കോഴിക്കോട് - പോലീസ് ജീപ്പ് മറിഞ്ഞ് പേരാമ്പ്ര എസ്.ഐ ഉൾപ്പെടെ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. കായണ്ണ മെട്ടന്തറ ജംക്ഷനിൽ ഇന്ന് രാവിലെ 11.30-ഓടെയായിരുന്നു അപകടം. പേരാമ്പ്ര എസ്.ഐ കെ ജിതിൻ വാസ് (32), സിവിൽ പോലീസ് ഓഫീസർമാരായ കൃഷ്ണൻ (52), അനുരൂപ് (37), ദിൽഷാദ് (37) എന്നിവർക്കാണു പരുക്കേറ്റത്. കായണ്ണ മൊട്ടന്തറ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന്റെ റോഡിൽനിന്നും മൊട്ടന്തറ അങ്ങാടിയിലേക്കുള്ള ഇറക്കത്തിലാണു പോലീസ് ജീപ്പ് മറിഞ്ഞത്. പരുക്കേറ്റ പോലീസ് ഉദ്യോഗസ്ഥരെ പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.