ബഹുസ്വരതയുടെ പ്രതീകമായ ഇന്ത്യൻ സമൂഹത്തിൽ വ്യക്തിനിയമങ്ങൾ പലതാണ്. ജനങ്ങളുടെ വൈവിധ്യങ്ങൾ അംഗീകരിച്ചുകൊണ്ട് അവരെ വിശാലമായ ഏകത്വത്തിൽ ഉൾക്കൊള്ളുക എന്നതാണ് നമ്മുടെ നയം. നിരവധി മതങ്ങളുടെ വീടാണ് ഇന്ത്യ. വ്യത്യസ്തങ്ങളായ എല്ലാ നരവംശ ഘടകങ്ങളും നമുക്കിടയിൽ ഉണ്ട്. ധാരാളം മതങ്ങളും ഭാഷകളും സംസ്‌കാരങ്ങളും നാഗരികതകളും ഇവിടെ ഒത്തുചേർന്നിട്ടുണ്ട്. നൂറ്റാണ്ടുകളിലൂടെ ഐക്യത്തോടെ നിലനിൽക്കുന്ന ബഹുസ്വര സംസ്‌കാരങ്ങളുടെയും മതങ്ങളുടെയും ഭാഷകളുടെയും ഈ സംഗമ ഭൂമിയിൽ ഒരു നിയമം, ഒരു ഭാഷ, ഒരു മതം, ഒരു സംസ്‌കാരം എന്നൊക്കെ ചിന്തിക്കുന്നത് തന്നെ അൽപത്വമാണ്.
രാഷ്ട്രത്തിന്ന് ഒന്നാകെ ഒരു നിയമം മതി എന്ന് ചിന്തിക്കുന്നവർ ആരായാലും അത് വസ്തുതാപരമായ സമീപനമല്ല. നാടിനെ ദുർഗതിയിലേക്കാണ് അത് നയിക്കുക. ലോകത്ത് ഒരു രാജ്യത്തും ഇങ്ങനെ ഒന്നില്ല. ഒരു പരിഷ്‌കൃത സമൂഹവും ഇങ്ങനെ ചിന്തിക്കുന്നുമില്ല. വ്യക്തിനിയമമാണെങ്കിൽ അത് ഏകീകരിക്കുക എന്നത് അപ്രായോഗികവുമാണ്. വ്യക്തി നിയമത്തെ ഏക സിവിൽ കോഡ് എന്ന് ദുർവ്യാഖ്യാനം ചെയ്യുന്ന ഇപ്പോഴത്തെ പ്രചാരണങ്ങൾ തീർത്തും അപഹാസ്യമാണ്. ഇന്ത്യയിൽ ഏക സിവിൽ - ക്രിമിനൽ നിയമങ്ങൾ നിലവിലുണ്ട്. എന്നാൽ ലോകത്തെ മിക്കവാറും രാജ്യങ്ങളിൽ ഒന്നിലധികം നിയമങ്ങളുണ്ട്. ഒരു രാഷ്ട്രം ഒരു നിയമം എന്ന ചിന്ത വിനാശകരമായി പലരും കരുതുന്നു.
വൈവിധ്യം രാഷ്ട്ര സംവിധാനത്തിന്റെ ഐക്യത്തിന് ഭീഷണിയാണെന്ന് ആരും കരുതുന്നില്ല. ചിലയിടങ്ങളിൽ വ്യക്തി നിയമം മാത്രമല്ല, സിവിൽ - ക്രിമിനൽ നിയമങ്ങൾ പോലും വ്യത്യസ്തമായുണ്ട്.
അൻപതു സംസ്ഥാനങ്ങളുള്ള അമേരിക്കൻ ഐക്യനാടുകളിൽ ഓരോ സംസ്ഥാനത്തും വ്യത്യസ്ത നിയമങ്ങളുണ്ട്. വധശിക്ഷ അമേരിക്കയിൽ നിരോധിച്ചിട്ടിട്ടുണ്ടെങ്കിലും ചില സംസ്ഥാനങ്ങളിൽ അത് പുനഃസ്ഥാപിച്ചത് ഒരു ഉദാഹരണം. കേസുകൾ ഫെഡറൽ കോടതിയിൽ എത്തുകയാണെങ്കിൽ അതാത് സംസ്ഥാനങ്ങളിലെ നിയമം അനുസരിച്ചാണ് അവ പരിശോധിക്കുക. അമേരിക്കൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക ഗാനവും പതാകയും ഉണ്ട്. ദേശീയ പതാകക്ക് പുറമേയാണിത്.
