Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

റിപ്പോർട്ടറിൽനിന്ന് രാജിവെച്ച് അപർണ; നിലപാടിലെ തെളിച്ചമാണ് പ്രധാനമെന്ന് വിശദീകരണം 

കൊച്ചി- എം.വി നികേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള റിപ്പോർട്ടർ ചാനലിൽനിന്ന് രാജിവെക്കുകയാണെന്ന് വാർത്ത അവതാരക അപർണ സെൻ. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അപർണ ഇക്കാര്യം അറിയിച്ചത്. 
റിപ്പോർട്ടറിൽ നിന്ന് ഔദ്യോഗികമായി രാജിവെയ്ക്കുകയാണെന്നും സ്വന്തം വീട് വിട്ടിറങ്ങുന്ന വിഷമമാണ് മനസിലെന്നും അപർണ സെൻ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിൽനിന്ന്:
ഈ പടിയിറക്കം ഒരു അനിവാര്യതയാണ്. വ്യക്തി ജീവിതത്തിലായാലും കരിയറിലായാലും ഇടങ്ങളും നിലപാടിലെ തെളിച്ചവുമാണ് ഏറ്റവും വലുതെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. ഒരു മാധ്യമപ്രവർത്തകന്റെ ഉടമസ്ഥതയിൽ നിന്ന് ഒരു മുഖ്യധാരാ വാർത്താ സ്ഥാപനം കൈവിട്ട് പോയതിൽ വിഷമിക്കുന്നത് ഞാൻ മാത്രമല്ല എന്നുമറിയാം.
നിർഭയം മുന്നോട്ടുപോയ വാർത്താ നിലപാട്, 'വാർത്ത ആണെങ്കിൽ' കൊടുക്കാമെന്ന ധൈര്യം, ശരിയായ മാർഗത്തിലൂടെയാണ് സഞ്ചരിക്കുന്നതെന്ന ബോധ്യം, നീണ്ടുനിന്ന ഇല്ലായ്മയുടെ കാലത്തും പിടിച്ചുനിർത്തിയ സഹപ്രവർത്തകരുടെ സ്നേഹവും ഇച്ഛാശക്തിയും,....ഇതെല്ലാമാണ് റിപ്പോർട്ടറിൽ ഇത്രയും നാൾ തുടരാൻ പ്രേരിപ്പിച്ചിരുന്നത്. ഞാൻ ഒപ്പമുണ്ടെങ്കിലും ഇല്ലെങ്കിലും റിപ്പോർട്ടർ ടിവി മേൽ പറഞ്ഞ പോലെ തുടരണം എന്നാണ് ആഗ്രഹം. (ഇല്ലായ്മ ഒഴികെ. അന്നത്തെ ദുരിതം ഓർക്കാൻ കൂടി താൽപര്യമില്ല.)  കൃത്യമായ വാർത്താ നയമുണ്ടായിരുന്നിട്ടും അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്തതിനാൽ ചെയ്യാൻ പറ്റാതെ പോയെ അനേകമനേകം വാർത്തകളേക്കുറിച്ചുള്ള നഷ്ടബോധം കൂടിയാണ് എനിക്ക് റിപ്പോർട്ടർ ടിവി. ഇപ്പോൾ എല്ലാ സൗകര്യവും ഉണ്ട്. 
