ലോകകപ്പ് ചാമ്പ്യന്മാരെ ഇന്നറിയാം. ടോപ്‌സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ഷൂ ഇംഗ്ലണ്ടിന്റെ ഹാരി കെയ്ന്‍ മിക്കവാറും ഉറപ്പാക്കിക്കഴിഞ്ഞു. നിര്‍ണായകമായ അവസാന കളികളില്‍ ഗോളടിക്കാനാവാതിരുന്ന കെയ്‌നിന് ആ ബഹുമതി കാറ്റൊഴിഞ്ഞ പന്ത് പോലെ തോന്നുമെങ്കിലും. പ്രി ക്വാര്‍ട്ടറിലാണ് അവസാനമായി കെയ്ന്‍ ഗോളടിച്ചത്. മികച്ച യുവതാരം മിക്കവാറും ഫ്രാന്‍സിന്റെ പത്തൊമ്പതുകാരന്‍ കീലിയന്‍ എംബാപ്പെ ആയിരിക്കും. മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ ആര്‍ക്ക് എന്നതാണ് പ്രധാന ചോദ്യം. എംബാപ്പെയോ അതോ ക്രൊയേഷ്യന്‍ നായകന്‍ ലൂക്ക മോദ്‌റിച്ചോ, അതോ ഫൈനല്‍ കളിക്കുന്ന രണ്ട് ഗോളിമാരിലൊരാളോ?
സമീപകാലത്ത് ഗോള്‍ഡന്‍ ബോള്‍ നിശ്ചയിച്ചതില്‍ ഫിഫക്ക് നിരന്തരം പിഴച്ചിട്ടുണ്ട്. 2002 ലും 2006 ലും പിഴവുകള്‍ പരിഹാസ്യമായി. 2006 ലെ ഫൈനലില്‍ ചുവപ്പ് കാര്‍ഡ് കണ്ട കളിക്കാരനാണ് ഫ്രാന്‍സിന്റെ സിനദിന്‍ സിദാന്‍. സിദാന്‍ കളത്തിലുണ്ടായിരുന്നുവെങ്കില്‍ ഫ്രാന്‍സ് കിരീടം നേടാനുള്ള സാധ്യത വളരെ കൂടുതലായിരുന്നു. മാത്രമല്ല ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് മഞ്ഞക്കാര്‍ഡ് വാങ്ങുകയും ഫ്രാന്‍സിന്റെ നിര്‍ണായക മത്സരത്തില്‍ പുറത്തിരിക്കേണ്ടി വരികയും ചെയ്തിരുന്നു സിദാന്. ഇറ്റലിയുടെ കുതിപ്പ് പ്രതിരോധത്തിന്റെ മികവിലായിരുന്നു. ഫാബിയൊ കനവാരോയുടെ നേതൃത്വത്തിലുള്ള ഇറ്റാലിയന്‍ പ്രതിരോധ നിര ഉരുക്കുഭിത്തിയായി നിലകൊണ്ടു. കനാവോരായാണ് ഗോള്‍ഡന്‍ ബോള്‍ അര്‍ഹിച്ചിരുന്നത്. എന്നാല്‍ ഫൈനലില്‍ ചുവപ്പ് കാര്‍ഡ് കണ്ട കളിക്കാരനെ ഫിഫ മികച്ച താരമായി തെരഞ്ഞെടുത്തു. കാരണം ലളിതം. ഫൈനലിന്റെ തലേന്ന് വരെയാണ് മികച്ച കളിക്കാരനെ നിശ്ചയിക്കാനുള്ള സമയപരിധി ഫിഫ നിശ്ചയിച്ചത്. ഫൈനലിലെ പ്രകടനം പരിഗണിക്കപ്പെട്ടില്ല.
