- ലിംഗ സമത്വത്തിന് വ്യക്തിനിയമത്തിൽ മാറ്റം വരുത്തണം. അതത് വിഭാഗങ്ങളുമായി ചർച്ച നടത്തി വേണം വ്യക്തിനിയമം പരിഷ്‌കരിക്കാനെന്നും യെച്ചൂരി ഓർമിപ്പിച്ചു.
കോഴിക്കോട് - ഏക സിവിൽ കോഡിന് പിന്നിൽ കേന്ദ്രസർക്കാരിന് പ്രത്യേക രാഷ്ട്രീയ അജണ്ടയുണ്ടെന്ന് സി.പി.എം ദേശീയ ജനറൽ സെക്രട്ടെറി സീതാറാം യെച്ചൂരി പറഞ്ഞു. വർഗീയ ധ്രുവീകരണത്തിന് മൂർച്ച കൂട്ടാനുള്ള ആയുധമായാണ് കേന്ദ്രസർക്കാർ ഏക സിവിൽ കോഡിനെ ഉപയോഗിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു. ഏക സിവിൽ കോഡിനെതിരായ സി.പി.എം ദേശീയ സെമിനാർ കോഴിക്കോട് സ്വപ്‌ന നഗരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വർഗീയ ധ്രുവീകരണത്തിനാണ് ഇപ്പോൾ ഏക സിവിൽ കോഡ് ഉയർത്തുന്നത്. രാജ്യത്ത് വൈവിധ്യവും ബഹുസ്വരതയും നിലനിർത്തേണ്ടത് അത്യാവശ്യമാണെന്നും ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ ഹനിക്കാൻ അനുവദിക്കില്ലെന്നും യെച്ചൂരി പറഞ്ഞു.
ലിംഗ സമത്വത്തിന് വ്യക്തിനിയമത്തിൽ മാറ്റം വരുത്തണം. എന്നാൽ അടിച്ചേൽപിക്കരുത്. അതത് വിഭാഗങ്ങളുമായി ചർച്ച നടത്തി വേണം വ്യക്തി നിയമം പരിഷ്‌കരിക്കാനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു സമൂഹത്തിലും ഏകപക്ഷീയമായ മാറ്റങ്ങൾ വരുത്താൻ പാടില്ല. അത് ജനാധിപത്യ രീതിയിൽ ആ സമുദായത്തിൽ വിശദമായി ചർച്ച നടത്തി മാത്രമേ പാടുള്ളൂവെന്നാണ് ഭരണഘടന വിവക്ഷ. ഈ രാജ്യത്ത് വൈവിധ്യമാർന്ന ആചാര രീതികളും വിശ്വാസവും ജീവിതക്രമങ്ങളുമൊക്കെയുണ്ട്. ഇതിനെല്ലാം ഭരണഘടന സംരക്ഷണം നൽകുന്നുണ്ട്. ഇതൊന്നും പരിഗണിക്കാതെ സാമുദായിക ഭിന്നത രൂക്ഷമാക്കുന്നതിന് വേണ്ടിയാണ് ബി ജെ പി ഇപ്പോൾ ഏക സിവിൽ കോഡ് കൊണ്ടുവരുന്നത്. ഇപ്പോൾ ഈ വിവാദം കൊണ്ടുവരുന്നത് എന്തിനാണെന്നതാണ് ഏറ്റവും പ്രധാന ചോദ്യം. ഇത് അടുത്ത വർഷത്തെ പൊതുതെരഞ്ഞെടുപ്പിൽ ഹിന്ദു-മുസ്‌ലിം വിഭാഗീയത ആളിക്കത്തിച്ച് നേട്ടമുണ്ടാക്കുകയെന്നത് മാത്രമാണ് ലക്ഷ്യം. പല വിധത്തിലുള്ള അഭ്യാസ പ്രകടനങ്ങളാണ് കേന്ദ്രം നടത്തുന്നത്. ലൗ ജിഹാദ് തടയാൻ എന്ന പേരിൽ നിയമങ്ങളുണ്ടാകി. മുസ്‌ലിംകളെ ലക്ഷൃം വെച്ച് പൗരത്വ ഭേദഗതി കൊണ്ടുവന്നു. പശു സംരക്ഷണ നിയമം കൊണ്ടുവന്ന് വർഗീയ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു. ഇത് തെരഞ്ഞെടുപ്പ് പ്രശ്‌നം മാത്രമല്ല. ഈ രാജ്യത്തിന്റെ നിലനിൽപ്പിന്നെ തന്നെ തകർക്കുന്നതാണ്. രാജ്യത്ത് വംശഹത്യ നിത്യസംഭവമാകുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തേതാണ് മണിപ്പൂരിൽ നടക്കുന്നത്. ക്രിസ്ത്യൻ-മുസ്‌ലിം-ദലിത് വിഭാഗങ്ങളെ കടന്നാക്രമിക്കുകയാണ്. ഇക്കാര്യങ്ങളിലെല്ലാം പ്രധാനമന്ത്രി മൗനം പാലിക്കുകയാണ്. മതധ്രുവീകരണങ്ങൾ ലക്ഷ്യമിട്ട് നിയമങ്ങൾ നടപ്പാക്കുകയാണ്. ഏകീകൃത സിവിൽ കോഡും ധ്രുവീകരണം ലക്ഷ്യമിട്ടാണ് ബി.ജെ.പി ചർച്ചയാക്കുന്നത്. ഇന്ത്യ നിലനിൽക്കണോ വേണ്ടയോ എന്നതിന്റെ പോരാട്ടമാണ് നടക്കുന്നത്.
യൂനിഫോമിറ്റിയും തുല്യതയും ഒന്നല്ല. പരിഷ്‌കരണങ്ങൾ നടപ്പാക്കേണ്ടത് ചർച്ചകളിലൂടെയാണ്. ഭരണഘടന അസംബ്ലിയിലെ ചർച്ചകൾ മുഖവിലക്കെടുക്കണം. എല്ലാവരെയും ഉൾക്കൊള്ളാൻ കഴിയണം ഏകപക്ഷീയമായ അടിച്ചേൽപ്പിക്കൽ അനുവദിക്കാനാകില്ല. നിയമ കമ്മിഷൻ റിപ്പോർട്ട് യു.സി.സി ഇപ്പോൾ നടപ്പാക്കുന്നതിന് എതിരാണ്. രാജ്യത്തെ ഓരോ വിഭാഗത്തിനും ഓരോ മൂല്യമുണ്ട്. സി.പി.എം സമത്വത്തെ പിന്തുണയ്ക്കുന്നു. എന്നാലത് ജനാധിപത്യപരമാകണം. വിവിധ വിഭാഗങ്ങൾക്ക് വിവിധങ്ങളായ ആചാരങ്ങളുണ്ട്. വൈവിധ്യങ്ങളെ അംഗീകരിക്കലാണ് പക്വത. ഭരണഘടന ആവശ്യപ്പെടുന്നത് വൈവിധ്യങ്ങളെ അംഗീകരിക്കാനാണെന്നും യെച്ചൂരി ഓർമിപ്പിച്ചു.