മലപ്പുറം - ഏക സിവിൽകോഡിനെതിരെ സി.പി.എം കോഴിക്കോട്ട് സംഘടിപ്പിച്ച സെമിനാറിൽ സമസ്ത പങ്കെടുത്തത് മുശാവറയുടെ തീരുമാനപ്രകാരമല്ലെന്ന് സമസ്ത നേതാവും വിദ്യാഭ്യാസ വിദഗ്ധനുമായ ഡോ. ബഹാവുദ്ദീൻ മുഹമ്മദ് നദ്‌വി കൂരിയാട് പറഞ്ഞു.
സമസ്തയുടെ മുശാവറ യോഗം രണ്ടുമാസം മുമ്പാണ് ചേർന്നത്. അന്ന് ഇത്തരമൊരു വിഷയം ചർച്ചക്ക് വന്നിട്ടില്ല. സമസ്ത ഭാരവാഹികൾ പരസ്പരം ചർച്ച ചെയ്തായിരിക്കും സെമിനാറിൽ പങ്കെടുക്കാൻ തീരുമാനിച്ചത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നതും മറ്റു പലരും പറയുന്നതും വ്യക്തിപരമായ അഭിപ്രായമാണ്. മുശാവറ യോഗം ചേർന്നു പറയുന്നതാണ് സമസ്തയുടെ നിലപാട്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ മുസ്‌ലിംകളോട് കൊലച്ചതി ചെയ്തവരാണ്. ചരിത്രത്തിൽ വഞ്ചനാപരമായ നിലപാട് സ്വീകരിച്ചവരോട് ഒരിക്കലും യോജിക്കാനാവില്ല. സമസ്തയെ ഒന്നും ചെയ്യാൻ സി.പി.എമ്മിന് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സി.പി.എം സെമിനാറിൽ സമസ്ത പങ്കെടുക്കുന്നതിനെതിരെ ഇദ്ദേഹം അടക്കമുള്ള സമസ്തയിലെ ചില നേതാക്കൾ പരോക്ഷ വിമർശമുന്നയിച്ചിരുന്നു. കമ്മ്യൂണിസ്റ്റുകളുമായി കൈകോർക്കുന്ന പാരമ്പര്യം സമസ്തക്കില്ലെന്നായിരുന്നു ബഹാവുദ്ദീൻ നദ്‌വിയുടെ വിമർശം.
എന്നാൽ, സി.പി.എമ്മിന്റെ ഏക സിവിൽകോഡിനെതിരായ സെമിനാറിൽ മറ്റു മുസ്‌ലിം സംഘടനകളെ പോലെ സമസ്തയും പ്രതിനിധികളെ അയച്ചിരുന്നു. സമസ്തയെ പ്രതിനിധീകരിച്ച് സംഘടയുടെ സംസ്ഥാന സെക്രട്ടറി കെ ഉമ്മർ ഫൈസിയായിരുന്നു ദേശീയ സെമിനാറിൽ പ്രസംഗിച്ചത്. ഏക സിവിൽ കോഡിനെ എതിർക്കാൻ ആര് വിളിച്ചാലും അതിന്റെ മുമ്പിലും പിന്നിലുംനിന്ന് യോജിച്ചു പ്രവർത്തിക്കാമെന്നാണ് ഉമ്മർ ഫൈസി സെമിനാറിൽ പ്രസംഗിച്ചത്. ഇതാണ് സമസ്തയുടെ നിലപാടെന്നും അതാണ് ജിഫ്രി തങ്ങൾ പ്രഖ്യാപിച്ചതെന്നും മറ്റെല്ലാം അപശബ്ദങ്ങളാണെന്നും അതിനെ അവഗണിക്കണമെന്നുമായിരുന്നു ഉമ്മർ ഫൈസിയുടെ ആഹ്വാനം. ഇതിന് സ്റ്റേജിലും സദസ്സിലും നിറഞ്ഞ കൈയടിയും ലഭിച്ചിരുന്നു.