Sorry, you need to enable JavaScript to visit this website.

സമസ്ത ആരുടെയും ബി ടീമല്ല; 'നിലപാടുകളുടെ സയ്യിദരേ, അങ്ങാണ് ശരി'; ജിഫ്രി തങ്ങളെ പിന്തുണച്ച് കെ.ടി ജലീൽ

കോഴിക്കോട് - സമസ്ത ഒരു പാർട്ടിയുടെയും 'ബി' ടീമല്ലെന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പരാമർശത്തിന് പിന്തുണയുമായി ഡോ. കെ.ടി ജലീൽ എം.എൽ.എ. മമ്പുറം തങ്ങളുടെയും ഫസൽ പൂക്കോയ തങ്ങളുടെയും വരക്കൽ മുല്ലക്കോയ തങ്ങളുടെയും യഥാർത്ഥ പിൻഗാമിയാണ് ജിഫ്രി തങ്ങളെന്ന് ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
 'മമ്പുറം സയ്യിദ് അലവിക്കോയ തങ്ങളുടെയും സയ്യിദ് ഫസൽ പൂക്കോയ തങ്ങളുടെയും വരക്കൽ മുല്ലക്കോയ തങ്ങളുടെയും യഥാർത്ഥ പിൻഗാമി സയ്യിദുൽ ഉലമ ജിഫ്രി മുത്തുകോയ തങ്ങൾ. നിലപാടുകളുടെ സയ്യിദരേ, അങ്ങാണ് ശരി. വസ്സലാം..' ജിഫ്രി തങ്ങളുടെ ഇംഗ്ലീഷ് പത്ര അഭിമുഖ പരാമർശങ്ങൾ പങ്കുവെച്ച് കെ.ടി ജലീൽ കുറിച്ചു.
 'സമസ്തയിലെ വ്യക്തികളിൽ പല രാഷ്ട്രീയക്കാരുമുണ്ടാകും. എന്നാൽ, സംഘടനാപരമായി ഒരു രാഷ്ട്രീയ പാർട്ടിയോടും സംഘടനയ്ക്ക് പ്രത്യേക താൽപര്യമില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കിയിരുന്നു. സമസ്ത ഒരു പാർട്ടിയുടെയും ബി ടീമല്ല. ഒരു പാർട്ടിയെയും പിന്തുണയ്ക്കുന്നുമില്ല. 1989-ൽ സമസ്തയിലുണ്ടായ പിളർപ്പിനുശേഷം ലീഗും സമസ്തയും ഒന്നുകൂടി യോജിച്ചു നിൽക്കുന്നുണ്ട്. സമസ്തയുടെ നേതാക്കന്മാർ തന്നെയാണ് ലീഗിന്റെയും പ്രധാന നേതാക്കൾ എന്നതാണതിനു കാരണം. ലീഗിൽ സമസ്തക്കാർ മാത്രമല്ല, മുജാഹിദുകൾ ഉൾപ്പെടെയുള്ളവരുണ്ട്. എന്നാൽ, ലീഗിന്റെ പ്രധാന നേതാക്കൾ സമസ്തക്കാരായിരുന്നു. നമ്മുടെ മദ്രസകളിലും കോളജുകളിലുമെല്ലാം അങ്ങോട്ടും ഇങ്ങോട്ടും ബന്ധപ്പെട്ടാണ് നിൽക്കുന്നത്. പാണക്കാട് തങ്ങന്മാരും ബാഫഖി തങ്ങൾ ഉൾപ്പെടെയുള്ളവരും സുന്നികളും സമസ്തയുമായി അടുത്ത് ഇടപഴകി നിൽക്കുന്നവരായിരുന്നു. ആ നിലക്കുള്ള ബന്ധമുണ്ടെന്നും ജിഫ്രി തങ്ങൾ  പ്രതികരിച്ചിരുന്നു.

Latest News