കോഴിക്കോട് - ഏക സിവില്‍ കോഡിനെതിരെ സി പി എം സംഘടിപ്പിച്ച സെമിനാര്‍ ചീറ്റിപ്പോയ വാണമെന്ന് കെ മുരളീധരന്‍ എം പി. പറഞ്ഞു, മതസംഘടനകളുടെ മുതിര്‍ന്ന നേതാക്കള്‍ക്ക് പകരം പങ്കെടുത്തത് അവരുടെ പ്രതിനിധികളാണ്. കൊടിവച്ച വാഹനത്തില്‍ ആളെ എത്തിച്ചതുകൊണ്ടാണ് കുറച്ചാളുകള്‍ വന്നത്. സെമിനാറില്‍ മുസ്ലിം വനിതാ പങ്കാളിത്തം ഉണ്ടായില്ല. എന്‍ ഡി എ ഘടകകക്ഷി നേതാവ് സെമിനാറില്‍ പങ്കെടുത്തപ്പോള്‍ തന്നെ കാര്യങ്ങള്‍ എങ്ങനെയാണ് പോകുന്നതെന്ന് വ്യക്തമായെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി. സെമിനാറിന് ജനപങ്കാളിത്തം ഉണ്ടായി എന്ന് അവകാശപ്പെടാന്‍ കഴിയില്ല. ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നടത്തുന്ന ജനസദസ്സിലേക്ക് സി പി എമ്മിനെയും ഇടതുപക്ഷത്ത് നില്‍ക്കുന്നവരെയും ക്ഷണിക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു. എന്നാല്‍ മതസംഘടനകളെ ക്ഷണിക്കും. വ്യക്തി നിയമത്തിലെ പരിഷ്‌കരണം ഇപ്പോള്‍ ചര്‍ച്ചയാക്കേണ്ട കാര്യമില്ല. വിഷയം കൂടുതല്‍ ചര്‍ച്ച ചെയ്യുന്നത് ബി ജെ പിക്ക് ഗുണമാകുമെന്നും അദ്ദേഹം പറഞ്ഞു.