റിദായ് - റിയാദിൽ മരിച്ച തമിഴ്‌നാട്, കന്യാകുമാരി കൽക്കുളം താലൂക്കിലെ റീത്തപുരം സ്വദേശി (46) സെൽവക്കനി മുത്തയ്യന്റെ മൃതദേഹം സൗദി എയർലൈൻസ് വിമാനത്തിൽ നാട്ടിലെത്തിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ജൂൺ ആറിനാണ് റിയാദിനടുത്തുള്ള കൃഷിയിടത്തിൽ സെൽവക്കനി മരിച്ചത്. ഷിഫ - ദാർ അൽ ബൈദ റോഡിനു സമീപമുള്ള കൃഷിയിടത്തിൽ സെൽവക്കനി മരിച്ചുകിടക്കുന്ന വിവരം ബന്ധു നവോദയ പ്രവർത്തകരെ അറിയിക്കുകയായിരുന്നു. നവോദയ ജീവകാരുണ്യ പ്രവർത്തകരായ ഹക്കീം, ബാബുജി എന്നിവർ സ്ഥലത്തെത്തിയാണ് പോലീസിനെ വിവരമറിയിച്ചത്.
സ്‌പോൺസർ ഹുറൂബാക്കിയതിനാലും ഇഖാമ കാലാവധി തീർന്നതിനാലും നിയമ നടപടികൾ പൂർത്തീകരിക്കാൻ കാലതാമസമെടുത്തു. നാട്ടിലയക്കാനുള്ള മുഴുവൻ ചെലവും ഇന്ത്യൻ എംബസിയാണ് വഹിച്ചത്. നവോദയ ജീവകാരുണ്യ കമ്മിറ്റി ചെയർമാൻ ഹകീം നടപടിക്രമങ്ങൾ പൂർത്തിയാക്കി. വിദ്യാർത്ഥികളായ രണ്ടു മക്കളുള്ള സെൽവക്കനിയുടെ ഭാര്യ സി. ശ്രീമതി.