തിരുവനന്തപുരം- ജീവകാരുണ്യ സേവനവും അധികാര രാഷ്ട്രീയവും എക്കാലത്തും സമാന്തരമായി സഞ്ചരിച്ച മേഖലകളായിരുന്നു. ഇതിനെ ഒരു ബിന്ദുവില്‍ സംഗമിപ്പിച്ച ആദ്യത്തെ രാഷ്ട്രീയക്കാരനായിരുന്നു ഉമ്മന്‍ ചാണ്ടി.
ഉമ്മന്‍ ചാണ്ടിക്ക് ചുറ്റും ജനങ്ങള്‍ 24 മണിക്കൂറും വലയം സൃഷ്ടിച്ചതിനു കാരണം മറ്റൊന്നുമായിരുന്നില്ല. എന്തെങ്കിലും ആവശ്യങ്ങളുമായി വരുന്ന ആരേയും നിരാശരാക്കി അദ്ദേഹം മടക്കി അയക്കുമായിരുന്നില്ല. ചെറുതായാലും വലുതായാലും സമാശ്വാസമേകാന്‍ ഉമ്മന്‍ ചാണ്ടി ശ്രമിച്ചു. ചികിത്സാസഹായം തേടിയെത്തുന്നവരായിരുന്നു ഇതിലധികവും. ഇതാണ് ജനസമ്പര്‍ക്ക പരിപാടിയിലേക്ക് എത്തിച്ചേരാന്‍ ഉമ്മന്‍ ചാണ്ടിക്ക് പ്രചോദനമായതും.
മാറാരോഗികളായി കിടപ്പിലായ ആയിരക്കണക്കിന് ആളുകള്‍ക്കാണ് ഉമ്മന്‍ ചാണ്ടി ആശ്വാസമേകിയത്. ഭിന്നശേഷിക്കാരായ ആളുകള്‍ക്ക് വീല്‍ചെയറുകളും സ്‌കൂട്ടറുകളും നല്‍കി. ലക്ഷക്കണക്കിന് രൂപ ചികിത്സാ സഹായം അനുവദിച്ചു. കേരളം ഒന്നടങ്കം കൈയടിച്ച കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ ഉമ്മന്‍ചാണ്ടിയുടെ ഭാവനയില്‍നിന്ന് ഉരുത്തിരിഞ്ഞതാണ്. കേള്‍വി ശക്തിയില്ലാത്ത ആയിരത്തോളം കുട്ടികള്‍ക്കാണ് ഇത് അനുഗ്രഹമായത്. വീടില്ലാത്തവര്‍ക്ക് വീട് വെച്ചുനല്‍കാന്‍ അദ്ദേഹത്തിന്റെ സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയുടെ തുടര്‍ച്ചയാണ് ലൈഫ് മിഷന്‍ പോലും.
കരുതലിന്റെ രാഷ്ട്രീയമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മുഖമുദ്ര. തന്റെ മുന്നിലെത്തിയ എല്ലാവരേയും വലിപ്പച്ചെറുപ്പമില്ലാതെ പരിഗണിച്ച മനസ്സായിരുന്നു അദ്ദേഹത്തിന്റേത്. 53 വര്‍ഷം തുടര്‍ച്ചയായി ഒരേ മണ്ഡലത്തില്‍നിന്ന് എം.എല്‍.എയായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടതിന്റെ പിന്നിലെ രഹസ്യം ഈ ജനകീയതയല്ലാതെ മറ്റൊന്നുമല്ല.