ദുബായ്- നാടുകടത്തുമെന്ന് ഭീഷണിപ്പെടുത്തി പ്രവാസികളില്‍നിന്ന് പണം തട്ടാനുള്ള ശ്രമങ്ങള്‍ യു.എ.ഇയില്‍ വര്‍ധിച്ചു. എമിഗ്രേഷന്റെ പേരില്‍ നടത്തുന്ന തട്ടിപ്പില്‍ കുടുങ്ങരുതെന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചാല്‍ ഉടന്‍ പോലീസുമായി ബന്ധപ്പെടണം.
നാടുകടത്തുമെന്ന് ഭീഷണിപ്പെടുത്തി ഇന്ത്യക്കാരിയെ കബളിപ്പിച്ച സംഭവം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എമിഗ്രേഷന്‍ ഉദ്യോഗസ്ഥരാണെന്നു പരിചയപ്പെടുത്തിയാണ് അബുദാബിയില്‍ താമസിക്കുന്ന യുവതിക്ക് ഫോണ്‍ കോള്‍ ലഭിച്ചത്. യുവതിയുടെ ഫയലില്‍ ചില എമിഗ്രേഷന്‍ രേഖകള്‍ കുറവുണ്ടെന്നും നാടുകടത്തുമെന്നും ഇന്ത്യയില്‍ അറസ്റ്റിലാകുമെന്നുമാണ് അവര്‍ അറിയിച്ചത്.
സുരക്ഷാ ഉദ്യോഗസ്ഥരെ പോലെതന്നെയാണ് മൂന്നു പേര്‍ സംസാരിച്ചതെന്നും ഒരു സംശയവും തോന്നിയിരുന്നില്ലെന്നും യുവതി പറഞ്ഞു. എമിഗ്രേഷന്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 18 പ്രകാരം തന്നെ കരിമ്പട്ടികയില്‍െ പെടുത്തിയെന്നാണ് പറഞ്ഞിരുന്നത്.
നാടുകടത്തല്‍ ഒഴിവാക്കാന്‍ 1800 ദിര്‍ഹം നല്‍കി അധികൃതരില്‍നിന്ന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നേടണമെന്നും അറിയിച്ചു. ഇതിനുള്ള പണം ഫോണ്‍ ചെയ്തവര്‍ നല്‍കിയ അക്കൗണ്ട് നമ്പറിലേക്ക് ഉടന്‍ അയച്ചുവെന്നും യുവതി പറയുന്നു.