണ്ടെത്താനാവാതെ അകാലത്തിൽ മരണമടയുന്നു. എൺപതോ തൊണ്ണൂറോ പ്രായമുള്ളയാൾ പണമുണ്ടെന്ന ബലത്തിൽ ആയുസ്സിന് ബലം നീട്ടിവാങ്ങുന്നു. ഇതുണ്ടാക്കുന്ന സാമൂഹിക പ്രത്യാഘാതം വലുതാണ്. എല്ലാ കുടുംബത്തിനും മികച്ച ചികിത്സ കിട്ടണം. 
-വിദേശത്തുനിന്ന് തിരിച്ചെത്തുന്ന മലയാളികളുടെ പുനരധിവാസത്തിനുള്ള പദ്ധതികൾ പരാജയമാണെന്ന് ആരോപണമുണ്ട്. ഇക്കാര്യത്തിൽ സർക്കാരിന് ഇനിയും എന്തൊക്കെയാണ് ചെയ്യാനുള്ളത്?
ഗൾഫ് മലയാളികളാണ് കേരളത്തിന്റെ നട്ടെല്ല്. കേരളത്തിലെ വികസനപദ്ധതികളിൽ അവർക്ക് പങ്കാളിത്തം വേണം. അവർ നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നു. പലതും സർക്കാർ പരിഹരിച്ചു. പ്രശ്നങ്ങളുണ്ടാകുമ്പോൾ അടിയന്തരമായി ഇടപെടുന്ന സമീപനമാണ് ഞങ്ങളുടേത്. യമനിലേയും ഇറാഖിലേയും സംഘർഷഭൂമിയിൽനിന്ന് മലയാളികളെ രക്ഷിക്കാൻ സർക്കാർ ഫലപ്രദമായി പ്രവർത്തിച്ചു. അവരുടെ വ്യക്തിപരമായ പ്രശ്നങ്ങൾ ഉന്നയിച്ചാൽപോലും സർക്കാർ ഇടപെടാറുണ്ട്. നിതാഖാത് വിഷയമുണ്ടായപ്പോൾ സർക്കാർ അടിയന്തരമായി ഇടപെട്ടു. ഇക്കാര്യത്തിൽ സൗദി അറേബ്യയിലെ സർക്കാരിനോട് അങ്ങേയറ്റം നമ്മൾ കടപ്പെട്ടിരിക്കുന്നു. രേഖകൾ ശരിപ്പെടുത്താനുള്ള സമയപരിധി നീട്ടിനൽകാനുള്ള അഭ്യർഥന അവർ ഹൃദയപൂർവമാണ് സ്വീകരിച്ചത്. പ്രോട്ടോകോൾ പോലും മറികടന്നായിരുന്നു കേരളത്തിന്റെ അഭ്യർഥനയോടുള്ള സൗഹാർദപരമായ പ്രതികരണം. പ്രവാസികളുടെ സ്വത്തിന് സംരക്ഷണം നൽകാനുള്ള എൻ.ആർ.ഐ കമ്മീഷൻ രൂപവത്കരിക്കുന്ന നിയമം പാസ്സാക്കി. പ്രവാസി വോട്ട് ഫലപ്രദമാക്കാൻ അക്ഷീണം പ്രയത്നിച്ചു. 
-കേരളത്തിൽനിന്നുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് പലതരം പ്രശ്നങ്ങൾ നിലനിൽക്കുന്നു. അതോടൊപ്പം ജനറൽ നഴ്സിംഗ് പാസ്സായ നഴ്സുമാർ ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ നഷ്ട ഭീഷണിയിലാണ്. ഇക്കാര്യങ്ങളിൽ എങ്ങനെ ഇടപെടാൻ സാധിക്കും.?
നഴ്സിംഗ് റിക്രൂട്ട്മെന്റ് പ്രശ്നം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. വിദേശമന്ത്രി സുഷമാ സ്വരാജിനെ ഇക്കാര്യത്തിൽ സമീപിക്കാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുകയാണ്. വിദേശങ്ങളിലേക്ക് പോകാനുള്ള നമ്മുടെ നഴ്സുമാരുടെ അവസരങ്ങളാണ് നഷ്ടമായിക്കൊണ്ടിരിക്കുന്നത്. കേന്ദ്രസർക്കാരിന്റെ നിയന്ത്രണങ്ങൾ നഴ്സ് റിക്രൂട്ട്മെന്റിന് തടസ്സമാകരുത്. ജനറൽ നഴ്സുമാരുടെ പ്രശ്നവും സർക്കാരിന് അറിയാം. എങ്ങനെ അക്കാര്യം പരിഹരിക്കാമെന്ന് ആലോചിക്കുകയാണ്.  
യാത്രാപ്രശ്നമാണ് ഗൾഫ് മലയാളികൾ ഉന്നയിക്കുന്ന പ്രധാന പ്രശ്നം. ഇതിന് സർക്കാർ കണ്ടെത്തിയ പരിഹാരം സ്വന്തമായി വിമാനക്കമ്പനി തുടങ്ങുകയായിരുന്നു. എന്നാൽ പലതരം നിയമപ്രശ്നങ്ങളിൽ കുടുങ്ങിനിൽക്കുകയാണ് കേരള എയർ. എങ്കിലും ഭാവിയിൽ അത് നിലവിൽ വരുമെന്ന കാര്യത്തിൽ സംശയമില്ല.

Latest News