റിയാദ്- മക്കയിലെ ഹറമിലെ ഇമാമിന്റെ ശമ്പളം 8200 റിയാലാണെന്ന് സൗദി ധനകാര്യമന്ത്രാലയം അറിയിച്ചു. ഇരുഹറം കാര്യ വിഭാഗം നിശ്ചയിച്ച മാനദണ്ഡങ്ങൾക്കനുസരിച്ച് വാർഷിക അലവൻസും ഇവർക്ക് നൽകുന്നുണ്ട്.
ശൈഖ് ഡോ. സ്വാലിഹ് ബിൻ അബ്ദുല്ല ബിൻ ഹമീദ്, ശൈഖ് ഡോ. അബ്ദുറഹ്‌മാൻ ബിൻ അബ്ദുൽ അസീസ് അൽസുദൈസ്, ശൈഖ് ഡോ. സൗദ് ബിൻ ഇബ്രാഹീം അൽശുറൈം, ശൈഖ് ഡോ. ഉസാമ ബിൻ അബ്ദുല്ല ഖയ്യാത്ത്, ശൈഖ് ഡോ. സാലിഹ് ബിൻ മുഹമ്മദ് ആൽതാലിബ്, ശൈഖ് ഡോ. അബ്ദുല്ല ബിൻ അവാദ് അൽജുഹനി, ശൈഖ് ഡോ. മാഹിർ ബിൻ ഹമദ് അൽമുഐഖലി, ശൈഖ് ഡോ. ഫൈസൽ ബിൻ ജമീൽ ഗസാവി, ശൈഖ് ഡോ. ഖാലിദ് ബിൻ അലി അൽഗാംദി, ശൈഖ് ഡോ. ബന്ദർ ബിൻ അബ്ദുൽ അസീസ് ബലൈല എന്നിവരാണ് മസ്ജിദുൽ ഹറാമിലെ ഇമാമുമാർ.
ഹറമിലെ ഇമാമിന് 8200 റിയാൽ, മുഅദ്ദിന് 5000 റിയാൽ എന്നിങ്ങനെയാണ് ശമ്പളം. ഹറം സർവീസ് മേഖലയിലെ സ്റ്റാഫുകൾക്ക് 3000 റിയാൽ മുതൽ ശമ്പളസ്‌കെയിൽ ആരംഭിക്കും. ഹറമിലെ ജോലിക്കാർക്ക് ഏറ്റവും കുറഞ്ഞ ശമ്പളം 750 റിയാലാണ്. ഹറം മുറ്റങ്ങളിലും വാതിലുകളിലും നിയമിക്കപ്പെട്ടവർക്ക് ജോലിയുടെ സ്വഭാവമനുസരിച്ച് 15 ശതമാനം അലവൻസ് നൽകും. അഡ്മിൻ ഡിപ്പാർട്ട്മെന്റിലെ ജീവനക്കാർക്ക് 10 ശതമാനം അധിക ശമ്പളവും ലഭിക്കും.
അതേസമയം സൗദി അറേബ്യയിലെ പള്ളികളിലെ ഇമാമുമാർക്കും മുഅദ്ദിനുമാർക്കുമുള്ള വാർഷിക ബോണസും ധനമന്ത്രാലയം പ്രസിദ്ധീകരിച്ചു. ജുമുഅ നടക്കുന്ന എ കാറ്റഗറിയിൽ പെട്ട പള്ളിയിലെ ഇമാമുമാർക്ക് 4570 റിയാൽ, ബി വിഭാഗത്തിൽ പെട്ട പളളിയിലെ ഇമാമുമാർക്ക് 3675 റിയാൽ, എ വിഭാഗത്തിൽ പെട്ട സാധാരണ പളളിയിലെ ഇമാമുമാർക്ക് 2980 റിയാൽ, ബി ബിഭാഗത്തിൽ പെട്ട പളളി ഇമാമുമാർക്ക് 2385 റിയാൽ, സി വിഭാഗത്തിൽ പെട്ട പള്ളിയിലെ ഇമാമുമാർക്ക് 1890 റിയാൽ, ജുമുഅത്ത് പള്ളിയിലെ മുഅദ്ദിന് 1790 റിയാൽ, സാധാരണ പളളിയിലെ മുഅദ്ദിന് 1395 റിയാൽ, പള്ളി ജോലിക്കാരന് 1195 റിയാൽ എന്നിങ്ങനെയാണിത്. 30 വയസ്സിന് മുകളിലായിരിക്കണം. മത വിഷയത്തിൽ പിജി ഡിഗ്രിയുണ്ടായിരിക്കണം. ഇമാം നിൽക്കാൻ കഴിവുള്ളവനായിരിക്കണം. ഖുർആൻ മനഃപാഠമാക്കണം എന്നിവയാണ് ഹറം ഇമാമിന്റെ യോഗ്യതകൾ.