ജിദ്ദ - ജൂൺ മാസത്തിൽ സൗദിയിൽ പണപ്പെരുപ്പം 2.7 ശതമാനമായതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. മെയ് മാസത്തിൽ പണപ്പെരുപ്പം 2.8 ശതമാനമായിരുന്നു. പാർപ്പിട വാടകയും ജല, വൈദ്യുതി, ഗ്യാസ്, ഇന്ധന നിരക്കുകളും 9.1 ശതമാനവും ഭക്ഷ്യവസ്തുക്കളുടെയും പാനീയങ്ങളുടെയും വിലകൾ ഒരു ശതമാനവും തോതിൽ ഉയർന്നത് 2022 ജൂൺ മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ജൂണിൽ പണപ്പെരുപ്പം 2.7 ശതമാനം തോതിൽ വർധിക്കാൻ ഇടയാക്കി.
കഴിഞ്ഞ വർഷം ജൂൺ മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ജൂണിൽ പാർപ്പിട വാടക 10.8 ശതമാനം തോതിൽ വർധിച്ചു. ഫ്‌ളാറ്റ് വാടക 22.8 ശതമാനം തോതിൽ വർധിച്ചതാണ് മൊത്തത്തിലുള്ള പാർപ്പിട വാടകയിൽ പ്രതിഫലിച്ചത്. ഇത് പണപ്പെരുപ്പത്തിൽ വലിയ സ്വാധീനം ചെലുത്തി. ഇറച്ചി, കോഴിയിറച്ചി വിലകൾ 2.3 ശതമാനുവും പാലിന്റെയും പാലുൽപന്നങ്ങളുടെയും വിലകൾ 7.1 ശതമാവും തോതിൽ വർധിച്ചത് ഭക്ഷ്യവസ്തു, പാനീയ വിഭാഗത്തിൽ നിരക്കുകൾ ഒരു ശതമാനം തോതിൽ ഉയരാൻ ഇടയാക്കി. വാഹന വിലകൾ 1.3 ശതമാനം തോതിൽ വർധിച്ചതിന്റെ ഫലമായി ഗതാഗത വിഭാഗത്തിൽ നിരക്കുകൾ 1.6 ശതമാനം തോതിൽ ഉയർന്നു. റെസ്റ്റോറന്റ്, ഹോട്ടൽ വിഭാഗത്തിൽ 4.3 ശതമാനം തോതിലും വിദ്യാഭ്യാസ വിഭാഗത്തിൽ മൂന്നു ശതമാനം തോതിലും വിനോദ വിഭാഗത്തിൽ 2.6 ശതമാനം തോതിലും നിരക്കുകൾ ഉയർന്നു. കഴിഞ്ഞ കൊല്ലം ജൂൺ മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ജൂണിൽ ഫർണിച്ചർ വിഭാഗത്തിൽ 2.3 ശതമാനവും വസ്ത്ര, പാദരക്ഷാ വിഭാഗത്തിൽ 2.9 ശതമാനവും തോതിൽ വിലകൾ കുറഞ്ഞു. ഈ വർഷാദ്യം മുതൽ സൗദിയിൽ പണപ്പെരുപ്പം കുറഞ്ഞുവരികയാണ്. ജനുവരിയിൽ 3.4 ശതമാനമായിരുന്നു പണപ്പെരുപ്പം.
മെയ് മാസത്തെ അപേക്ഷിച്ച് ജൂണിൽ 15 കെട്ടിട നിർമാണ വസ്തുക്കളുടെ വിലകൾ കുറഞ്ഞു. ഏറ്റവുധികം വില കുറഞ്ഞത് 10 എം.എം കമ്പിയുടെ വിലയാണ്. ഇതിന്റെ വില 5.35 ശതമാനം തോതിൽ കുറഞ്ഞു. 27 ഭക്ഷ്യവസ്തുക്കളുടെയും സേവനങ്ങളുടെയും വിലകൾ മെയ് മാസത്തെ അപേക്ഷിച്ച് ജൂണിൽ വർധിച്ചു. ഏറ്റവുമധികം വർധിച്ചത് ഹോട്ടൽ താമസ നിരക്കുകളാണ്. ഹോട്ടൽ വാടക 27 ശതമാനം തോതിൽ വർധിച്ചു. പാക്കിസ്ഥാനി യൂസുഫി (ഓറഞ്ച്) വില 13.1 ശതമാനവും കറുത്ത വഴുതിന വില 4.5 ശതമാനവും പച്ചമുളക് വില 4.4 ശതമാനവും തോതിൽ വർധിച്ചു. ജൂണിൽ 30 ഭക്ഷ്യവസ്തുക്കളുടെയും സേവനങ്ങളുടെയും വിലകൾ കുറഞ്ഞതായും ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു.