ജിദ്ദ - കിഴക്കന്‍ ജിദ്ദയിലെ കാര്‍ഷിക മേഖലയില്‍ പോലീസ് നടത്തിയ റെയ്ഡില്‍ മദ്യനിര്‍മാണ കേന്ദ്രം കണ്ടെത്തി. ബുറൈമാന്‍ ഡിസ്ട്രിക്ടിനോട് ചേര്‍ന്ന ഹുദ അല്‍ശാം റോഡിനു സമീപത്തെ കാര്‍ഷിക മേഖലയില്‍ നിയമ ലംഘകര്‍ക്കു വേണ്ടി നടത്തിയ റെയ്ഡിനിടെയാണ് ഇഖാമ, തൊഴില്‍ നിയമ ലംഘകരായ ആഫ്രിക്കക്കാര്‍ നടത്തിയിരുന്ന മദ്യനിര്‍മാണ കേന്ദ്രം കണ്ടെത്തിയത്. മദ്യനിര്‍മാണ സംഘത്തെ പിടികൂടുന്നതിന് പോലീസിന് സാധിച്ചില്ല. രക്ഷപ്പെട്ട നിയമ ലംഘകര്‍ക്കുവേണ്ടി പ്രദേശത്ത് പോലീസ് തിരച്ചില്‍ തുടരുകയാണ്.
മറ്റൊരു സംഭവത്തില്‍, റിയാദില്‍ മദ്യവിതരണ മേഖലയില്‍ പ്രവര്‍ത്തിച്ച തുര്‍ക്കി പൗരനെ പട്രോള്‍ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര റിയാദിലെ അല്‍ഹംറ ഡിസ്ട്രിക്ടില്‍ നിന്നാണ് മദ്യ വിതരണക്കാരന്‍ പിടിയിലായത്. ആവശ്യക്കാരനെന്ന വ്യാജേന പോലീസുകാരില്‍ ഒരാള്‍ തുര്‍ക്കിയുമായി ബന്ധപ്പെട്ട് മദ്യത്തിന് ഓര്‍ഡര്‍ നല്‍കുകയായിരുന്നു. ഇതനുസരിച്ച് ധാരണാ പ്രകാരമുള്ള സ്ഥലത്ത് മദ്യക്കുപ്പികളുമായി എത്തിയ തുര്‍ക്കിയെ പോലീസുകാര്‍ കൈയോടെ അറസ്റ്റ് ചെയ്തു. അല്‍ഹംറ ഡിസ്ട്രിക്ടില്‍ കഴിഞ്ഞ ദിവസം പട്രോള്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഏതാനും ഇഖാമ, തൊഴില്‍ നിയമ ലംഘകരും പിടിയിലായി.