കോഴിക്കോട് - ഏക സിവില്‍ കോഡിനെതിരെ സി പി എം സംഘടിപ്പിക്കുന്ന സെമിനാറില്‍ പാര്‍ട്ടി കേന്ദ്ര കമ്മറ്റി അംഗമായ ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജനെ പ്രത്യേകം ക്ഷണിക്കേണ്ടതില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. ആ പരിപാടിയില്‍ കേന്ദ്രകമ്മിറ്റിയംഗങ്ങളും പോളിറ്റ് ബ്യാറോ അംഗങ്ങളും പങ്കെടുക്കണം. പാര്‍ട്ടി തീരുമാനം എല്ലാവര്‍ക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. ഏക സിവില്‍ കോഡിനെതിരെ ഇന്ന് സി പി എം കോഴിക്കോട്ട് നടത്തുന്ന സെമിനാറില്‍ സി പി എം കേന്ദ്ര കമ്മറ്റി അംഗം കൂടിയായ ഇ പി ജയരാജന്‍ പങ്കെടുക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു എം വി ഗോവിന്ദന്‍. കോഴിക്കോട്ട് സെമിനാര്‍ നടക്കുന്ന സമയത്ത് തിരുവനന്തപുരത്ത് ഡി വൈ എഫ് ഐയുടെ പരിപാടിയില്‍ ഇ പി ജയരാജന്‍ പങ്കെടുക്കുന്നുണ്ട്. ഇ പി ജയരാജന്‍ എന്തുകൊണ്ടാണ് സമിനാറില്‍ പങ്കെടുക്കാത്തതെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു. കോഴിക്കോട്ടെ സെമിനാര്‍ ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട സി പി എമ്മിന്റെ ആദ്യ പരിപാടിയാണ്. ഇനിയും എല്ലാ ജില്ലകളിലും പരിപാടി സംഘടിപ്പിക്കും. ആ പരിപാടിയില്‍ ഇ പി ജയരാജന് പങ്കെടുക്കാമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.