ജീവിതത്തേക്കുറിച്ചും കരിയറിനേക്കുറിച്ചും ഇതിലും വലിയൊരു കോഴ്സ്/പരീക്ഷണം എനിക്ക് കിട്ടാനില്ല. അനുഭവങ്ങളുടെ സമ്പത്ത് മാത്രം ബാങ്ക് ബാലൻസാക്കി ഇറങ്ങുമ്പോൾ അങ്ങനെ പറയാനുള്ള പ്രിവിലേജ് പോലും കിട്ടാതെ പോയ ഒട്ടേറെ സഹപ്രവർത്തകർ കൺമുന്നിൽ വരുന്നു. ഇന്ന് എക്സ്റ്റൻഡഡ് റിയാലിറ്റിയുടെ പൊലിമയിൽ നിൽക്കുന്ന റിപ്പോർട്ടറുടെ അടിത്തറ കെട്ടിയത് അവരുടെ പട്ടിണിയിലും വിയർപ്പിലുമാണ്. ആ കടം വീട്ടാതെ എത്ര നിറം കലക്കിയിട്ടും കാര്യമില്ല. ആ കടപ്പാട് തീർത്താൽ കേരള ജനതയിൽ കുറച്ചുപേരുടെയെങ്കിലും വിശ്വാസ്യത തിരികെ പിടിക്കാനായേക്കും. റിപ്പോർട്ടറിന് വേണ്ടി ഒരുപാട് ത്യാഗം സഹിച്ചു എന്നൊന്നും പറയാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. റിപ്പോർട്ടറിനെ നിലനിർത്തിയ നൂറ് കണക്കിന് പേരിൽ ഒരാൾ എന്ന വിശേഷണം മാത്രം മതി എനിക്ക്. 
ഒരു ന്യൂസ് ആങ്കർ ആകുമെന്ന് കരുതിയിട്ടില്ല. ആഗ്രഹിച്ചിട്ടുമില്ല. പ്രിന്റ് ജേണലിസത്തോടായിരുന്നു കൂടുതൽ താൽപര്യം.  ഷോർട്ട് ഡോക്യുമെന്ററികൾ ചെയ്യാമല്ലോ എന്നതാണ് വിഷ്വൽ മീഡിയയിൽ ആകർഷകമായി തോന്നിയത്. അഡ്വർടൈസിങ്ങും കോപ്പി റൈറ്റിങ്ങുമായിരുന്നു മറ്റ് ഇഷ്ടങ്ങൾ. ഏത് ചുറ്റുപാടിനോടും പരുവപ്പെടാൻ കഴിയുമെന്ന ആത്മവിശ്വാസവും റിപ്പോർട്ടർ എന്ന പ്ലാറ്റ്ഫോമും വേറൊരു വഴി തുറന്നിട്ടു. ഇതുവരെയുള്ള കാര്യങ്ങളിൽ സന്തുഷ്ടയാണ്, സംതൃപ്തയാണ്. അന്ന് അതായിരുന്നു ശരി. ഇന്ന് ഇതാണ് ശരി. എല്ലാത്തിനേയും കാലം വിധിക്കട്ടെ. 
ഷോ ബിസിനസെന്ന നിലയിൽ മലയാള മാധ്യമ പ്രവർത്തന മേഖല വളരുകയാണ്. ഒരു വിഭാഗം മാധ്യമപ്രവർത്തകർക്ക് ഇടങ്ങൾ ചുരുങ്ങുകയും. പറ്റാത്തയിടങ്ങളിൽ നിന്ന് മാറുന്നത് തന്നെയാണ് നല്ലത്. കാര്യങ്ങൾ മുഖത്ത് നോക്കി കൃത്യമായി, വ്യക്തമായി പറയാനുള്ള ആർജവും ജനാധിപത്യബോധവും റിപ്പോർട്ടറിന്റെ പുതിയ മാനേജ്മെന്റിനുണ്ടാകട്ടെയെന്ന് ആശംസിക്കുന്നു. 
ഞാൻ ഇവിടെയൊക്കെത്തന്നെ കാണും എന്നുള്ളതുകൊണ്ട് പ്രത്യേകിച്ച് ആരുടേയും പേരെടുത്ത് നന്ദി പറയുന്നില്ല. എന്തൊക്കെയായാലും നിലപാട് വിട്ടൊരു കളിയില്ല. ??
'ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവന് എന്തു പ്രയോജനം? ഒരുവൻ സ്വന്തം ആത്മാവിനുപകരമായി എന്തു കൊടുക്കും?' -- ബൈബിള്

Latest News