തിരുവനന്തപുരം- കെ.എസ്.ആര്‍.ടി.സി മുങ്ങി നടക്കുന്ന ജീവനക്കാരെ പിരിച്ചുവിടുമെന്ന് എം.ഡി.ബിജു പ്രഭാകര്‍. 1243 പേര്‍ ജോലിക്ക് കൃത്യമായി വരുന്നില്ല. അവര്‍ ഇടയ്ക്കിടെ വന്ന് ഒപ്പിടും. പെന്‍ഷന്‍ മാത്രമാണ് അവരുടെ ലക്ഷ്യം. അത്തരത്തിലുള്ളവര്‍ വി.ആര്‍എസ് എടുത്ത് പോണം. അല്ലാത്തപക്ഷം പിരിച്ചുവിടല്‍ അടക്കമുള്ള നടപടികളിലേക്ക് കടക്കും. പലരും നോട്ടീസ് കൈപ്പറ്റാതെ നടക്കുകയാണ്. അവരുടെ പേര് വെച്ച് ഫുള്‍പേജ് പരസ്യം കൊടുക്കാന്‍ പോകുകയാണ്. ഇത്രദിവസത്തിനുള്ളില്‍ വന്ന് ജോയിന്‍ ചെയ്യുകയോ വിശദീകരണം നല്‍കുകയോ ചെയ്തില്ലെങ്കില്‍ പത്രത്തില്‍ ഫുള്‍പേജ് പരസ്യംകൊടുത്ത് പിരിച്ചുവിടും' -ബിജു പ്രഭാകര്‍ പറഞ്ഞു.
ഇന്ത്യയിലെ നിയമങ്ങള്‍ക്ക് വിരുദ്ധമായ ഡ്യൂട്ടി പാറ്റേണ്‍ കെഎസ്ആര്‍ടിസിയില്‍ നിലനില്‍ക്കുന്നുണ്ട്. ഡബിള്‍ ഡ്യൂട്ടി എന്നടക്കം പല പേരുകളിലായിട്ടാണ് ഇത് ചെയ്യുന്നത്. 12 മണിക്കൂര്‍ ഡ്യൂട്ടി ചെയ്യിപ്പിക്കുന്നുവെന്ന് കള്ളപ്രചാരണം നടത്തുന്നു. നിയമപ്രകാരം മാത്രമേ ജോലി ചെയ്യിക്കുന്നുള്ളൂ. തിരക്കുള്ള സമയം ബസ് ഓടിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു സമ്പ്രദായം കൊണ്ടുവന്നത്. രാവിലെത്തേയും വൈകിട്ടത്തേയും ഇടവേളയില്‍ വെറുതെയിരിക്കുന്ന നാല് മണിക്കൂറിന് 200 രൂപ അധികം നല്‍കുന്നുണ്ടെന്നും ബിജു പ്രഭാകര്‍ വ്യക്തമാക്കി. കെ.എസ്.ആര്‍.ടി.സിക്കെതിരെയുള്ള പ്രചാരണങ്ങളിലെ വസ്തുതകള്‍ എന്ന പേരില്‍ ബിജു പ്രഭാകര്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്.
'ഈ സമ്പ്രദായം മാറ്റണമെങ്കില്‍ എല്ലാവര്‍ക്കുംകൂടി ആലോചിക്കാം. ഒരു ജീവനക്കാരനേയും അനാവശ്യമായി ബുദ്ധിമുട്ടിക്കാന്‍ താത്പര്യമില്ല. നിലവിലെ ഡ്യൂട്ടി സമ്പ്രദായം അനുസരിച്ച് കൂടുതല്‍ വരുമാനം കിട്ടും. സര്‍ക്കാരിന് മുന്നില്‍ കൈ നീട്ടേണ്ടതില്ല. പ്രൊഡക്ടിവിറ്റി കൂട്ടുന്നതിനായി സുശീല്‍ ഖന്ന റിപ്പോര്‍ട്ടില്‍ പറഞ്ഞത് പ്രകാരമാണിത്.
രണ്ട് ദിവസം ഡ്യൂട്ടിക്ക് വന്നിട്ട് ബാക്കി ദിവസം വീട്ടിലിരിക്കാന്‍ പറ്റില്ല. അങ്ങനെ വരുന്നവര്‍ക്ക് ഇനി ആറ് ദിവസം വരുമ്പോള്‍ ബുദ്ധിമുട്ടാകും. പക്ഷേ ചെയ്തേ പറ്റൂ. കേരളത്തില്‍ വേറെ ഏതെങ്കിലും വകുപ്പില്‍ ഇങ്ങനെ രണ്ടു ദിവസം മാത്രം ജോലി ചെയ്യുന്നവരുണ്ടോയെന്നും ബിജു പ്രഭാകര്‍ ചോദിച്ചു.