Sorry, you need to enable JavaScript to visit this website.

ജയരാജനെയും ശോഭ സുരേന്ദ്രനെയും കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് എം.എം ഹസൻ

കോഴിക്കോട്- ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജനെയും ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രനെയും കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ.  ജയരാജനെ പോലൊരാൾ പാർട്ടിയിലേക്ക് കടന്നുവരാൻ തയ്യാറായാൽ ആലോചിച്ച് തീരുമാനമെടുക്കുമെന്നും ബി.ജെ.പി നേതൃത്വവുമാി ഇടഞ്ഞുനിൽക്കുന്ന ശോഭ സുരേന്ദ്രനെയും പാർട്ടിയിലേക്ക് കൊണ്ടുവരുന്ന കാര്യം ആലോചിക്കാവുന്നതാണെന്നും ഹസൻ പറഞ്ഞു. 
ഇ.പി ജയരാജനെ പോലൊരാൾ മാർക്സിസ്റ്റ് പാർട്ടിയുടെ സർവാധിപത്യത്തിനും ജനാധിപത്യ വിരുദ്ധവുമായ പ്രവർത്തനങ്ങൾക്കുമെതിരെ നിലപാട് സ്വീകരിച്ച് കോൺഗ്രസിന്റെ അടിസ്ഥാന തത്വങ്ങളിൽ വിശ്വാസമർപ്പിച്ച് കോൺഗ്രസിലേക്ക് കടന്നുവരാൻ തയ്യാറായാൽ ആലോചിച്ച് തീരുമാനമെടുക്കുമെന്ന് ഹസൻ പറഞ്ഞു.
ബി.ജെ.പിയുടെ വർഗീയ ഫാസിസത്തിലും അടിസ്ഥാന നയങ്ങളിലും വിയോജിപ്പ് പ്രകടിപ്പിച്ച് രാഷ്ട്രീയ ശുദ്ധവായു ശ്വസിക്കാൻ തയ്യാറായാൽ ശോഭ സുരേന്ദ്രന്റെ കാര്യത്തിലും ആലോചിച്ച് തീരുമാനമെടുക്കുമെന്നായിരുന്നു പ്രതികരണം.
അതേസമയം, പാർട്ടി നേതൃത്വത്തോട് ഇടഞ്ഞുനിൽക്കുന്ന കേന്ദ്ര കമ്മിറ്റി അംഗവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജനെ മെരുക്കാൻ ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തിറങ്ങി. പാർട്ടിയെ വെട്ടിലാക്കുന്ന നടപടികളുമായി പോകുന്ന ഇ.പിയുടെ നിലപാട് അണികളിൽ ആശങ്കയുണ്ടാക്കുന്നതിനാലാണ് മുഖ്യമന്ത്രി ഇടപെട്ടത്. സി.പി.എം പൊതുസിവിൽ നിയമത്തിനെതിരെ സംഘടിപ്പിച്ച സെമിനാറിൽ നിന്ന് വിട്ടുനിന്ന ജയരാജനെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുവരുത്തി. പാർട്ടി പ്രവർത്തനങ്ങളിൽ സജീവമാകണമെന്ന് ജയരാജനോട് മുഖ്യമന്ത്രി നിർദേശിച്ചതായാണ് അറിയുന്നത്. ഈ മാസം 22 ന് നടക്കുന്ന ഇടതുമുന്നണി യോഗത്തിൽ പങ്കെടുക്കാമെന്ന് ജയരാജൻ ഉറപ്പും നൽകിയിട്ടുണ്ട്.
കോഴിക്കോട്ട് പാർട്ടി സെമിനാർ നടക്കുമ്പോൾ ഇ.പി. ജയരാജൻ തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തിരുന്നു. തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ മേഖല കമ്മിറ്റിയുടെ 'സ്‌നേഹവീട്' സമർപ്പണച്ചടങ്ങിലാണ് ജയരാജൻ പങ്കെടുത്തത്. പാർട്ടി സെക്രട്ടറിയായുള്ള എം.വി. ഗോവിന്ദന്റെ വരവാണ് ഇ.പി. ജയരാജനെ പാർട്ടിയിൽ നിന്നും അകറ്റിയത്. സജീവ രാഷ്ട്രീയം തന്നെ ഉപേക്ഷിക്കുന്നതിനെക്കുറിച്ച് അക്കാലയളവിൽ ജയരാജൻ അടുത്ത വൃത്തങ്ങളോട് പറഞ്ഞിരുന്നു. തന്നേക്കാൾ ജൂനിയറായ ഗോവിന്ദൻ പാർട്ടി സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായതിൽ ഇ.