Sorry, you need to enable JavaScript to visit this website.

റാബിത്വ ജനറൽ സെക്രട്ടറി മോഡിയുമായി കൂടിക്കാഴ്ച നടത്തി, ആവശ്യങ്ങളോട് ഇന്ത്യക്ക് അനുകൂല പ്രതികരണം

മുസ്‌ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ശൈഖ് ഡോ. മുഹമ്മദ് അൽഈസ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നു.

ജിദ്ദ/ന്യൂദൽഹി - മുസ്‌ലിം വേൾഡ് ലീഗ് (റാബിത്വ) സെക്രട്ടറി ജനറലും ഓർഗനൈസേഷൻ ഓഫ് മുസ്‌ലിം സ്‌കോളേഴ്‌സ് പ്രസിഡന്റുമായ ശൈഖ് ഡോ. മുഹമ്മദ് അൽഈസ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി. ദേശീയ ഭരണഘടനയുടെ ചട്ടക്കൂടിനുള്ളിൽ ഇന്ത്യൻ ജനതയുടെ വൈവിധ്യം അടക്കം ഏതാനും വിഷയങ്ങൾ കൂടിക്കാഴ്ചക്കിടെ ഇരുവരും വിശകലനം ചെയ്തു. 
ഇന്ത്യ ഇസ്‌ലാമിക് കൾച്ചറൽ സെന്റർ ന്യൂദൽഹിയിൽ സംഘടിപ്പിച്ച പരിപാടിയിൽ ഡോ. മുഹമ്മദ് അൽഈസ പ്രഭാഷണം നടത്തി. ഇന്ത്യയിലെ പ്രമുഖ മുസ്‌ലിം പണ്ഡിതരും വ്യത്യസ്ത മതനേതാക്കളും ചടങ്ങിൽ സംബന്ധിച്ചു. ഇസ്‌ലാമിക നാഗരിക പുരോഗതിയുടെ ഒന്നിലധികം മാതൃകകൾ അവതരിപ്പിച്ചു കൊണ്ട് ഇസ്‌ലാമിക മൂല്യങ്ങളിലെ സുപ്രധാന നാഴികക്കല്ലുകളെ കുറിച്ച് പ്രഭാഷണത്തിൽ റാബിത്വ സെക്രട്ടറി ജനറൽ വിശദീകരിച്ചു. വ്യത്യസ്ത നാഗരികതകളും സംസ്‌കാരങ്ങളും തമ്മിൽ പരസ്പര ധാരണയുടെയും സമാധനത്തിന്റെയും പാലങ്ങൾ നിർമിക്കാൻ ഇസ്‌ലാം ആഹ്വാനം ചെയ്യുന്നു. 
രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും വർധിപ്പിക്കാനാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്. മാനവകുലത്തിന്റെ വൈവിധ്യത്തിൽ സർവശക്തനായ സ്രഷ്ടാവിന്റെ യുക്തി ഉൾക്കൊള്ളാൻ വിശ്വാസം മുസ്‌ലിമിനെ നയിക്കുന്നു. അജ്ഞത, അശുഭാപ്തിവിശ്വാസം, തീവ്രവാദം എന്നിവയുടെ സിദ്ധാന്തങ്ങളും സങ്കൽപങ്ങളും പോലെ, മാനവകുലത്തിന്റെ വൈവിധ്യം അപരനെ ഭയപ്പെടലോ അവനിൽ നിന്ന് അകലം പാലിക്കലോ അവനോടുള്ള വെറുപ്പോ അല്ലെന്ന് വിശ്വാസി മനസ്സിലാക്കുന്നു. 
ഇന്ത്യൻ മുസ്‌ലിംകൾ ദേശസ്‌നേഹം, ഭരണകൂട സ്ഥാപനങ്ങൾ, ഇന്ത്യൻ രാഷ്ട്രത്തോടുള്ള കൂറ് എന്നിവയിൽ അഭിമാനിക്കുന്നു. പരസ്പര സ്‌നേഹത്തോടെയുള്ള ധാരണയും സഹവർത്തിത്വവും സഹകരണവും പ്രോത്സാഹിപ്പിക്കാനുള്ള ഉപകരണമായി മതബോധം മാറണമെന്നും ശൈഖ് ഡോ. മുഹമ്മദ് അൽഈസ പറഞ്ഞു. 
സഹവർത്തിത്വത്തിന്റെയും പൊതുതാൽപര്യങ്ങളുടെയും കുടക്കീഴിലുള്ള സംവാദമാണ് ഭിന്നതകൾ നേരിടാനുള്ള ഏക മാർഗമെന്ന് ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പറഞ്ഞു. ഡോ. മുഹമ്മദ് അൽഈസയുടെ നിർദേശങ്ങളോട് അനുകൂലമായി പ്രതികരിക്കാൻ ഇന്ത്യ തയാറാണെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പറഞ്ഞു. ഇന്ത്യൻ ഗവൺമെന്റിന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ച് ശൈഖ് ഡോ. മുഹമ്മദ് അൽഈസയുടെ നേതൃത്വത്തിലുള്ള സംഘം ഈ മാസം 11 ന് ആണ് ന്യൂദൽഹിയിലെത്തിയത്. 
 

Latest News