റിയാദ് - നിര്‍മാണത്തിലുള്ള തകരാറുകള്‍ക്ക് ആറു മാസത്തിനിടെ 2,51,683 കാറുകള്‍ തിരിച്ചുവിളിച്ചതായി വാണിജ്യ, നിക്ഷേപ മന്ത്രാലയം അറിയിച്ചു. ടൊയോട്ട കൊറോള, ഫോര്‍ഡ് ഫ്യൂഷന്‍, ഡോഡ്ജ് ചാര്‍ജര്‍, മസ്ദ എക്.സി 9, ജീപ്പ് ഗ്രാന്റ് ചെറോകി എന്നിവയാണ് തിരിച്ചുവിളിച്ച കാറുകളില്‍ പ്രധാന മോഡലുകള്‍.
കാറുകളുടെ നിര്‍മാണ ഗുണമേന്മ ഉപയോക്താക്കളുടെ അവകാശമാണ്. മോശം രീതിയില്‍ ഉപയോഗിക്കല്‍, ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട കമ്പനി നിര്‍ദേശങ്ങള്‍ പാലിക്കാതിരിക്കല്‍, അപകടങ്ങള്‍, വിധ്വംസക പ്രവര്‍ത്തനങ്ങള്‍, വാഹനങ്ങള്‍ ശ്രദ്ധയോടെ പരിചരിക്കാതിരിക്കല്‍, കമ്പനിയുടെ നിര്‍ദേശങ്ങള്‍ക്ക് നിരക്കാത്ത റിപ്പയറിംഗുകള്‍, അറ്റകുറ്റപ്പണി നടത്തുന്നതിന് ശ്രദ്ധിക്കാതിരിക്കല്‍ എന്നിവ മൂലമല്ലാതെ വാഹനങ്ങളിലുണ്ടാകുന്ന തകരാറുകള്‍ക്ക് ഗ്യാരണ്ടി ലഭിക്കുന്നതിന് ഉപയോക്താക്കള്‍ക്ക് അവകാശമുണ്ട്. പണം ഈടാക്കി, ഉയര്‍ന്ന ഗുണമേന്മയിലുള്ള അറ്റകുറ്റപ്പണി ലഭ്യമാക്കുന്നതിന് കാര്‍ ഏജന്‍സി ബാധ്യസ്ഥമാണ്. ഗ്യാരണ്ടി പ്രകാരം കവറേജ് ലഭിക്കുന്ന സാങ്കേതിക തകാറുകള്‍ കാറുകളില്‍ പ്രത്യക്ഷപ്പെടുന്ന പക്ഷം അവ നന്നാക്കുന്ന വാഹന ഏജന്‍സിയുടെ ഏറ്റവും അടുത്ത വര്‍ക്ക് ഷോപ്പ് ഉപയോക്താവ് താമസിക്കുന്ന നഗരത്തില്‍ നിന്ന് 100 കിലോമീറ്ററില്‍ കൂടുതല്‍ ദൂരത്താണെങ്കില്‍ കാറുകള്‍ വര്‍ക്ക് ഷോപ്പില്‍ എത്തിക്കുന്നതിനും അറ്റകുറ്റപ്പണികള്‍ക്കു ശേഷം തിരിച്ചെത്തിക്കുന്നതിനുമുള്ള ചെലവുകള്‍ കാര്‍ ഏജന്‍സി വഹിച്ചിരിക്കണമെന്നും വ്യവസ്ഥയുണ്ട്.