പിക്ക് പരിഭവമുണ്ട്. ഇത് ഗോവിന്ദനോടുള്ള അകൽച്ചക്ക് കാരണമായി. ഇരുവരും ഒരുമിച്ചുള്ള പരിപാടികളിൽ നിന്നും ജയരാജൻ വിട്ടു നിൽക്കാൻ തുടങ്ങി. സെക്രട്ടറി എം.വി. ഗോവിന്ദൻ തിരുവനന്തപുരത്തെത്തുമ്പോൾ ഇ.പി. ജയരാജൻ മലബാർ മേഖലയിലും സെക്രട്ടറി മലബാർ മേഖലയിലെത്തുമ്പോൾ ജയരാജൻ തിരുവനന്തപുരത്തേക്കും മാറുന്നത് പാർട്ടിക്കുള്ളിലും പുറത്തും സജീവ ചർച്ചയായി മാറി. 
പാർട്ടി കൊട്ടിഘോഷിച്ചു നടത്തിയ സെമിനാറിൽ ജയരാജൻ വിട്ടുനിന്നത് സെമിനാറിനെക്കുറിച്ചുള്ള വീരവാദങ്ങൾക്ക് മങ്ങലേൽപിച്ചിരുന്നു. ഇ.പി. ജയരാജൻ പങ്കെടുക്കാത്തത് ചർച്ചയായതോടെ ''ജയരാജൻ പങ്കെടുക്കാത്തതിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കണം. ആരെയും നിർബന്ധിക്കാൻ പറ്റില്ലല്ലോ. ക്ഷണിച്ചിട്ടല്ല ഞാൻ സെമിനാറിന് വന്നത്. പാർട്ടി സെക്രട്ടറിയെന്ന ഉത്തരവാദിത്തമുള്ളതുകൊണ്ട് വന്നു. ആർക്കും സെമിനാറിലേക്ക് വരാം, വരാതിരിക്കാം'' എന്ന് പാർട്ടി സെക്രട്ടറി ഗോവിന്ദൻ പരസ്യമായി പറഞ്ഞു. ഉത്തരവാദിത്തമില്ലാത്തയാൾ എന്ന് ഇ.പി. ജയരാജനെക്കുറിച്ച് പറയാതെ പറയുകയായിരുന്നു എം.വി. ഗോവിന്ദൻ. ഇതോടെ സെമിനാറുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ വലിയ പൊട്ടിത്തെറിയാണെന്ന ധാരണ അണികൾക്കിടയിലും ശക്തമായി. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ജയരാജനെ വിളിച്ചുവരുത്തിയത്. 
വ്യക്തി നിയമത്തിനെതിരെയുള്ള പ്രചാരണ പരിപാടികൾ തീരുമാനിച്ച സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്, കമ്മിറ്റി യോഗങ്ങളിലും ഇ.പി. ജയരാജൻ പങ്കെടുത്തിരുന്നില്ല. ചികിത്സാർഥമുള്ള അവധിയാണ് കാരണമായി പറഞ്ഞത്. സെമിനാറിൽ എൽ.ഡി.എഫിലെ ആരെയെല്ലാം ക്ഷണിക്കണം എന്നതു സംബന്ധിച്ച കൂടിയാലോചനകളിലും കൺവീനർ ഉണ്ടായിരുന്നില്ല. ഇതുകൊണ്ടെല്ലാം തന്നെ ജയരാജനെ സെമിനാറിലേക്ക് പാർട്ടി നേതൃത്വം പ്രത്യേകമായി ക്ഷണിച്ചുമില്ല. ഇതാണ് പാർട്ടിയെ വെല്ലുവിളിക്കുന്ന തരത്തിൽ പ്രകോപനപരമായ നീക്കങ്ങൾക്ക് ഇ.പി. ജയരാജനെ പ്രേരിപ്പിച്ചത്. പാർട്ടി സെമിനാറിനെ കളങ്കപ്പെടുത്താനാണ് ചിലർ വിവാദമുണ്ടാക്കുന്നതെന്നാണ് ഇ.പി. ജയരാജൻ പുറമെ പറയുന്നത്. ''ഞാൻ പങ്കെടുക്കേണ്ടതായിരുന്നുവെന്നു ചിലരങ്ങു തീരുമാനിക്കുകയാണ്. അവിടെ പ്രസംഗിക്കാൻ നിശ്ചയിച്ചവരുടെ കൂട്ടത്തിൽ എന്റെ പേരില്ല. ഡി.വൈ.എഫ്.ഐ പരിപാടിക്ക് ഒരു മാസം മുൻപേ ക്ഷണിച്ചതാണ്. വെള്ളിയാഴ്ച വരെ ആയുർവേദ ചികിത്സയിലായിരുന്നിട്ടും ഇവരെ വിഷമിപ്പിക്കേണ്ടെന്നു കരുതിയാണ് വന്നത്.'' എന്ന വാക്കുകളിൽ തന്നെ ക്ഷണിക്കാത്തതിലെ നീരസം ഒളിപ്പിച്ചുവച്ചിരിക്കുകയാണ് ജയരാജൻ. ജയരാജനൊപ്പം ഒരു വിഭാഗം നേതാക്കൾ കൂടെയുണ്ടെന്നതും  പാർട്ടി നേതൃത്വത്തെ ആശങ്കയിലാക്കുന്നു.
 

Latest News