തിരുവനന്തപുരം - മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി ശ്രീറാം വെങ്കിട്ടരാമൻ സുപ്രീം കോടതിയിൽ. നരഹത്യക്കുറ്റം നിലനിൽക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് പ്രതി സുപ്രീം കോടതിയെ സമീപിച്ചത്.
നരഹത്യക്കുറ്റം ചുമത്താൻ തെളിവില്ലെന്നാണ് അപ്പീലിൽ പറയുന്നത്. അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധന റിപ്പോർട്ടിൽ ശരീരത്തിൽ മദ്യത്തിന്റെ അംശമില്ലെന്ന് വ്യക്തമാക്കിയതായും ശ്രീറാം വെങ്കിട്ടരാമൻ പറയുന്നു. ഇതൊരു സാധാരണ മോട്ടോർ വകുപ്പ് പ്രകാരമുള്ള കേസ് മാത്രമാണ്. തനിക്കെതിരെയുള്ള കേസിന് പിന്നിൽ വലിയ രീതിയിലുള്ള മാധ്യമസമ്മർദ്ദമുണ്ടെന്നും തെളിവുകളില്ലാതെയാണ് തനിക്കെതിരെ നരഹത്യാക്കുറ്റം ചുമത്താം എന്നുള്ള ഹൈക്കോടതിയുടെ വിധി എന്നും അപ്പീലിൽ ശ്രീറാം വെങ്കിട്ടരാമൻ ആരോപിച്ചു. 2019 ആഗസ്ത് മൂന്നിനാണ് കെ.എം ബഷീർ എന്ന തിരുവനനന്തപുരത്തെ സിറാജ് പത്രത്തിന്റെ ലേഖകൻ ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച വാഹനമിടിച്ച് കൊല്ലപ്പെട്ടത്. മദ്യലഹരിയിലായിരുന്ന ശ്രീറാം വെങ്കിട്ടരാമൻ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തെളിവുകളെല്ലാം നശിപ്പിക്കാൻ ശ്രമിച്ചതിനെതിരേ വ്യാപക പരാതി ഉയർന്നിരുന്നു. കൊല്ലപ്പെട്ട ബഷീറിന്റെ ഒരു മൊബൈൽ ഫോൺ പോലും ഇതുവരെ കണ്ടെത്താൻ പോലീസിനായിട്ടില്ല. അത്രത്തോളം സഹായമാണ് ഉന്നത ഉദ്യോഗസ്ഥരിൽനിന്നടക്കം പ്രതിക്ക് ലഭിച്ചത്.