Sorry, you need to enable JavaScript to visit this website.

ശശീന്ദ്രന്റെയും മക്കളുടെയും മരണം ആത്മഹത്യ തന്നെയെന്ന് ആവര്‍ത്തിച്ച് സി ബി ഐ. തുടരന്വേഷണ റിപ്പോര്‍ട്ട്


കൊച്ചി - മലബാര്‍ സിമന്റ്‌സ് ഉദ്യോഗസ്ഥനായിരുന്ന ശശീന്ദ്രന്റെയും മക്കളുടെയും മരണം ആത്മഹത്യ തന്നെയെന്ന് ആവര്‍ത്തിച്ച് സി ബി ഐ. തുടരന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. തുടരന്വേഷണത്തിലും ഇക്കാര്യം തന്നെയാണ് തെളിഞ്ഞതെന്ന് ചൂണ്ടിക്കാട്ടി എറണാകുളം സി ജെ എം കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആത്മഹത്യയാണെന്ന് സി.ബി.ഐ.യുടെ നേരത്തെയുള്ള കണ്ടെത്തലുകള്‍ ശരിയല്ലെന്നാരോപിച്ച് ശശീന്ദ്രന്റെ സഹോദരന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്. ആദ്യ കുറ്റപത്രത്തില്‍ നിന്ന് കാര്യമായ വ്യത്യാസങ്ങളില്ലാതെയാണ് തുടരന്വേഷണ റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരിക്കുന്നത്. മലബാര്‍ സിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട് വ്യവസായി വി. എം രാധാകൃഷ്ണന്‍ അടക്കമുള്ളവര്‍ക്കെതിരെ മരിച്ച ശശീന്ദ്രന്‍ വിജിലന്‍സില്‍ മൊഴി നല്‍കിയിരുന്നു. തുടര്‍ന്നുണ്ടായ സമ്മര്‍ദ്ദവും മാനസിക സമ്മര്‍ദ്ദങ്ങളുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്.  
 2011 ജനുവരി 24-നാണ്  ശശീന്ദ്രനെയും (46) മക്കളായ വിവേക് (10), വ്യാസ് (എട്ട്) എന്നിവരെയും കഞ്ചിക്കോട് കുരുടിക്കാട്ടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും പിന്നീട് ഹൈക്കോടതി കേസ് സി ബി ഐക്ക് വിടുകയായിരുന്നു. ആത്മഹത്യയാണെന്ന വാദം തള്ളിക്കൊണ്ട്  സി.ബി.ഐ.ക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയാണ് ഹൈക്കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്. കേരളത്തിന് പുറത്തുള്ള സി ബി ഐ സംഘമാണ് അന്വേഷണം നടത്തിയത്.

 

Latest News