അബുദാബി- ജയിലിലെ അന്തേവാസികളുടെ കരവിരുതിൽ വിരിയുന്നത് അതിമനോഹരമായ മസ്ജിദിന്റെ മാതൃക. അബുദാബി സെൻട്രൽ ജയിലിൽ അന്തേവാസികളുടെ നൈപുണി വികസനത്തിനായി ആരംഭിച്ച പദ്ധതിയിലാണ് മനോഹര ശിൽപ്പം തയാറാകുന്നത്. ലോകത്തിൽ തന്നെ ഏറ്റവും വലുപ്പമുള്ള കാർഡ് ബോർഡ് ശിൽപമെന്ന റെക്കോർഡ് ഈ നിർമിതിക്ക് സ്വന്തമായേക്കും. അബുദാബിയിലെ പ്രശസ്തമായ ഷെയ്ക് സായിദ് ഗ്രാന്റ് മോസ്‌കിന്റെ മാതൃകയാണ് ജയിലിലെ അന്തേവാസികൾ ചേർന്ന് നിർമിക്കുന്നത്.
ജയിൽ വകുപ്പ് അധികാരികളുടെ പ്രത്യേക താൽപര്യത്തിൽ വിദ്യാഭ്യാസ പരിശീലന വകുപ്പിന്റെ സഹകരണത്തോടെയാണ് ശിൽപം നിർമിക്കാൻ തുടങ്ങിയത്. 30,000 കാർഡ്‌ബോർഡ് പെട്ടികളാണ് ഇതിനായി ഉപയോഗിക്കുന്നത്.
വിവിധ രാജ്യക്കാരായ ജയിൽ അന്തേവാസികളാണ് നിർമാണത്തിൽ പങ്കാളികളാകുന്നത്. 11 രാജ്യക്കാരായ 13 പേരെ തെരഞ്ഞെടുത്ത് ഒരു ടീമുണ്ടാക്കുകയാണ് ആദ്യം ചെയ്തത്. രണ്ട് വർഷം മുമ്പാണ് നിർമാണം തുടങ്ങിയത്. 16 മീറ്റർ നീളവും 11.5 മീറ്റർ വീതിയും 6.85 മീറ്റർ ഉയരവുമാണ് ശിൽപത്തിനുള്ളത്. 1000 തൂണുകൾ, 150 കമാനങ്ങൾ, 64 താഴികകുടങ്ങൾ, നാല് മിനാരങ്ങൾ എന്നിവയാണുള്ളത്.
2018 ലാണ് ജയിൽ അന്തേവാസികളുടെ കഴിവുകളെ ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ച് ജയിൽ വകുപ്പ് ആലോചിച്ചത്. 15 വർഷമായി ജയിലിൽ കഴിയുന്ന യൂറോപ്യനായ ഒരു അന്തേവാസിയായിരുന്നു പ്രചോദനം. ഇയാൾ ജയിലിൽ മറ്റുള്ളവർക്ക് ഇംഗ്ലീഷ് ഭാഷാ പരിശീലനവും ഡ്രോയിംഗ് പരിശീലനവും നൽകി വരാറുണ്ടായിരുന്നു. ഈ ക്ലാസുകളിൽ നിന്നാണ്, ഒട്ടേറെ പേർക്ക് കലാവാസനയുണ്ടെന്ന് കണ്ടെത്താനായത്. ഇവരുടെ കഴിവുകളെ മികച്ച രീതിയിൽ ഉപയോഗപ്പെടുത്താൻ ജയിൽ വകുപ്പ് തീരുമാനിച്ചു. ജയിൽ അന്തേവാസികളുമായി ചർച്ച ചെയ്താണ് ശിൽപ നിർമിതിയെ കുറിച്ച് തീരുമാനമായത്. ആദ്യം ഷെയ്ക് സായിദ് ഗ്രാന്റ് മോസ്‌കിന്റെ മാതൃക നിർമിക്കാൻ തീരുമാനിക്കുകയായിരുന്നു. നിർമാണത്തിനായി 7900 ഡ്രോയിംഗുകളാണ് വരച്ചത്. പിന്നീട് ഇത് ത്രീഡി വിഷ്വലുകളാക്കി മാറ്റിയ ശേഷമാണ് നിർമാണം തുടങ്ങിയത്. ആദ്യം ചെറിയ രൂപം നിർമിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ അന്തേവാസികളുടെ താൽപര്യപ്രകാരമാണ് രണ്ട് നിലകളുള്ള ഒരു കെട്ടിടത്തേക്കാൾ ഉയരത്തിൽ വലിയ മാതൃക നിർമിക്കാൻ തീരുമാനിച്ചത്. ഗിന്നസ് ലോക റെക്കോർഡിന്റെ അധികാരികൾ ജയിൽ സന്ദർശിക്കുകയും മാതൃക വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. റെക്കോർഡ് പ്രഖ്യാപനം വൈകാതെയുണ്ടാകും.