Sorry, you need to enable JavaScript to visit this website.

പതിനാറാമത് അറബ് ഗെയിംസിന് സൗദി അറേബ്യ ആതിഥ്യമരുളും

അൾജിയേഴ്‌സിൽ സമാപിച്ച 15 ാമത് അറബ് ഗെയിംസ് സമാപന ചടങ്ങിൽ സൗദി പ്രതിനിധി സംഘത്തലവൻ ഫഹദ് ബിൻ ജലവി രാജകുമാരൻ പതാക ഏറ്റുവാങ്ങുന്നു.  സൗദി കായിക മന്ത്രിയും ഫെഡറേഷൻ ഓഫ് അറബ് നാഷണൽ ഒളിംപിക് കമ്മിറ്റി പ്രസിഡന്റുമായ അബ്ദുൽ അസീസ് ബിൻ തുർക്കി രാജകുമാരൻ സമീപം

അൾജിയേഴ്‌സ്- 16 ാമത് അറബ് ഗെയിംസിന് 2027 ൽ സൗദി അറേബ്യ ആതിഥ്യമരുളും. അൾജീരിയയിൽ 15 ാം ഗെയിംസിന്റെ സമാപന ചടങ്ങിൽ സൗദി കായിക മന്ത്രിയും ഫെഡറേഷൻ ഓഫ് അറബ് നാഷണൽ ഒളിംപിക് കമ്മിറ്റി പ്രസിഡന്റുമായ അബ്ദുൽ അസീസ് ബിൻ തുർക്കി രാജകുമാരൻ സൗദി പ്രതിനിധി സംഘത്തലവൻ ഫഹദ് ബിൻ ജലവി രാജകുമാരന് പതാക കൈമാറി. അടുത്ത ഗെയിംസ് സൗദി അറേബ്യയിൽ നടത്താൻ ഒളിംപിക്‌സ് കമ്മിറ്റി നേരത്തെ തീരുമാനിച്ചിരുന്നു. 
സമാപന ചടങ്ങിൽ സൗദിയിൽ 2027 ൽ നടക്കുന്ന അടുത്ത ഗെയിംസിലേക്ക് അബ്ദുൽ അസീസ് ബിൻ തുർക്കി രാജകുമാരൻ അറബ് പ്രതിനിധികളെ സ്വാഗതം ചെയ്തു. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെയും കിരീടാവകാശിയുടെയും പിന്തുണയോടെ നടക്കാനിരിക്കുന്ന അടുത്ത അറബ് ഗെയിംസിലേക്ക് നിങ്ങളെ ഏവരേയും സ്വാഗതം ചെയ്യുന്നു. പതിനഞ്ചാമത് ഗെയിം ഏറ്റെടുത്ത് വിജയകരമായി പൂർത്തിയാക്കിയ അൾജീരിയൻ ഭരണകർത്താക്കൾക്കും ജനതക്കും മന്ത്രി നന്ദി പറഞ്ഞു. അറബ് ചാമ്പ്യൻമാർക്കും ടീമുകൾക്കും മത്സരത്തിന്റെ മൂല്യം ഉയർത്തിപ്പിടിച്ചും സാഹോദര്യ ബന്ധം കാത്തുസൂക്ഷിച്ചും അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും വേദികളിൽ മികച്ച പ്രകടനം നടത്താനും സ്വർണ മെഡലുകൾ നേടാനും ഇവിടെ അവസരമുണ്ടായി. ഇതൊരു മാന്യമായ മത്സരത്തിന്റെയും സർഗവൈഭവ പ്രകടനങ്ങളുടെയും മൈതാനമായി ഈ ഭൂമി മാറി. കായിക താരങ്ങൾ മികച്ച പ്രകടനം കാഴ്ച വെച്ച് അവരുടെ ഉത്തരവാദിത്തം നിറവേറ്റി, അദ്ദേഹം പറഞ്ഞു. ജൂലൈ അഞ്ചിനാണ് അൽജീരിയൻ തലസ്ഥാന നഗരിയിൽ 15 ാമത് അറബ് ഗെയിംസ് ആരംഭിച്ചത്. 14 ഒളിംപിക്‌സും മൂന്ന് പാരാലിമ്പിക്‌സും ഉൾപ്പെടെ 17 മത്സരങ്ങളിൽ പങ്കെടുത്ത സൗദി ടീം 47 മെഡലുകൾ നേടിയാണ് അൾജീരിയയിലെ പതിനഞ്ചാമത് അറബ് ഗെയിംസിൽ തങ്ങളുടെ പങ്കാളിത്തം ഉറപ്പിച്ചത്.

Tags

Latest News