കോഴിക്കോട് - ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള ബി.ജെ.പി തീരുമാനം യാദൃശ്ചികമല്ലെന്ന് സി.പി.ഐ നേതാവ് ഇ കെ വിജയൻ എം.എൽ.എ പറഞ്ഞു. ദാരിദ്ര്യം, സ്ത്രീകൾക്കതിരായ അതിക്രമങ്ങൾ, വീടില്ലായ്മ തുടങ്ങിയ ഗൗരവമേറിയ പ്രശ്‌നങ്ങൾക്ക് മുഖം കൊടുക്കാതെയാണ് മനുഷ്യരെ ഭിന്നിപ്പിക്കാനുള്ള ശ്രമം ബി.ജെ.പി തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എം കോഴിക്കോട് സ്വപ്‌ന നഗരയിൽ സംഘടിപ്പിച്ച ഏകസിവിൽ കോഡിന് എതിരായ ദേശീയ സെമിനാറിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങളിലൊന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നാക്ക് പൊങ്ങുന്നില്ല. ഹിന്ദു രാഷ്ട്രം പടുത്തുയർത്താനുള്ള ശ്രമമാണ് രാജ്യത്ത് നടക്കുന്നത്. മണിപ്പൂർ കലാപം അവസാനിപ്പിക്കാൻ കേന്ദ്രം ശ്രമിച്ചില്ല. ഹിന്ദുത്വ കാർഡ് കാണിച്ച് വോട്ട് പിടിക്കാനുള്ള നീക്കമാണ് നടത്തുന്നത്. ബാബരി മസ്ജിദ് തകർത്തതിന്റെ തുടർച്ചയാണിതെല്ലാം. ആര്യ സംസ്‌കാരം രാജ്യത്ത് കൊണ്ടുവരാനുള്ള ആർ.എസ്.എസ് ശ്രമത്തിന്റെ ഭാഗമാണിതെന്നും ഇതിനെതിരെ ജനങ്ങളെ മുഴുവൻ അണിനിരത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. വൈവിധ്യങ്ങളുടെ വാതിലുകൾ കൊട്ടിയടച്ച് അസഹിഷ്ണുത പടർത്താനുള്ള ശ്രമം രാജ്യത്തിന് ഒട്ടും ഗുണം ചെയ്യില്ലെന്ന് കേരള ഹജ്ജ് കമ്മിറ്റി ചെയർമാനും കേരള മുസ്‌ലിം ജമാഅത്ത് നേതാവുമായ സി മുഹമ്മദ് ഫൈസി പറഞ്ഞു. എല്ലാ സമയത്തും മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിൽ ഇടതുപക്ഷം കൂടെയുണ്ട് എന്നത് ന്യൂനപക്ഷങ്ങൾക്ക് വലിയ ശക്തിയും കരുത്തുമാണെന്നും അദ്ദേഹം പറഞ്ഞു.
ഏകസവിൽ കോഡ് ഏതെങ്കിലും മതവിഭാഗത്തിന്റെയോ ന്യൂനപക്ഷത്തിന്റെയോ മാത്രം പ്രശ്‌നമല്ലെന്നും ഇത് പൗരസമൂഹത്തിന്റെ പൊതുപ്രശ്‌നമായി കാണേണ്ടതുണ്ടെന്നും കെ.പി.എം.എസ് ജനറൽസെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു.