തിരുവനന്തപുരം- ഇന്നു പുലര്‍ച്ചെ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടുള്ള ആദരസൂചകമായി ഇന്ന് കേരളത്തില്‍ പൊതു അവധി പ്രഖ്യാപിച്ചെങ്കിലും ഇന്ന് നടത്താന്‍ നിശ്ചയിച്ച പി.എസ്.സി പരീക്ഷകള്‍ക്ക് മാറ്റമില്ല. ഇന്ന് നടക്കേണ്ടിയിരുന്ന സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു.
മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫിസുകള്‍ക്കും അവധി ബാധകമാണ്. ഇന്നു പുലര്‍ച്ചെ 4.25നാണ് ഉമ്മന്‍ ചാണ്ടിയുടെ അന്ത്യം. സംസ്‌കാരം അദ്ദേഹത്തിന്റെ സ്വദേശമായ പുതുപ്പള്ളിയില്‍ വ്യാഴാഴ്ച നടക്കും.
പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ മഹാത്മാ ഗാന്ധി സര്‍വ്വകലാശാല ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി വൈസ് ചാന്‍സലര്‍ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. സാങ്കേതിക സര്‍വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകളും മാറ്റി. കേരള ആരോഗ്യ സര്‍വകലാശാല ഇന്നു നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്റിയതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
കാലിക്കറ്റ് സര്‍വകലാശാല ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും ഈ മാസം 22ലേക്കു മാറ്റി. പരീക്ഷാ സമയത്തില്‍ മാറ്റമില്ല. ഇന്നത്തെ മൂല്യനിര്‍ണയ ക്യാംപുകള്‍ക്കു അവധി പ്രഖ്യാപിച്ചു.
ഇന്ന് എസ്എസ്‌കെ പത്തനംതിട്ട ജില്ലാ കാര്യാലയത്തില്‍ വച്ച് നടത്താനിരുന്ന അക്കൗണ്ടന്റിന്റെ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നാളത്തേക്കു മാറ്റിവച്ചു.
ആറന്മുള വള്ളസദ്യ വഴിപാടുകള്‍, ഉതൃട്ടാതി ജലോത്സവം, അഷ്ടമി രോഹിണി വള്ളസദ്യ എന്നിവയുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ഇന്ന് പത്തനംതിട്ട കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരാനിരുന്ന യോഗം മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
ആറന്മുള എഞ്ചിനീയറിങ് കോളജില്‍ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിങ് എന്നീ വിഭാഗങ്ങളില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രഫസര്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഇന്ന് നിശ്ചയിച്ചിരുന്ന അഭിമുഖം ജൂലൈ 20ലേക്ക് മാറ്റി. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 20ന് രാവിലെ 10ന് അഭിമുഖത്തിന് കോളജില്‍ എത്തണം. ഫോണ്‍: 9446382096, 9846399026.