തിരുവനന്തപുരം- കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളെല്ലാം സംഗമിച്ച ബംഗളൂരുവില്‍തന്നെ കേരളത്തിലെ ഏറ്റവും ജനപ്രിയനായ കോണ്‍ഗ്രസ് നേതാവായ ഉമ്മന്‍ചാണ്ടിയുടെ അന്ത്യം. ചികിത്സക്കായി കുറേക്കാലമായി ബംഗളൂരുവിലാണ് ഉമ്മന്‍ ചാണ്ടി. പ്രതിപക്ഷസഖ്യ രൂപീകരണവുമായി ബന്ധപ്പെട്ട് ഇന്ന് ബംഗളൂരുവില്‍ നടക്കുന്ന സമ്മേളനത്തിനായി സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെ.സി വേണുഗോപാല്‍ എന്നിവരെല്ലാം ബംഗളൂരുവിലുണ്ട്.
കേരളത്തിലെ കോണ്‍ഗ്രസ് സംഘടനാ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് കേരളത്തിലെ നേതാക്കളെ ബംഗളൂരുവിലെത്താന്‍ നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് പല നേതാക്കളും ബംഗളൂരുവിലേക്ക് പുറപ്പെട്ടിരുന്നു. ചിലര്‍ ഇന്ന് രാവിലെയുള്ള വിമാനത്തില്‍ ബംഗളൂരുവിലേക്ക് പോകാനിരിക്കയായിരുന്നു. ഈ സമയത്താണ് ഉമ്മന്‍ ചാണ്ടി ബംഗളൂരുവില്‍ അന്തരിക്കുന്നത്.
വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരും മുന്‍ മുഖ്യമന്ത്രിമാരും ബംഗളൂരുവിലുണ്ട്. പ്രതിപക്ഷ യോഗത്തിന്റെ ഇടവേളയില്‍ ഇവരെല്ലാം ഉമ്മന്‍ ചാണ്ടിക്ക് ആദരാഞ്ജലി അര്‍പ്പിക്കാനെത്തും. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ബംഗാളിലെ മമത ബാനര്‍ജി, ബീഹാറിലെ നിതീഷ് കുമാര്‍ എന്നിവരെല്ലാം ബംഗളൂരിലുണ്ട്.
ദേശീയ നേതാക്കളെല്ലാം ആദരാഞ്ജലി അര്‍പ്പിച്ച ശേഷം മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവരും. രാഹുല്‍ഗാന്ധി അടക്കമുള്ള ഉന്നത നേതാക്കളും കേരളത്തിലേക്ക് എത്തുമെന്നാണ് കരുതുന്നത്.