കൊച്ചി- നിരോധിത മയക്കുമരുന്നായ എം. ഡി. എം. എയുമായി യുവാക്കള്‍ പിടിയില്‍. കളമശ്ശേരി വിദ്യാനഗര്‍ എട്ടുകാട്ടില്‍ ഹൗസ ഉനൈസ് ഇ. കെ (31), തൃക്കാക്കര നോര്‍ത്ത് മലൈതൈക്കാവ് തലക്കോട്ടില്‍ വീട്ടില്‍ ഷിനാസ് ടി. എസ് (28) എന്നിവരാണ് കളമശ്ശേരി പോലീസ് പിടികൂടിയത്.
ടൗണ്‍ഹാളിന് സമീപം ചുവന്ന ഹ്യുണ്ടായി കാറില്‍ വന്ന ഒരാള്‍ എം. ഡി. എം. എ വില്‍പ്പന നടത്തുന്നതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ. സേതുരാമന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ എസ്. ശശിധരന്റെ നിര്‍ദ്ദേശപ്രകാരം കളമശ്ശേരി പോലീസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ദാസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് 4.40 ഗ്രാം എം. ഡി. എം. എയുമായി ഷിനാസ് പിടിയിലായത്.
ഇയാളെ വിശദമായി ചോദ്യം ചെയ്ത പോലീസിന് എം. ഡി. എം. എ ഇയാള്‍ക്കു വില്‍പ്പന നടത്തിയ ആളെ പറ്റി സൂചന ലഭിക്കുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 15.45 ഗ്രാം എം. ഡി. എം. എയുമായി ഉനൈസിനെ ചങ്ങമ്പുഴ ഗ്രൗണ്ട് ഭാഗത്ത് നിന്നും പിടികൂടുകയായിരുന്നു.
മഹീന്ദ്ര താര്‍ ജീപ്പില്‍ കറങ്ങിനടന്ന് ആവശ്യക്കാര്‍ക്ക് എം. ഡി. എം. എ എത്തിച്ചു വില്‍പ്പന നടത്തുന്നതാണ് ഇയാളുടെ രീതി. പ്രതികള്‍ ആഡംബര ജീവിതം നയിക്കുന്നതിനായാണ് മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നതെന്ന് പോലീസിനോട് പറഞ്ഞു.
കളമശ്ശേരി പോലീസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ദാസിന്റെ നേതൃത്വത്തില്‍ കളമശ്ശേരി സബ് ഇന്‍സ്‌പെക്ടര്‍മാരായ വിനോജ് എ, അജയകുമാര്‍. കെ. പി, എ. എസ്. ഐ സുനില്‍കുമാര്‍, എസ്. സി. പി. ഒമാരായ ബിനു, ഇസ്ഹാക്, ശ്രീജിത്ത്, ശ്രീജിഷ്, ഷമീര്‍, സി. പി. ഒമാരായ ഷിബു, കൃഷ്ണരാജ്, വിനീഷ് എന്നിവര്‍ ഉള്‍പ്പെട്ട പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.