തൃശൂർ -വരന്തരപ്പിള്ളിയിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തൽ. ഭാര്യ അറസ്റ്റിലായി. വരന്തരപ്പിള്ളി കലവറക്കുന്ന് സ്വദേശി വിനോദ് മരണപ്പെട്ട സംഭവമാണ് കൊലപാതകമാണെന്നും ഭാര്യ നിഷയാണ് (43) കൊലപാതകം നടത്തിയതെന്നും കണ്ടെത്തിയത്.
കഴിഞ്ഞ പതിനൊന്നാം തീയതി രാത്രിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. വിനോദ് കൂലിപ്പണിക്കാരനാണ്. തൃശൂർ ടൗണിലെ സ്വകാര്യ ആശുപത്രി ജീവക്കാരിയാണ് ഭാര്യ നിഷ. നിഷയുടെ ഫോൺ വിളികളിൽ സംശയാലുവായിരുന്ന വിനോദ് ഇതേചൊല്ലി കലഹിക്കുന്നത് പതിവാണ്. സംഭവ ദിവസം വൈകീട്ട് കൂലിപ്പണി കഴിഞ്ഞെത്തിയ വിനോദ് ഭാര്യ ഫോൺവിളിയിൽ മുഴുകിയിരിക്കുന്നത് കണ്ട് ഒച്ചവയ്ക്കുകയും ഫോൺ തട്ടിപ്പറിക്കാൻ ശ്രമിക്കുകയും ചെയ്തു. നിഷ ഫോൺ കൊടുക്കാതിരുന്നതോടെ ഇരുവരും മൽപിടുത്തം നടത്തുകയും പിടിവലിക്കിടയിൽ നിഷയുടെ കൈപിടിച്ച് തിരിച്ച് അതിരൂക്ഷമായി വേദനിപ്പിച്ചതിനാൽ കോപാകുലയായ നിഷ സമീപത്തിരുന്ന മൂർച്ചയേറിയ കറിക്കത്തി കൊണ്ട് വിനോദിനെ കുത്തിപ്പരിക്കേൽ പ്പിക്കുകയുമായിരുന്നു. നെഞ്ചിൽ കുത്തേറ്റ വിനോദ് കട്ടിലിരുന്നപ്പോൾ ഭയപ്പെട്ടു പോയ നിഷ മുറിവ് അമർത്തിപ്പിടിച്ചതിനാൽ ആന്തരീക രക്തസ്രാവമുണ്ടാവുകയും വിനോദ് തളർന്നു പോവുകയുമായിരുന്നു. കുറച്ച് നേരമായി ശബ്ദമൊന്നും കേൾക്കാതായതോടെ സമീപത്ത് താമസിക്കുന്ന വിനോദിന്റെ മാതാവ് വന്നന്വേഷിച്ചപ്പോൾ ഇരുവരേയും ശാന്തരായിക്കണ്ട് തിരിച്ചു പോയി. കുറേ സമയം കഴിഞ്ഞും വിനോദിന്റെ രക്തസ്രാവം നിലക്കാത്തതു കണ്ട് ഒരു വാഹനം വിളിച്ചുവരുത്തി നിഷ വിനോദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സക്കിടെ ആരോഗ്യനിലവഷളായി വിനോദ് മരണപ്പെടുകയായിരുന്നു.
പിടിവലിക്കിടെ നിലത്തുവീണപ്പോൾ എന്തോ കൊണ്ടതാണ് മുറിവിന് കാരണമെന്നാണ് നിഷ ആശുപത്രിയിൽ അറിയിച്ചിരുന്നത്.
വിനോദിന്റെ അസ്വാഭാവിക മരണത്തെ തുടർന്ന് വരന്തരപ്പിള്ളി പോലീസ് കേസെടുത്ത് വിനോദിന്റെ മൃതദേഹം പോസ്റ്റ് മോർട്ടം നടത്തിയതിൽ പോലീസ് സർജന്റെ അഭിപ്രായവും കൊലപാതകമാവാം എന്നതായിരുന്നു.