റഷ്യയിലും സ്ഥിതി വ്യത്യസ്തമല്ല. പഴയ സോവിയറ്റ് യൂനിയനിലോ ഇപ്പോഴത്തെ റഷ്യൻ ഫെഡറേഷനിലോ ഒറ്റ നിയമം ഇല്ല. പഴയ യൂനിയനിലും ഇപ്പോഴത്തെ ഫെഡറേഷനിലും വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത നിയമങ്ങളുണ്ട്. ഉദാഹരണത്തിന് ചെച്‌നിയ. റഷ്യയുടെ തെക്ക് ഭാഗത്തു കാസ്പിയൻ തീരത്തുള്ള ഈ മുസ്‌ലിം പ്രദേശം റഷ്യയുടെ ഭാഗമാണെങ്കിലും അവർക്ക് പ്രത്യേകം പാർലമെന്റും പതാകയും ഭരണഘടനയും എല്ലാമുണ്ട്. ഇന്തോനേഷ്യ ഒരു ദ്വീപ് സമൂഹമാണ്. ഈ മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രത്തിൽ ബാലിദ്വീപ് ഹിന്ദു ഭൂരിപക്ഷമാണ്. അവിടെ മുസ്‌ലിംകൾ ന്യൂനപക്ഷമാണ്. അവർക്ക് ന്യൂനപക്ഷ പദവി നൽകിക്കൊണ്ടുള്ള പ്രത്യേക നിയമങ്ങളാണുള്ളത്. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, മലേഷ്യ തുടങ്ങിയ നിരവധി രാജ്യങ്ങളിൽ ഹിന്ദുക്കൾക്കും സിക്കുകാർക്കും ക്രിസ്ത്യാനികൾക്കും അവരുടെ വിശ്വാസമനുസരിച്ചുള്ള വ്യക്തിനിയമങ്ങൾ നിലവിലുണ്ട്. ഇറാനിയൻ പൗരന്മാരായ ജൂതന്മാർ സുരക്ഷിതരും സംതൃപ്തരുമാണെന്ന് ഇസ്രായിൽ പോലും പറയുമ്പോൾ ആ ന്യൂനപക്ഷത്തിനു പ്രത്യേകം നിയമങ്ങൾ ഉണ്ടെന്ന് വ്യക്തം. വ്യക്തിനിയമത്തിൽ ഒരു രാജ്യവും കൈകടത്താറില്ല. രാജ്യത്തിന്റെ ഭദ്രതക്ക് ഭീഷണിയായി ആരും വ്യാഖ്യാനിക്കാറുമില്ല. യൂറോപ്പിലും കാനഡ, ന്യൂസിലാൻഡ്, ഓസ്ട്രേലിയ തുടങ്ങിയ കുടിയേറ്റ രാജ്യങ്ങളിലും വ്യത്യസ്ത വ്യക്തി നിയമങ്ങളാണുള്ളത്.
ബഹുസ്വരതയുടെ പ്രതീകമായ ഇന്ത്യൻ സമൂഹത്തിൽ വ്യക്തിനിയമങ്ങൾ പലതാണ്. ജനങ്ങളുടെ വൈവിധ്യങ്ങൾ അംഗീകരിച്ചുകൊണ്ട് അവരെ വിശാലമായ ഏകത്വത്തിൽ ഉൾക്കൊള്ളുക എന്നതാണ് നമ്മുടെ നയം. നിരവധി മതങ്ങളുടെ വീടാണ് ഇന്ത്യ. വ്യത്യസ്തങ്ങളായ എല്ലാ നരവംശ ഘടകങ്ങളും നമുക്കിടയിൽ ഉണ്ട്. ധാരാളം മതങ്ങളും ഭാഷകളും സംസ്‌കാരങ്ങളും നാഗരികതകളും ഇവിടെ ഒത്തുചേർന്നിട്ടുണ്ട്. നൂറ്റാണ്ടുകളിലൂടെ ഐക്യത്തോടെ നിലനിൽക്കുന്ന ബഹുസ്വര സംസ്‌കാരങ്ങളുടെയും മതങ്ങളുടെയും ഭാഷകളുടെയും ഈ സംഗമ ഭൂമിയിൽ ഒരു നിയമം, ഒരു ഭാഷ, ഒരു മതം, ഒരു സംസ്‌കാരം എന്നൊക്കെ ചിന്തിക്കുന്നത് തന്നെ അൽപത്വമാണ്. മതപരമായും ഭാഷാപരമായും പ്രാദേശികമായും മാത്രമല്ല, നിരവധി ആദിവാസികൾക്കും ഗോത്ര വിഭാഗക്കാർക്കും എല്ലാം പ്രത്യേകം നിയമങ്ങൾ ഉണ്ട്. ഓരോ വിഭാഗങ്ങൾക്കുള്ളിലും വത്യസ്തതകളുണ്ട്. അജ്മീർ ദർഗക്ക് മാത്രമായി ഭരണഘടനയിൽ പ്രത്യേക വകുപ്പുണ്ട് (ദർഗ ഖാജ സാഹിബ് ആക്ട്). പോർച്ചുഗൽ ഭരണ കാലത്തെ പല നിയമങ്ങളും ഗോവയിൽ ഇപ്പോഴും നിലവിലുണ്ട്. മാറ്റാൻ സാധിക്കാത്ത വിധത്തിൽ അത് അവിടത്തെ ജനജീവിതവുമായും സംസ്‌കാരവുമായും കെട്ടുപിണഞ്ഞു കിടക്കുകയാണ്. മിസോറം, മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ്, ത്രിപുര തുടങ്ങിയ 371 ാം വകുപ്പിന്റെ സംരക്ഷണം ഉള്ള സംസ്ഥാനങ്ങളിൽ ഒരു കേന്ദ്ര നിയമവും അടിച്ചേൽപിക്കാൻ സാധിക്കില്ല. അവർക്ക് പ്രത്യേകം നിയമങ്ങളും പതാകയും എല്ലാം ഉണ്ട്. സേനയിൽ നാഗാറെജിമെന്റ് തന്നെയുണ്ട്.
