ഫ്‌ളോറിഡ- മേജര്‍ ലീഗിലെ ഇന്റര്‍ മിയാമിയുമായി ചേരാനുള്ള കരാര്‍ ലയണല്‍ മെസ്സി പൂര്‍ത്തിയാക്കി. മെസ്സിയെ ക്ലബ്ബിലെത്തിക്കാനുള്ള വര്‍ഷങ്ങളുടെ ആസൂത്രണമാണ് ഇന്റര്‍ മിയാമി നടത്തിയത്.
കരാറിന്റെ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും ഏകദേശം ആറു കോടി യു. എസ് ഡോളര്‍ ആണ് വാര്‍ഷിക പ്രതിഫലമെന്നാണ് സൂചന.
യൂറോപ്യന്‍ ഫുട്ബാള്‍ കളിക്കളം വിട്ട മെസി അമേരിക്കന്‍ മേജര്‍ ലീഗിലെ ഇന്റര്‍ മിയാമി ക്ലബുമായി ധാരണയിലെത്തിയതിനു പിന്നാലെ ക്ലബിന്റെ പത്താം നമ്പര്‍ പിങ്ക് ജഴ്സിയും ധരിച്ചു നില്‍ക്കുന്ന ചിത്രവും വീഡിയോയും ക്ലബ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു. കരാര്‍ പൂര്‍ത്തീകരിക്കുന്നതിനായി മെസ്സി ഭാര്യക്കും മൂന്നു മക്കള്‍ക്കുമൊപ്പം കഴിഞ്ഞ ദിവസം ഫ്‌ളോറിഡയിലെത്തിയിരുന്നു. ക്ലബിന്റെ ഹോംഗ്രൗണ്ടായ ഫോര്‍ട്ട് ലോഡര്‍ഡേലിലെ ഡി. ആര്‍. വി പിങ്ക് സ്റ്റേഡിയത്തില്‍ ഞായറാഴ്ച ആരാധകര്‍ക്കു മുമ്പില്‍ മെസ്സിയെ അവതരിപ്പിക്കും.
'ദി അണ്‍വീല്‍' എന്ന് പേരിട്ടിരിക്കുന്ന പരിപാടി പ്രാദേശിക സമയം രാത്രി എട്ടിനാണ്. 21ന് മെക്സിക്കന്‍ ക്ലബ് ക്രൂസ് അസൂളുമായി ലീഗ്സ് കപ്പ് മത്സരത്തില്‍ മെസ്സി ഇന്റര്‍ മയാമിക്കു വേണ്ടി അരങ്ങേറും. രണ്ടര വര്‍ഷത്തേക്കാണ് മെസ്സി മുന്‍ ഇംഗ്ലീഷ് സൂപ്പര്‍താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ക്ലബുമായി കരാറിലെത്തിയത്.
സ്പാനിഷ് ഭാഷയില്‍ 'സ്വാഗതം 10' എന്ന ക്യാപ്ഷനൊപ്പമാണ് മെസ്സി ക്ലബിന്റെ ജഴ്സിയും ധരിച്ചുനില്‍ക്കുന്ന ചിത്രം ഇന്റര്‍ മിയാമി അവരുടെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.