Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഏകസിവിൽ കോഡ് സെമിനാർ; കോൺഗ്രസ്, മുസ്‌ലിം ലീഗ് ക്ഷണത്തിലെ ആരോപണങ്ങളിൽ പ്രതികരിച്ച് എളമരം കരീം

കോഴിക്കോട് - ഏകീകൃത സിവിൽ കോഡിനെതിരായ സി.പി.എം സെമിനാറിൽ കോൺഗ്രസിനെ ക്ഷണിക്കാതിരുന്നത് ദേശീയാടിസ്ഥാനത്തിൽ അവർക്ക് അഭിപ്രായമില്ലാത്തതിനാലാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എം.പി പറഞ്ഞു. കോഴിക്കോട്ട് നടക്കുന്ന സെമിനാറിൽ മുസ്‌ലിം ലീഗ് പങ്കെടുക്കാത്തത് ക്ഷീണമായി കരുതുന്നില്ലെന്നും സെമിനാറിനെ ലീഗ് ആക്ഷേപിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യങ്ങളോടായി പ്രതികരിച്ചു.
 ദേശീയ തലത്തിൽ ഐക്യമുണ്ടാകുമ്പോഴും കേരളത്തിൽ കോൺഗ്രസും സി.പി.എമ്മും വേറിട്ടാണ് മത്സരിക്കാറുള്ളത്. ഇവിടെ ബി.ജെ.പി ജയിക്കില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണിതെന്നും കേരളത്തിന് പുറത്ത് അങ്ങനെയല്ലെന്നും എളമരം പറഞ്ഞു.
  രാജ്യത്തിന്റെ മതനിരപേക്ഷ പൈതൃകം തച്ചുതകർക്കാനും ഭരണഘടനയെ തന്നെ അപകടത്തിലാക്കാനുമാണ് സംഘപരിവാർ ശ്രമിക്കുന്നത്. ഭരണഘടന വിഭാവനം ചെയ്യുന്ന മൗലാകാവകാശത്തിന്റെ കടക്കൽ കത്തിവെക്കാനാണിപ്പോൾ ഏകസിവിൽ കോഡിലൂടെയും മറ്റും മോഡി സർക്കാർ ശ്രമിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ല. ഏകസിവിൽ കോഡിനെതിരായ പാർട്ടിയുടെ നിലപാട് ഉയർത്തിപ്പിടിക്കുന്നതാവും പാർട്ടി സംഘടിപ്പിക്കുന്ന ദേശീയ സെമിനാർ. ഇതിലേക്ക് സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരെ ക്ഷണിച്ചിട്ടുണ്ട്. എല്ലാവരും പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. 
 കേരളത്തിലെ പ്രബല മുസ്‌ലിം സംഘടനകളാണ് സുന്നികൾ. അവരുടെ രണ്ട് സംഘടനകളായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകുന്ന സമസ്തയും സെമിനാറിൽ പങ്കെടുക്കുന്നുണ്ട്. വക്കം മൗലവിയടക്കമുള്ളവരുടെ പാരമ്പര്യമുള്ള മുജാഹിദ് വിഭാഗവും പങ്കെടുക്കുന്നുണ്ട്. ക്രിസ്ത്യൻ സഭാ നേതൃത്വം, എം.ഇ.എസ്, ആദിവാസി, ദലിത് തുടങ്ങിയ സമൂഹത്തിലെ വിവിധ നേതാക്കളും പങ്കെടുക്കുന്നുണ്ട്. എൻ.ഡി.എ പ്രതിനിധി ബി.ഡി.ജെ.എസ് നേതാവ് സന്തോഷ് അരയക്കണ്ടിയും പങ്കെടുക്കുമെന്നാണ് വിവരം. കേന്ദ്ര സർക്കാറിനെ നയിക്കുന്ന എൻ.ഡി.എയിലെ പലരും ഏകീകൃത സിവിൽ കോഡിനെ എതിർക്കുന്നുണ്ട്. അതിനാലാണ് ഏകസിവിൽ കോഡിനെ എതിർക്കുന്നവരെ ക്ഷണിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഏകീകൃത സിവിൽ കോഡിനെ കുറിച്ച് ലോ കമ്മിഷൻ അഭിപ്രായങ്ങൾ തേടിക്കൊണ്ടിരിക്കേ പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ അതിനെ അനുകൂലിക്കുന്നത് ശരിയല്ലെന്നും അത് തീരുമാനത്തെ സ്വാധീനിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
 ഇന്ന് വൈകുന്നേരം നാലിന് കോഴിക്കോട് സ്വപ്‌ന നഗരിയിലെ ട്രേഡ് സെന്ററിൽ വച്ചാണ് ദേശീയ സെമിനാർ. സി.പി.എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടം ചെയ്യുന്ന സെമിനാറിൽ ജനപ്രതിനിധികളും വിവിധ സംഘടനാ നേതാക്കളും പ്രസംഗിക്കും.

Latest News