ഇന്ത്യയിൽ ഏക സിവിൽ കോഡ് നടപ്പാക്കുന്ന ബഹളമാണ് ഇപ്പോൾ നടക്കുന്നത്. അതിൽ നിന്ന് ആദിവാസി, ഗോത്ര വിഭാഗക്കരെയും സിക്ക്, ബുദ്ധ, പാർസി, ക്രിസ്ത്യൻ, ഹിന്ദു അവിഭക്ത കുടുംബങ്ങളെയും ഒഴിവാക്കുമെന്ന് പറയുന്നു. ചിലരെ ഒഴിവാക്കുകയാണെങ്കിൽ പിന്നെ ഏകീകൃതമെവിടെ? ഹിന്ദുമതക്കാർക്കിടയിൽ പോലും എകീകൃത വ്യക്തി നിയമം സാധിക്കില്ല എന്നതാണ് വസ്തുത. ബഹുസ്വരത ഇല്ലാതെയാക്കുമ്പോൾ ഏറ്റവും അധികം ദുരിതം അനുഭവിക്കേണ്ടിവരിക ഹൈന്ദവ സമൂഹമായിരിക്കും. ഹിന്ദു ഒരു മതമല്ല, സംസ്‌കാരമാണെന്ന് പറയുമ്പോൾ അതിൽ പ്രതിഫലിക്കുന്നത് ബഹുസ്വരതയാണ്. ആയിരക്കണക്കിന്ന് ജാതികളും ഉപജാതികളും ഉള്ള ഹിന്ദുമതത്തിൽ വ്യത്യസ്തങ്ങളായ ദർശനങ്ങളും ആരാധനാക്രമങ്ങളുമാണുള്ളത്. രാവണനെ ആരാധിക്കുന്ന ഹിന്ദുക്കൾ തമിഴ്‌നാട്ടിലും മധ്യപ്രദേശിലും ഉണ്ട്. മറ്റു മതങ്ങളുടെ സ്ഥാപകരായ ബുദ്ധനും മഹാവീരനും ഗുരുനാനക് പോലും ഹൈന്ദവ ദൈവങ്ങളുടെ നീണ്ട പട്ടികയിൽ വരുന്നുണ്ട്. ഹിന്ദുക്കളിൽ അദൈ്വത ചിന്താഗതിക്കാരായ ഏകദൈവ വിശ്വസികളുണ്ട്. ത്രിമൂർത്തികളിൽ വിശ്വസിക്കുന്നവരും ഒരായിരം ദൈവങ്ങളിൽ വിശ്വസിക്കുന്നവരും ഉണ്ട്. മുപ്പത്തിമുക്കോടി ദൈവങ്ങളെ കുറിച്ച് കേൾക്കാറുണ്ട്. ഹിന്ദുക്കളിൽ തന്നെ നാസ്തികളുണ്ട്. ദൈവ നിഷേധികളായിട്ട് പോലും മഹർഷിമാരായി അംഗീകരിക്കപ്പെട്ട ഋഷിവര്യന്മാരും സന്ന്യാസിമാരും ഉണ്ട്. വിഗ്രഹ ആരാധനയെ എതിർക്കുന്നവർ പോലുമുണ്ട്. അവർക്കിടയിൽ ഒരു ഏകീകൃത വ്യക്തി നിയമത്തിന്ന് പ്രസക്തി ഉണ്ടോ? ഇന്ത്യയുടെ തന്നെ ഐക്യം തകരാനേ ഇത് വഴി വെക്കുകയുള്ളൂ. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞതിന്റെ പൊരുളും മറ്റൊന്നല്ല. ഈ വൈവിധ്യങ്ങൾ ഇന്ത്യയുടെ ദുർബലതയല്ല, നമ്മുടെ ജനാധിപത്യ ശക്തിയുടെ ഉറവിടമാണ് എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. എല്ലാ പൗരന്മാരുടെയും മൗലികാവകാശങ്ങളും അവസര സമത്വവും നമ്മുടെ ഭരണഘടന ഉറപ്പ് നൽകുന്നു. വളരാനും വികസിക്കാനും ആശിക്കാനും നിലനിൽക്കാനുമുള്ള മൗലികാവകാശങ്ങളുടെ അംഗീകാരമാണത്.