Sorry, you need to enable JavaScript to visit this website.

ജോർജ് എം തോമസിനെ കുരുക്കാൻ വിജിലൻസും, പരാതിയുമായി കോൺഗ്രസ് 

കോഴിക്കോട് - മുൻ എം.എൽ.എയും  സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗവുമായിരുന്ന ജോർജ്.എം.തോമസിനെതിരായ ആരോപണങ്ങൾ പാർട്ടി അച്ചടക്ക നടപടിയിലൊതുങ്ങില്ല. ജോർജ് എം.തോമസിനെതിരായ സാമ്പത്തിക ക്രമക്കേട് അന്വേഷണിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് വിജിലൻസിനും പോലീസിനും പരാതി നൽകി. മുക്കം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയാണ് പരാതി നൽകിയത്. സി.പി.എം അന്വേഷണകമ്മീഷൻ കണ്ടെത്തിയത് ഗുരുതരമായ കുറ്റകൃത്യങ്ങളാകയാൽ പാർട്ടിക്ക് അന്വേഷണത്തിലിടപെടാനാവില്ല. അതുകൊണ്ടുതന്നെ കുരുക്ക് മുറുക്കി വിജിലൻസ് അന്വേഷണം വരുമെന്നുറപ്പായി.
പോക്സോ കേസിലെ പ്രതിയെ രക്ഷിക്കാൻ വഴിവിട്ട് ഇടപെട്ടു, പ്രതിയിൽ നിന്ന് 25 ലക്ഷം കൈപ്പറ്റി, സഹായിച്ച പോലീസുദ്യോഗസ്ഥന് ഭൂമി നൽകി, നാട്ടുകാരനിൽ നിന്ന് വഴി വീതി കൂട്ടാനായി മധ്യസ്ഥനെന്ന നിലയിൽ ഒരു ലക്ഷം രൂപ വാങ്ങി, ക്വാറി മുതലാളിമാരെക്കൊണ്ട് വീട് നിർമ്മാണത്തിന് സാമഗ്രികൾ വാങ്ങിപ്പിച്ചു തുടങ്ങി നിരവധിയായ ആരോപണങ്ങളാണ് പാർട്ടി അന്വേഷണകമ്മീഷൻ കണ്ടെത്തിയത്. മത്രമല്ല കേസൊതുക്കാൻ കൂട്ടുനിന്ന പോലീസ് ഉദ്യോഗസ്ഥനും കുടുങ്ങും. ഭൂമി കൈപ്പറ്റിയതിനപ്പുറത്ത് ആൾമാറാട്ടം നടത്തി പ്രതിയെ രക്ഷിച്ചെന്ന കേസും പോലീസ് ഉദ്യോഗസ്ഥനെതിരായി വരും. 

ആരോപണത്തിൽ  പ്രധാനം പീഡന പരാതിയിലെ പണക്കാരനായ പ്രതിയെ പോലിസുദ്യോഗസ്ഥന്റെ സഹായത്തോടെ മാറ്റിയതാണ്. ഇതിനായി ഉദ്യോഗസ്ഥന് വയനാട്ടിൽ ഭൂമിയും റിസോർട്ടും ബിനാമിയായി വാങ്ങി നൽകിയെന്നാണ് കണ്ടെത്തൽ. ഇതേ കേസിലെ പ്രതിയും സഹോദരനും തമ്മിൽ തർക്കമുണ്ടായപ്പോൾ 10 കോടിയുടെ ഇടപാടിന് മധ്യസ്ഥം നിന്നു. പണം ലഭിച്ചയാളിൽ നിന്ന് 25 ലക്ഷം രൂപ എൽ.സി ഓഫിസ് കെട്ടിട നിർമ്മാണത്തിനായി വാങ്ങി. ഒരു വ്യക്തിയിൽ നിന്ന് ഇത്രയും പണം സ്വീകരിച്ചത് പാർട്ടി നിയമാവലികൾക്ക് വിരുദ്ധമാണെന്നാണ് പാർട്ടി അന്വേഷണകമ്മീഷൻ കണ്ടെത്തൽ. 
മാത്രമല്ല ജോർജ്ജ്.എം.തോമസ് പുതിയ വീട് നിർമ്മിച്ചപ്പോൾ ടൈലും ഗ്രാനൈറ്റും മറ്റും വാങ്ങി നൽകിയത് ക്വാറിമാഫിയയാണെന്നാണ് കണ്ടെത്തൽ. നാട്ടുകാരനായ ഒരാളിൽ നിന്ന് വീട്ടിലേക്കുള്ള വഴി വീതി കൂട്ടാൻ സഹായിക്കാമെന്ന് പറഞ്ഞ് ഒരു ലക്ഷം രൂപ വാങ്ങി. കാര്യം സാധിക്കാതെ വന്നതോടെ ഇയാൾ പിന്നീട് പാർട്ടി നേതാക്കൾക്ക് പരാതി നൽകി. ഇത്തരത്തിൽ നിരവധിയായ പരാതി ഏരായാകമ്മറ്റിക്ക് കിട്ടിയതോടെയാണ് ജില്ലാ കമ്മറ്റിയിലേക്ക് അത് പരാതിയായി പോയത്. എന്നാൽ ജില്ലാകമ്മറ്റി ജോർജം എം.തോമസിനെ സംരക്ഷിക്കുന്ന നിലപാടാണ് തുടക്കത്തിൽ സ്വീകരിച്ചത്. അതോടെ താമരശ്ശേരി ഏരിയാകമ്മറ്റി പരാതികൾ നേരിട്ട് സംസ്ഥാന കമ്മറ്റിക്കയക്കുകയായിരുന്നു. സംസ്ഥാന കമ്മറ്റിയാണ് രണ്ടംഗ കമ്മീഷനെ വെച്ചത്. കമ്മീഷന്റെ തെളിവെടുപ്പിൽ ആരോപണങ്ങൾ സത്യമാണെന്ന് തെളിഞ്ഞതോടെയാണ് സംസ്ഥാന സെക്രട്ടരിയേറ്റ് ജോർജ്.എം.തോമസിനെതിരെ നടപടിയുമായി നീങ്ങിയത്. നിരവധിയായ ആരോപണങ്ങളിൽ സി.പി.എമ്മും മന്ത്രിമാരും നിൽക്കുമ്പോൾ കോൺഗ്രസിനെസംബന്ധിച്ച് വീണുകിട്ടിയ വാളാണ് ജോർജ് എം.തോമസ്. വിജിലൻസ്,പോലീസ് അന്വേഷണം ആവശ്യപ്പെട്ടിതിനു പുറമേ ജില്ലാ കോൺഗ്രസ് കമ്മറ്റി സമരപരിപാടികളിലെക്ക് നീങ്ങുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രവീൺകുമാർ. പാർട്ടികോടിതിയിലല്ല ഇത്തരക്കാർക്ക് ശിക്ഷകിട്ടേണ്ടത്. നിയമ വ്യവസ്ഥയ്ക്ക് കീഴിലാണ്. അതിന് വേണ്ടുന്നതെല്ലാം ചെയ്യുമെന്നും പ്രവീൺകുമാർ പറഞ്ഞു. ഇതേ ആവശ്യം കഴിഞ്ഞ ദിവസം ബി.ജെ. പി ജില്ലാ പ്രസിഡന്റ് വി.കെ. സജീവനും ഉന്നയിച്ചിരുന്നു.


 

Latest News