Sorry, you need to enable JavaScript to visit this website.

കേരളത്തിലെ യൂട്യൂബർമാരിൽ മഹാഭൂരിപക്ഷവും തെമ്മാടികൾ: പി.വി അൻവർ എം.എൽ.എ

മലപ്പുറം - കേരളത്തിലെ യൂ ട്യൂബർമാർക്കെതിരേ രൂക്ഷ വിമർശവുമായി നിലമ്പൂർ എം.എൽ.എ പി.വി അൻവർ. യൂ ട്യൂബർമാരിൽ ഭൂരിപക്ഷവും സാമൂഹ്യവിരുദ്ധരും കേരളത്തിന്റെ മതസൗഹാർദം നശിപ്പിക്കുന്ന തെമ്മാടികളുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 
 'മാധ്യമങ്ങളോടോ മാധ്യമപ്രവർത്തകരോടോ എനിക്ക് യാതൊരു കലിപ്പുമില്ല. പക്ഷേ, ഇത് മറയാക്കി തെറ്റായ രീതിയിൽ മാധ്യമപ്രവർത്തനം നടത്തുന്നവരോടാണ് എതിർപ്പെന്നും അദ്ദേഹം വ്യക്തമാക്കി. യഥാർത്ഥ മാധ്യമപ്രവർത്തനം നടത്തുന്ന മാധ്യമപ്രവർത്തകരെ അങ്ങേയറ്റം ബഹുമാനിക്കുന്ന ആളാണ് ഞാൻ. കാരണം മാധ്യമങ്ങൾ ഇവിടെ വേണം. അവരുണ്ടെങ്കിൽ മാത്രമേ ജനാധിപത്യം നല്ല രീതിയിൽ മുന്നോട്ടു പോകൂ. എന്നാൽ, ഇത് മറയാക്കി, വ്യക്തിഹത്യക്കും, പണമുണ്ടാക്കാനുമുള്ള മാർഗമാക്കി മാധ്യമപ്രവർത്തനത്തെ മാറ്റുന്ന  പച്ചയായ സാമൂഹ്യവിരുദ്ധർ ഇവിടെയുണ്ട്. ഈ പറയുന്ന യൂ ട്യൂബർമാരിൽ മഹാഭൂരിപക്ഷവും സാമൂഹ്യവിരുദ്ധരാണ്. കേരളത്തിന്റെ മതസൗഹാർദത്തെ നശിപ്പിക്കുന്ന തെമ്മാടികളാണ് അവരിൽ പലരും. പണമുണ്ടാക്കുകയെന്നത് മാത്രമാണ് അവരുടെ ഉദ്ദേശം. ഒപ്പം വിവിധ സമുദായങ്ങളെ തമ്മിൽ അടിപ്പിക്കാനും വ്യൂവർഷിപ്പിനും തെറ്റായ വഴികളും തേടുന്നു. അവർക്ക് പണമുണ്ടാക്കലാണ് ലക്ഷ്യം. മുസ്‌ലിം, ഹിന്ദു, ക്രിസ്ത്യൻ തുടങ്ങിയ വിവിധ വിഭാഗങ്ങളും മറ്റും സൗഹാർദ്ദത്തോടെ കഴിയുന്ന നാട് നശിക്കുന്നതിലും തെറ്റിദ്ധരിപ്പിക്കപ്പെടുന്നതിലും അവർക്ക് യാതൊരു പ്രശ്‌നവുമില്ല. രാത്രി എട്ടുമണി കഴിഞ്ഞാൽ ഒരു വെളിവുമില്ലാത്തവരാണ് യൂട്യൂബർമാരിൽ മഹാഭൂരിപക്ഷവും. അവരുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും എടുത്തുകൊണ്ടിരിക്കുകയാണ്. ഒരു പരമ്പരയായി തന്നെ ഇവരുടെയൊക്കെ വ്യക്തിത്വം കേരളത്തിലെ ജനത കാണാൻ പോവുകയാണ്. ഞാൻ സത്യം മാത്രമേ പറയൂവെന്നാണ് ഷാജൻ സ്‌കറിയ എപ്പോഴും പറയാറ്. എന്നാൽ ഇവരൊക്കെ പറയുന്നതിൽ സത്യമെന്ന രണ്ടക്ഷരമല്ലാതെ സത്യത്തിന്റെ ഒരു കണിക പോലുമില്ലെന്നും പി.വി അൻവർ എം.എൽ.എ മാധ്യമങ്ങളോടായി പ്രതികരിച്ചു.

Latest News