കുവൈത്ത് സിറ്റി - മത്സ്യബന്ധന ബോട്ട് തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ വെടിയേറ്റ് തൊഴിലാളികളിൽ ഒരാൾ കൊല്ലപ്പെട്ടു. കുവൈത്ത് ജലാതിർത്തിയിൽ നിന്ന് ഏഴു നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം. തട്ടിയെടുക്കൽ ശ്രമത്തെയും ജീവനക്കാരിലൊരാൾക്ക് വെടിയേറ്റതിനെയും കുറിച്ച് വിവരം ലഭിച്ചയുടൻ സംഭവത്തിൽ തീരദേശ സേനയും പോലീസ് ഏവിയേഷൻ വിംഗും ഇടപെട്ടതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഭവത്തിൽ വെടിയേറ്റ് ബോട്ട് തൊഴിലാളികളിൽ ഒരാൾ മരിച്ചു. തീരദേശ സേനയും പോലീസ് ഏവിയേഷൻ വിംഗും അതിർത്തിയിൽ ബോട്ട് തടഞ്ഞ് വെടിയേറ്റയാളെ നീക്കം ചെയ്തു. സംഭവത്തിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
ഇത്തരം സംഭവങ്ങളെ കുറിച്ച് ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ അടക്കമുള്ളവരുടെ സുരക്ഷ കാത്തുസൂക്ഷിക്കാനും ആഭ്യന്തര മന്ത്രാലയത്തിന്റെ സംരക്ഷണം ഉറപ്പുവരുത്താനും എല്ലാവരും നിർദേശങ്ങൾ പാലിക്കണമെന്നും കുവൈത്ത് ജലാതിർത്തിയിൽ നിന്ന് പുറത്തുപോകരുതെന്നും കുവൈത്ത് വിദേശ മന്ത്രാലയം ആവശ്യപ്പെട്ടു.