കൊച്ചി- കോളിളക്കം സൃഷ്ടിച്ച വരാപ്പുഴ പീഡനക്കേസിലെ പ്രതിയെ രണ്ട് പീഡനക്കേസുകളിലായി അറസ്റ്റ് ചെയ്തു. തൃക്കാക്കര ക്ഷേത്രത്തിനു സമീപം ട്രിനിറ്റി ഫ്ളാറ്റിൽ താമസിക്കുന്ന സക്കറിയയാണ് (53) തൃക്കാക്കര പോലീസിന്റെ പിടിയിലായത്. ഇയാൾ പീഡിപ്പിച്ചതായി ചൂണ്ടിക്കാട്ടി കാക്കനാട് സ്വദേശിനി പോലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെ കോഴിക്കോട് സ്വദേശിനിയായ മറ്റൊരു യുവതി കൂടി പരാതിയുമായി എത്തിയതോടെയാണ് സക്കറിയ പിടിയിലായത്. മൊബൈൽ ഫോൺ ഓഫ് ചെയ്ത് നെടുമ്പാശ്ശേരിയിലെ ലോഡ്ജിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യുമ്പോൾ ഇയാളോടൊപ്പം മറ്റൊരു പെൺകുട്ടിയും ഉണ്ടായിരുന്നു. തൃക്കാക്കര ക്ഷേത്രത്തിന് സമീപത്തുള്ള സക്കറിയയുടെ ഫ്ളാറ്റിൽ വെച്ച് പലവട്ടം പീഡിപ്പിച്ചുവെന്നായിരുന്നു കാക്കനാട് സ്വദേശിനിയുടെ പരാതി. ഫ്ളാറ്റിൽ മാസങ്ങളോളം പൂട്ടിയിടുകയും തുടർന്ന് പടമുകളിലെ ബാർ ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചു എന്നുമായിരുന്നു കോഴിക്കോട് സ്വദേശിനിയുടെ പരാതി. ഇയാളുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് നാട്ടിലേക്ക് മടങ്ങിയ യുവതിയെ ഫോണിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും സക്കറിയ ഭീഷണിപ്പെടുത്തിയിരുന്നു. എറണാകുളത്ത് എത്തിയാൽ അപായപ്പെടുത്തുമെന്ന ഭയത്തെ തുടർന്ന് യുവതി ബേപ്പൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.
വരാപ്പുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലർക്കായി കാഴ്ചവച്ച് പീഡിപ്പിച്ച കേസിലും കണ്ണൂർ മട്ടന്നൂർ സ്വദേശിയായ പെൺകുട്ടിയെ ചേരാനല്ലൂർ കേന്ദ്രമാക്കി പലർക്കായി പെൺവാണിഭക്കേസിലും സക്കറിയ പ്രതിയായിരുന്നു. മട്ടന്നൂർ സ്വദേശിനിയെ പീഡിപ്പിച്ച കേസിൽ ഇയാളെ 2014ൽ എറണാകുളം സ്പെഷ്യൽ കോടതി ശിക്ഷിച്ചിട്ടുണ്ട്. ഇയാളുടെ മൊബൈൽ ഫോണുകൾ പരിശോധിച്ചതിൽ നിരവധി പെൺകുട്ടികളുടെയും ഇടപാടുകാരുടെയും ഫോട്ടോ ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ആവശ്യക്കാർക്ക് പെൺകുട്ടികളെ എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ പ്രധാനിയാണ് പ്രതിയെന്ന് സൂചന ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. തൃക്കാക്കര സി.ഐ. ആർ. ഷാബുവിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ എൻ.ഐ. റഫീക്ക്, ധർമ്മജൻ, മണി, സിവിൽ പോലീസ് ഓഫീസർമാരായ നൗഷാദ്, വൈശാഖ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ സക്കറിയയെ റിമാൻഡ് ചെയ്തു.