2002 ലും സമാനമായ തെറ്റ് സംഭവിച്ചു. ഫൈനലിലെ രണ്ടു ഗോളുള്‍പ്പെടെ റൊണാള്‍ഡോയുടെ പ്രകടനം എടുത്തു പറയേണ്ടതായിരുന്നു. ഫൈനലില്‍ ജര്‍മനിയുടെ തോല്‍വിക്ക് കാരണമായത് ഗോളി ഒലിവര്‍ കാനിന്റെ പിഴവായിരുന്നു. എന്നാല്‍ മികച്ച താരത്തെ നേരത്തെ നിശ്ചയിച്ചു. ഫലം, കാന്‍ ഗോള്‍ഡന്‍ ബോളിന് അര്‍ഹനായി. 2010 ല്‍ സ്പാനിഷ് മധ്യനിരയുടെ മായാജാലത്തിന് നേതൃത്വം കൊടുത്തത് ആന്ദ്രെസ് ഇനിയെസ്റ്റയായിരുന്നു. ഫൈനലിലെ ഏക ഗോളടിച്ചതും ഇനിയെസ്റ്റ തന്നെ. ഗോള്‍ഡന്‍ ബോള്‍ കിട്ടിയത് സെമിയില്‍ തോറ്റ ഉറുഗ്വായുടെ ഡിയേഗൊ ഫോര്‍ലാനായിരുന്നു. ആ പിഴവ് മറ്റൊരു പിഴവ് കൊണ്ടാണ് ഫിഫ തിരുത്തിയത്. 2014 ല്‍ നെതര്‍ലാന്റ്‌സിന്റെ ആര്യന്‍ റോബനായിരുന്നു ടൂര്‍ണമെന്റിലെ മികച്ച താരം. റോബന്റെ നെതര്‍ലാന്റ്‌സ് സെമിയില്‍ തോറ്റതിനാല്‍ ഫൈനല്‍ കളിച്ച അര്‍ജന്റീനയുടെ ലിയണല്‍ മെസ്സിയെ മികച്ച താരമായി തെരഞ്ഞെടുത്തു. നോക്കൗട്ട് റൗണ്ടുകളില്‍ മെസ്സി പ്രതാപത്തിലായിരുന്നില്ല. ഫൈനലില്‍ മെസ്സിയെ ജര്‍മനി തളച്ചിട്ടിരുന്നു. അര്‍ജന്റീനാ ടീമില്‍ പോലും ഹവിയര്‍ മസ്‌ചെരാനൊ ആയിരുന്നു മികച്ച താരം.
അവസാനമായി ഒരു യഥാര്‍ഥ അവകാശിക്ക് ഗോള്‍ഡന്‍ ബോള്‍ കിട്ടിയത് ബ്രസീലിന്റെ റൊമാരിയോക്കായിരുന്നുവെന്ന് പറയാം, 1994 ല്‍. ഇതൊഴിച്ചാല്‍ കഴിഞ്ഞ ഒമ്പത് ഗോള്‍ഡന്‍ ബോളില്‍ യഥാര്‍ഥ അവകാശിക്ക് ബഹുമതി കിട്ടിയത് 1986 ല്‍ ഡിയേഗൊ മറഡോണക്കാണ്. മറഡോണയെ ആ വര്‍ഷം തെരഞ്ഞെടുക്കാന്‍ ഏത് കണ്ണുപൊട്ടനും സാധിക്കുമായിരുന്നു.
ഫ്രാന്‍സിന്റെ ലീലിയന്‍ തുറാമായിരുന്നു 1998 ല്‍ ഗോള്‍ഡന്‍ ബോള്‍ അര്‍ഹിച്ചിരുന്നത്. കിട്ടിയത് ബ്രസീലിന്റെ റൊണാള്‍ഡോക്കും. 2002 ല്‍ റൊണാള്‍ഡൊ യഥാര്‍ഥത്തില്‍ ബഹുമതി അര്‍ഹിച്ചപ്പോള്‍ അത് മറ്റൊരാള്‍ക്ക് കൊടുത്തു. ഇത്തവണ മോദ്‌റിച് മൂന്നു കളികളില്‍ മാന്‍ ഓഫ് ദ മാച്ചായി. അര്‍ജന്റീനക്കെതിരായ കളിയില്‍ നിര്‍ണായക ഗോള്‍ നേടി. എങ്കിലും ഫൈനലിന് മുമ്പ് ഗോള്‍ഡന്‍ ബോള്‍ ജേതാവിനെ തെരഞ്ഞെടുക്കുന്നത് അബദ്ധമാവുമെന്ന് മുന്‍കാല അനുഭവം തെളിയിക്കുന്നു. ഫിഫ ആ അബദ്ധം കാണിക്കില്ലെന്നു കരുതാം.