Sorry, you need to enable JavaScript to visit this website.

ആശങ്ക നീങ്ങി; സാഫിർ എണ്ണ ടാങ്കർ പ്രശ്‌നത്തിന്  പരിഹാരമാകുന്നു

ജിദ്ദ -വർഷങ്ങളായി ഗുരുതരമായ പാരിസ്ഥിതിക, മാനുഷിക ഭീഷണി ഉയർത്തി യെമൻ തീരത്ത് കഴിയുന്ന ജീർണാവസ്ഥയിലുള്ള സാഫിർ എണ്ണ ടാങ്കർ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുന്നു. കപ്പലിലെ എണ്ണ നീക്കം ചെയ്യാൻ ജിബൂത്തിയിൽ നിന്ന് എണ്ണ ടാങ്കർ പുറപ്പെട്ടതായി യു.എൻ അറിയിച്ചു. സാഫിർ എണ്ണ ടാങ്കറിലെ എണ്ണ നീക്കം ചെയ്യൽ പ്രക്രിയ അടുത്തയാഴ്ച ആരംഭിക്കും. സാഫിർ എണ്ണ ടാങ്കറിലെ എണ്ണ നീക്കം ചെയ്യാൻ വേണ്ടി ഐക്യരാഷ്ട്രസഭ പ്രത്യേകം വാങ്ങിയ ടാങ്കറായ നോട്ടിക എന്ന കപ്പലിലേക്കാണ് എണ്ണ മാറ്റുന്നത്. ഇതിന്റെ ചുമതല സ്മിത്ത് സാൽവേജ് കമ്പനിക്കാണ്. എണ്ണ നീക്കം ചെയ്ത ശേഷം സാഫിർ എണ്ണ ടാങ്കർ പൊളിച്ചുമാറ്റാൻ വേണ്ടി കെട്ടിവലിച്ചുകൊണ്ടുപോകും. ഈ പ്രക്രിയക്ക് ആകെ ചെലവ് 14.8 കോടി ഡോളറാണ്. 
സാഫിർ ടാങ്കറിൽ നിന്ന് എണ്ണ മാറ്റുമ്പോൾ വല്ല അപകടവും സംഭവിക്കുന്ന പക്ഷം സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക പദ്ധതി തയാറാക്കിയിട്ടുണ്ടെന്ന് യെമനിലേക്കുള്ള യു.എൻ മനുഷ്യാവകാശ കോ-ഓർഡിനേറ്റർ ഡേവിഡ് ഗ്രെസ്‌ലി പറഞ്ഞു. ജീർണാവസ്ഥയിലുള്ള സാഫിർ കപ്പലിലെ എണ്ണ സൂക്ഷിക്കാൻ കൂറ്റൻ എണ്ണ ടാങ്കർ വാങ്ങിയതായി മാർച്ചിൽ യു.എൻ അറിയിച്ചിരുന്നു. പശ്ചിമ യെമൻ തീരത്തെ അൽഹുദൈദ തുറമുഖത്തിനു സമീപമാണ് സാഫിർ എണ്ണ ടാങ്കർ വർഷങ്ങളായി നങ്കൂരമിട്ടിരിക്കുന്നത്. 
എണ്ണ നീക്കം ചെയ്യുകയും സംഭരിക്കുകയും ചെയ്യുന്ന മേഖലയിൽ പ്രവർത്തിക്കുന്ന ലോകത്തെ ഏറ്റവും വലിയ എണ്ണ ടാങ്കർ കമ്പനിയായ യൂറോനാവിൽ നിന്നാണ് യു.എൻ ഡെവലപ്‌മെന്റ് പ്രോഗ്രാം സാഫിർ ടാങ്കറിലെ എണ്ണ മാറ്റാനുള്ള നോട്ടിക ടാങ്കർ വാങ്ങിയിരിക്കുന്നത്. പാരിസ്ഥിതിക, മാനുഷിക പ്രതിസന്ധി ഭീഷണി ഉയർത്തുന്ന സാഫിർ ടാങ്കറിലെ എണ്ണ ചോർച്ച തടയാൻ യു.എൻ ഏകോപനത്തിൽ നടക്കുന്ന പ്രക്രിയയുടെ ഭാഗമായാണ് പുതിയ ടാങ്കർ വാങ്ങിയത്. ജീർണാവസ്ഥയിലുള്ള സാഫിർ ടാങ്കറിൽ പത്തു ലക്ഷം ബാരൽ എണ്ണയാണുള്ളത്. ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള ടാങ്കറിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതും കപ്പൽ പരിശോധിക്കുന്നതും ദീർഘകാലമായി ഹൂത്തികൾ ശക്തിയുക്തം എതിർത്തുവരികയായിരുന്നു. ആഗോള തലത്തിലുള്ള കടുത്ത സമ്മർദങ്ങൾക്കൊടുവിലാണ് ടാങ്കർ പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള ശ്രമങ്ങളുമായി ഹൂത്തികൾ സഹകരിക്കാൻ തയാറായത്. 
2015 ൽ യെമൻ യുദ്ധം ആരംഭിച്ച ശേഷം, 47 വർഷം പഴക്കമുള്ള സാഫിർ ടാങ്കറിൽ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല. കപ്പലിൽ എണ്ണ ചോർച്ചയോ അഗ്നിബാധയോ പൊട്ടിത്തെറിയോ ആസന്നമായ ഭീഷണിയാണെന്ന് വിദഗ്ധർ പറയുന്നു. കപ്പലിലെ ക്രൂഡ് ഓയിൽ കടലിലേക്ക് ചോർന്നാൽ വലിയ തോതിലുള്ള പാരിസ്ഥിതിക ദുരന്തം ഉണ്ടാകുമെന്ന് പരിസ്ഥിതി പ്രവർത്തകരും ഉദ്യോഗസ്ഥരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭിത്തികളിൽ തുരുമ്പ് പിടിച്ചതിനാൽ കടൽ വെള്ളം ടാങ്കറിന്റെ മുറികളിലേക്ക് ഒഴുകുന്നതിന്റെ ചിത്രങ്ങൾ കഴിഞ്ഞ മൂന്നു വർഷത്തിനിടെ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സാഫിർ ടാങ്കറിലുണ്ടാകുന്ന വലിയ തോതിലുള്ള എണ്ണ ചോർച്ച 16 ലക്ഷം യെമനികൾ ഉൾപ്പെടെ 30 ലക്ഷം ആളുകൾ ഉപജീവനത്തിനായി ആശ്രയിക്കുന്ന ചെങ്കടൽ ആവാസവ്യവസ്ഥയെ സാരമായി ബാധിക്കുമെന്ന് വിദഗ്ധർ കണക്കാക്കുന്നതായി യു.എൻ പറയുന്നു. 

Latest News