പരിസരവാസികളോടും ബന്ധുക്കളോടും നടത്തിയ അന്വേഷണത്തിൽ ഇരുവരും തമ്മിൽ കലഹം പതിവായിരുന്നെന്ന് കണ്ടെത്തി. വിനോദ് ആശുപത്രി ചികിത്സയിലിരിക്കെ നിഷ.സൂത്രത്തിൽ വീട്ടിലെത്തി തെളിവുകളെല്ലാം നശിപ്പിക്കാനും ശ്രമിച്ചിരുന്നു. ആശുപത്രിയിൽ നിന്നു വീട്ടിലെത്തിയ നിഷ കത്തി കഴുകി ഒളിപ്പിച്ചു വയ്ക്കുകയും സംഭവ സമയം വിനോദ് ധരിച്ചിരുന്ന വസ്ത്രങ്ങളിലും മറ്റും രക്തം പുരണ്ടിരുന്നതിനാൽ അവയെല്ലാം കത്തിച്ചു കളയുകയും ചെയ്തു.
മരണാനന്തര ചടങ്ങുകൾക്ക് ശേഷം നിഷയെ കണ്ട് പ്രത്യേകാന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തപ്പോൾ ആദ്യമൊക്കെ താഴെ വീണ് മുറിവേറ്റതാണെന്ന നിലപാടിൽ ഉറച്ചുനിന്ന ഇവർ ഒടുവിൽ പിടിച്ചു നിൽക്കാനാവാതെ നടന്ന സംഭവങ്ങൾ തുറന്നു പറഞ്ഞു. കത്തികൊണ്ടുള്ള തന്റെ കുത്തേറ്റതാണ് വിനോദ് മരണപ്പെടാൻ കാരണമെന്ന് നിഷ സമ്മതിച്ചു.
പ്രത്യേകാന്വേഷണ സംഘത്തിൽ വരന്തരപ്പിള്ളി സബ് ഇൻസ്‌പെക്ടർമാരായ സി.സി ബസന്ത് , എ.വി ലാലു, ജോഫി ജോസ്, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ വി.ജി സ്റ്റീഫൻ, സി.എ ജോബ്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, വി.യു സിൽജോ, എ.യു. റെജി, ഷിജോതോമസ്, വരന്തരപ്പിള്ളി സ്റ്റേഷനിലെ സീനിയർ സിപിഒമാരായ കെ.പി രജനീശൻ, ഷമീർ വി.എ, ദീപേഷ്, അനിത, സ്‌പെഷ്യൽ ബ്രാഞ്ച് എഎസ്‌ഐ മനോജ് എന്നിവരാണ് ഉണ്ടായിരുന്നത്.
ഡിവൈഎസ്പി ടി.എസ് സിനോജിന്റെയും സി ഐ ജയകൃഷ്ണന്റേയും നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ നിഷ കുറ്റം സമ്മതിച്ചതിനെ തുടർന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവ സ്ഥലത്തെത്തിച്ച് നടത്തിയ തെളിവെടുപ്പിൽ പിടിവലി നടന്നതും കുത്തിയ രീതിയുമെല്ലാം നിഷ പോലീസിനോട് വിവരിച്ചു. കഴുകി വൃത്തിയാക്കി ഒളിപ്പിച്ച കത്തിയും കത്തിച്ച വസ്ത്രഭാഗങ്ങളും അന്വേഷണ സംഘം കണ്ടെടുത്തു. തുടർന്ന് നടപടി ക്രമങ്ങൾക്കു ശേഷം നിഷയെ കോടതിയിൽ ഹാജരാക്കും. വിനോദിന്റെ മരണകാരണം കണ്ടെത്തി പ്രതിയെ നിയമത്തിനു മുന്നിലെത്തിച്ച അന്വേഷണ സംഘത്തിനെ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ദോങ്‌ഗ്രേയും പ്രദേശവാസികളും അഭിനന്ദിച്ചു.