ആലപ്പുഴ - വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ അറസ്റ്റിലായ എസ്.എഫ്.ഐ മുന്‍ നേതാവ് നിഖില്‍ തോമസിന് പി.ജി പ്രവേശം നല്‍കിയതില്‍ കായംകുളം എം.എസ്.എം കോളജിന് വീഴ്ച സംഭവിച്ചതായി കേരള സര്‍വകലാശാല. കോളജിലെ കൊമേഴ്‌സ് വകുപ്പ് ഗുരുതര വീഴ്ച വരുത്തിയെന്നും വിദ്യാര്‍ഥികളുടെ പഠനം, പരീക്ഷ എന്നിവയുടെ രേഖകളൊന്നും വകുപ്പ് സൂക്ഷിച്ചിരുന്നില്ലെന്നും സര്‍വകലാശാല വ്യക്തമാക്കി.
വിദ്യാര്‍ഥികളുടെ അക്കാദമിക്ക് രേഖകളെല്ലാം അതത് വകുപ്പുകള്‍ ഫയല്‍ ചെയ്യണമെന്ന വ്യവസ്ഥ കോളജ് ലംഘിച്ചു. ഇത് സൂക്ഷിച്ചിരുന്നെങ്കില്‍ തോറ്റ വിദ്യാര്‍ഥിക്ക് ഇതേ കോളജില്‍ അഡ്മിഷന്‍ നല്‍കില്ലായിരുന്നെന്നും സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി.
2017 മുതല്‍ 2020 വരെയാണ് നിഖില്‍ ഇതേ കോളജില്‍ ബികോമിന് പഠിച്ചത്. രേഖകള്‍ സൂക്ഷിക്കാതിരുന്നതിനേക്കുറിച്ച് ഈ കാലയളവില്‍ കോളജിലുണ്ടായിരുന്ന പ്രിന്‍സിപ്പലിനെയും അധ്യാപകരെയും വിളിച്ച് വരുത്തി സര്‍വകലാശാല വിശദീകരണം തേടി.